കണ്ണൂർ: തീക്കട്ടയിൽ ഉറുമ്പരിച്ചു. കണ്ണൂർ സൈബർ പോലീസ് ഓഫീസ് മുറ്റത്തുനിന്ന് പോലീസ് ജീപ്പ് മോഷ്ടിച്ചു. മൊബൈൽ ഫോൺ നഷ്ടപ്പെട്ടെന്ന പരാതി പറയാനെത്തിയ ആളാണ് പോലീസ് ജീപ്പ് മോഷ്ടിച്ച് കടന്നത്. കണ്ണൂർ നഗരമധ്യത്തിലാണ് സൈബർ സ്റ്റേഷൻ. നാട്ടുകാർ വിവരമറിയിച്ചതനുസരിച്ച് പോലീസ് പ്രതിയെ പിടികൂടി. തൃശ്ശൂർ ചാവക്കാട് തൊഴിയൂർ സ്വദേശി കല്ലുവളപ്പിൽ ഹംസത്തി(49)നെയാണ് ടൗൺ പോലീസ് അറസ്റ്റുചെയ്തത്. നാട്ടുകാരാണ് പ്രതിയെ വലയിലാക്കാൻ സഹായിച്ചത്.

To advertise here,

ശനിയാഴ്ച പുലർ‌ച്ച 1.15-നാണ് സംഭവം. മൊബൈൽ ഫോൺ നഷ്ടപ്പെട്ടുവെന്നും കണ്ടുപിടിച്ചുതരണമെന്നും പരാതി പറയാൻ ടൗൺ പോലീസ് സ്റ്റേഷനിൽ എത്തിയതായിരുന്നു ഹംസത്ത്. മദ്യലഹരിയിലായിരുന്നു. വിവരങ്ങൾ ശേഖരിച്ചശേഷം തൊട്ടടുത്ത കെട്ടിടത്തിൽ പ്രവർത്തിക്കുന്ന സൈബർ ക്രൈം പോലീസ് സ്റ്റേഷനിൽ പരാതി നൽകാൻ പോലീസ് ആവശ്യപ്പെട്ടു. സൈബർ പോലീസ് സ്റ്റേഷനിലെത്തിയെങ്കിലും ഗേറ്റ് അടച്ചനിലയിലായിരുന്നു. ഓഫീസിന്റെ വാതിലടച്ച് വിളക്കുകൾ അണച്ചിരുന്നു. പലതവണ അധികൃതരെ വിളിച്ചെങ്കിലും പ്രതികരണമൊന്നും ഇല്ലാത്തതിനെ തുടർന്ന് തിരിച്ച് ഇറങ്ങുന്നതിനിടെയാണ് മുറ്റത്ത് നിർത്തിയിട്ടിരിക്കുന്ന പോലീസ് വാഹനം ശ്രദ്ധയിൽപ്പെട്ടത്. ജീപ്പിനകത്ത് താക്കോലുമുണ്ടായിരുന്നു. വാഹനം സ്റ്റാർട്ടാക്കി റോഡിലിറക്കി. ജീപ്പുമായി കടന്നുകളഞ്ഞ പ്രതി ഉത്തരമേഖലാ ഡി.െഎ.ജി.യുടെ ഓഫീസിന് മുന്നിലൂടെ നേരെ പോയത് മുനീശ്വരൻ കോവിലിന് സമീപത്തെ പെട്രോൾ പമ്പിലേക്കായിരുന്നു. ഇവിടെനിന്ന്‌ ഇന്ധനം നിറയ്ക്കാൻ ആവശ്യപ്പെട്ടു. ബില്ല് പോലീസിന്റ അക്കൗണ്ടിൽ ചേർത്താൽ മതിയെന്ന് നിർദേശം നൽകി.

പെട്രോളടിച്ച് വാഹനം 500 മീറ്റർ‌ അകലെ ശ്രീനാരായണ പാർക്കിന് സമീപത്തെ തട്ടുകടയിലെത്തി. മുഷിഞ്ഞ വസ്ത്രം ധരിച്ചിരുന്ന ഇയാൾ പോലീസ് വാഹനം ഓടിച്ചെത്തിയതും മദ്യലഹരിയിൽ എന്തൊക്കെയോ വിളിച്ചുപറഞ്ഞതും ഹോട്ടൽ ജീവനക്കാരിലും സമീപത്തുണ്ടായിരുന്നവരിലും സംശയമുണർത്തി. ഇവർ ജീപ്പിന്റെ താക്കോൽ പിടിച്ചുവാങ്ങി. താങ്കൾ പോലീസാണോയെന്ന ചോദ്യത്തിന് അല്ലെന്നായിരുന്നു മറുപടി. തുടർന്ന് ഹോട്ടൽ ജീവനക്കാർ ടൗൺ പോലീസിൽ വിവരമറിയിക്കുകയായിരുന്നു. പോലീസ് ഉടൻ സ്ഥലത്തെത്തി പ്രതിയെ കസ്റ്റഡിയിലെടുത്തു. അഞ്ചുമാസം മുൻപാണ് ഇയാൾ കണ്ണൂരിലെത്തിയത്. നഗരത്തിലെ സ്വകാര്യ റിസോർട്ടിലെ ജീവനക്കാരനാണ്.