കണ്ണൂർ: യു.ഡി.എഫ്. മന്ത്രിസഭ ചുമതലയേറ്റെടുത്ത് അധികം വൈകാതെ കണ്ണൂർ, എം.ജി. സർവകലാശാലകളിൽ പുതിയ സിൻഡിക്കേറ്റ്‌ നിലവിൽ വരും. സംഘടനകളുമായി സജീവ ബന്ധമില്ലാത്തവരെ പുതിയ സിൻഡിക്കേറ്റിലേക്ക് കൊണ്ടുവരരുതെന്ന് കോൺഗ്രസ് അനുകൂല സംഘടനാ ഭാരവാഹികൾ പാർട്ടി നേതൃത്വത്തോട് ആവശ്യപ്പെട്ടു.

To advertise here,

10 വർഷമായി ഒട്ടേറെ പ്രതിസന്ധികളിലൂടെയാണ് കടന്നുപോയതെന്ന് സംഘടനാഭാരവാഹികൾ നേതാക്കളെ അറിയിച്ചിട്ടുണ്ട്. പലപ്പോഴും സംഘടനാപ്രവർത്തനം അസാധ്യമാക്കുന്ന അവസ്ഥയുണ്ടായി. അപ്പോഴെല്ലാം മാറിനടന്നവർ യു.ഡി.എഫ്. ഭരണത്തിലെത്തിയതോടെ വളഞ്ഞ വഴിയിലൂടെ സിൻഡിക്കേറ്റിൽ ഇരിപ്പിടം നേടുന്ന സാഹചര്യമുണ്ടാകരുതെന്നാണ് അഭ്യർഥന. പുതിയ മന്ത്രിസഭ വന്നയുടൻ നിലവിലെ സിൻഡിക്കേറ്റിനെ പിരിച്ചുവിടണമെന്നും ആവശ്യപ്പെട്ടു.

കണ്ണൂർ സർവകലാശാല സിൻഡിക്കേറ്റിലേക്ക് 11 പേരെയാണ് സർക്കാരിന് നാമനിർദേശം ചെയ്യാനാകുക. ഇടതുമന്ത്രിസഭ നിലവിൽ വന്ന 2016 മുതൽ പ്രമുഖ പാർട്ടി നേതാക്കളെ സി.പി.എം. സിൻഡിക്കേറ്റിൽ ഉൾപ്പെടുത്തിയിരുന്നു. പാർട്ടിയുടെ നേരിട്ടുള്ള ഇടപെടൽ ഉറപ്പാക്കാനാണിത് ചെയ്തത്.

എന്നാൽ 2011 മുതൽ 2016 വരെയുള്ള യു.ഡി.എഫ്. സർക്കാരിന്റെ കാലത്ത് പാർട്ടിനേതാക്കളെ സിൻഡിക്കേറ്റിൽ കോൺഗ്രസ് ഉൾപ്പെടുത്തിയില്ല. അതുകൊണ്ടുതന്നെ പല നടപടികളിലും നേതൃത്വത്തിന് ഒട്ടേറെ വിമർശനം ഏറ്റുവാങ്ങേണ്ടി വന്നിരുന്നു. അതിനാൽ ഇത്തവണ പാർട്ടിനേതാക്കളെ ഉൾപ്പെടുത്തണമെന്ന അഭിപ്രായമുയർന്നിട്ടുണ്ട്. എന്നാൽ അക്കാദമിക് ബന്ധമുള്ളവരായിരിക്കണമെന്നും അഭിപ്രായമുണ്ട്.

2011-ലെ യു.ഡി.എഫ്. മന്ത്രിസഭയുടെ കാലത്ത് സിൻഡിക്കേറ്റ് രൂപവത്കരിക്കാൻ ആറുമാസമെടുത്തു. ഇത് ഒട്ടേറെ പ്രശ്നങ്ങൾക്ക് ഇടയാക്കിയിരുന്നു. അതിനാൽ ഇത്തവണ ഒരുമാസം പോലും കാലതാമസമുണ്ടാകരുതെന്ന് കോൺഗ്രസ് നേതൃത്വത്തോട് അനൗപചാരികമായി നിർദേശിച്ചിട്ടുണ്ട്. നിലവിലെ ഇടത് അനുകൂല സിൻഡിക്കേറ്റ് ഈ മാസം യോഗം ചേരുന്നുണ്ട്.

ഈ യോഗത്തിൽ നയപരമായ തീരുമാനങ്ങളെടുക്കുന്നത് ഒഴിവാക്കണമെന്ന് കോൺഗ്രസ് അനുകൂല സംഘടനാപ്രതിനിധികൾ വൈസ് ചാൻസലറെ കണ്ട് ആവശ്യപ്പെട്ടു.