പിണറായി(കണ്ണൂര്‍): ഡോക്ടര്‍മാര്‍ മരിച്ചെന്ന് വിധിയെഴുതി മോര്‍ച്ചറിയിലേക്ക് മാറ്റുംവഴി തലനാരിഴയ്ക്ക് ജീവന്‍ തിരിച്ചുപിടിച്ച പവിത്രന്‍ ഒടുവില്‍ മരണത്തിന് കീഴടങ്ങി. പാച്ചപ്പൊയ്ക വനിതാ ബാങ്കിന് സമീപം 'പവിത്ര'ത്തില്‍ വെള്ളുവക്കണ്ടി പവിത്രന്‍ (67) തിങ്കളാഴ്ച മരിച്ചു.
പക്ഷാഘാതവും ശ്വാസകോശ സംബന്ധമായ അസുഖവും കാരണം മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന പവിത്രന്‍ വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് ജീവന്‍ നിലനിര്‍ത്തിയിരുന്നത്. ജീവിതത്തിലേക്ക് മടങ്ങാന്‍ ഒരു സാധ്യതയുമില്ലെന്ന് ഡോക്ടര്‍മാരും വിധിയെഴുതി. ജനുവരി 13-ന് വെന്റിലേറ്ററിന്റെ സഹായം ഒഴിവാക്കി.
ഇതോടെ മരിച്ചെന്നുകരുതി നാട്ടില്‍ സംസ്‌കാരച്ചടങ്ങുകള്‍ക്കുള്ള ഏര്‍പ്പാടും നടത്തി. സംസ്‌കാരസമയവും സ്ഥലവും സമയവും ഉള്‍പ്പെടെ ചില മാധ്യമങ്ങളില്‍ വാര്‍ത്തയും വന്നു.
എന്നാല്‍ മംഗളൂരുവില്‍നിന്ന് ആംബുലന്‍സില്‍ നാട്ടിലേക്ക് മടങ്ങുംവഴി കണ്ണൂരിലെ സഹകരണ ആസ്പത്രിയിലെ മോര്‍ച്ചറിയിലേക്ക് മാറ്റുന്നതിനിടെയാണ് ആശുപത്രിയിലെ അറ്റന്‍ഡര്‍ ജയനും ബന്ധുവായ സി.അര്‍ജുനനും പവിത്രന്റെ കൈയനക്കവും തൊണ്ടയിലെ അനക്കവും ശ്രദ്ധിച്ചത്.
ഡോക്ടര്‍മാരുടെ സംഘം ഉടനെത്തി പവിത്രന് ജീവനുണ്ടെന്ന് സ്ഥിരീകരിച്ചു. തുടര്‍ന്ന് തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ച പവിത്രന്‍ ദിവസങ്ങള്‍ക്കുശേഷം ബന്ധുക്കളെ തിരിച്ചറിഞ്ഞു. ആഴ്ചകള്‍ക്കുശേഷം ആശുപത്രിവിട്ട് വീട്ടിലെത്തി ദിവസങ്ങള്‍ക്ക് ശേഷമാണ് മരണത്തിന് കീഴടങ്ങിയത്. സംസ്‌കാരം ചൊവ്വാഴ്ച രാവിലെ ഒന്‍പതിന് പന്തക്കപ്പാറ പ്രശാന്തിയില്‍.
അച്ഛന്‍: പരേതരായ പുത്തലോന്‍ കുന്നത്ത് വാസു. അമ്മ: വി.കെ.ദേവകി. ഭാര്യ: സുധ (വക്കീല്‍ ഓഫീസ്, തലശ്ശേരി), സഹോദരങ്ങള്‍: പുഷ്പ (പൊട്ടന്‍പാറ, അധ്യാപിക, കതിരൂര്‍ വെസ്റ്റ് എല്‍.പി. സ്‌കൂള്‍), രഘുനാഥന്‍ (വിദേശം), സഗുണ (ജില്ലാ ബാങ്ക്).
Content Highlights: A man in Kannur,declared dead by doctors, was revived after showing signs of life in a mortuary
Published: 11 Feb 2025, 07:34 am IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented