കോഴിക്കോട്: ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കര്‍ക്കെതിരേ പ്രതിഷേധവുമായി എസ്എഫ്‌ഐ. കണ്ണൂരും കോഴിക്കോട്ടും എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ ചൊവ്വാഴ്ച പ്രതിഷേധവുമായെത്തി. കണ്ണൂര്‍ സര്‍വകലാശാല ആസ്ഥാനത്ത് എസ്എഫ്‌ഐ നടത്തിയ മാര്‍ച്ച് സംഘര്‍ഷത്തില്‍ കലാശിച്ചു.

To advertise here,

കണ്ണൂരിലെ പ്രതിഷേധമാര്‍ച്ച് പോലീസ് ബാരിക്കേഡ് ഉപയോഗിച്ച് തടഞ്ഞെങ്കിലും പ്രവര്‍ത്തകര്‍ പിന്മാറാന്‍ തയ്യാറായില്ല. പോലീസ് ജലപീരങ്കി പ്രയോഗിച്ചിട്ടും ഫലമുണ്ടായില്ല. പ്രവര്‍ത്തകര്‍ പിരിഞ്ഞുപോകാതെ സ്ഥലത്ത് തുടരുകയായിരുന്നു. പിന്നാലെ ബാരിക്കേഡ് മറികടന്ന് ഒരു വിഭാഗം പ്രവര്‍ത്തകര്‍ സര്‍വകലാശാല ആസ്ഥാനത്തിന് അകത്തേക്ക് പ്രവേശിച്ചു. സര്‍വകലാശാലയുടെ ഗേറ്റിന് അകത്തും പുറത്തും നിന്ന് പ്രവര്‍ത്തകര്‍ മുദ്രാവാക്യം മുഴക്കുകയാണ്. 

സര്‍വകലാശാലകളെ കാവിവത്കരിക്കുന്നുവെന്ന് ആരോപിച്ചാണ് ഗവര്‍ണര്‍ക്കെതിരേ എസ്എഫ്‌ഐ പ്രതിഷേധം നടത്തുന്നത്. കഴിഞ്ഞദിവസം കണ്ണൂരിലെത്തിയ ഗവര്‍ണര്‍ വി.സി.യുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്തിരുന്നു. 

കാലിക്കറ്റ് സര്‍വകലാശാലയിലേക്ക് എസ്എഫ്‌ഐ നടത്തിയ മാര്‍ച്ചും സംഘര്‍ഷത്തില്‍ കലാശിച്ചു. പോലീസ് മാര്‍ച്ച് തടഞ്ഞെങ്കിലും പ്രവര്‍ത്തകര്‍ പിരിഞ്ഞുപോയില്ല. ഉന്തും തള്ളുമുണ്ടായി. പ്രതിഷേധം ശക്തമായി തുടരുകയാണ് എസ്എഫ്‌ഐ പ്രവര്‍ത്തകര്‍.