കണ്ണൂർ: പയ്യന്നൂരിലെ ഫണ്ട് വിവാദത്തിൽ വീണ്ടും വിശദീകരണവുമായി സിപിഎം ജില്ലാ സെക്രട്ടറി കെ.കെ. രാഗേഷ്. 92 ലക്ഷത്തോളം രൂപ പാർട്ടിക്ക് നഷ്ടമായെന്ന് വി. കുഞ്ഞികൃഷ്ണൻ പറയുന്നത് അദ്ദേഹത്തിന്റെ ഭാവനാവിലാസമാണെന്നും പാർട്ടിക്ക് ഒരു രൂപ പോലും നഷ്ടമായിട്ടില്ലെന്നും ജില്ലാ സെക്രട്ടറി പറഞ്ഞു. വി. കുഞ്ഞികൃഷ്ണന്റെ പുസ്തകത്തിൽ നിറഞ്ഞുനിൽക്കുന്നത് സിപിഎം നേതാവായ ടി.ഐ. മധുസൂദനനോടുള്ള പകയാണെന്നും കെ.കെ. രാഗേഷ് ആരോപിച്ചു.
ധനരാജ് രക്തസാക്ഷി ഫണ്ടിന്റെ വരവുചെലവ് കണക്ക് ഓഡിറ്റർമാർ പരിശോധിച്ച് പാർട്ടി അംഗീകരിച്ചതാണ്. ആ കണക്ക് പാർട്ടി ഏരിയ കമ്മിറ്റി അംഗീകരിച്ചിട്ടുണ്ട്. അത് പാർട്ടി മെമ്പർമാരോടും പറഞ്ഞിട്ടുണ്ട്. അവരോടെ പറയേണ്ടതുള്ളൂ. പാർട്ടി മെമ്പർമാരിൽനിന്നും പാർട്ടിയുമായി ബന്ധപ്പെട്ട സഹകരണ ജീവനക്കാരിൽനിന്നും മാത്രമാണ് ധനരാജ് രക്തസാക്ഷി ഫണ്ടിലേക്ക് പണം ശേഖരിച്ചത്. പൊതുജനങ്ങളിൽനിന്ന് ഫണ്ട് ശേഖരിച്ചിട്ടില്ലെന്നും ജില്ലാ സെക്രട്ടറി വ്യക്തമാക്കി. പാർട്ടി അംഗീകരിച്ച കണക്ക് മാധ്യമങ്ങൾക്ക് മുന്നിൽ അവതരിപ്പിക്കില്ല. എന്നാൽ, നിലവിൽ ഇതുസംബന്ധിച്ച് തെറ്റിദ്ധരിപ്പിച്ച സാഹചര്യത്തിൽ എല്ലാ ബൂത്തുകളിലും അനുഭാവികളുടെ യോഗവും കുടുംബസംഗമങ്ങളും സംഘടിപ്പിക്കും. ഈ യോഗങ്ങളിൽ കണക്ക് അവതരിപ്പിക്കുമെന്നും ജില്ലാ സെക്രട്ടറി പറഞ്ഞു.
വി. കുഞ്ഞികൃഷ്ണന്റെ പുസ്തകപ്രകാശനം സിപിഎം വിരുദ്ധരുടെ സംഗമമായിരുന്നു. ജോസഫ് സി. മാത്യു അടക്കമുള്ള സിപിഎം വിരുദ്ധരായവരെ ഉൾക്കൊള്ളിച്ചാണ് പയ്യന്നൂരിൽ പുസ്തക പ്രകാശനം സംഘടിപ്പിച്ചത്. അവരൊക്കെ പതിറ്റാണ്ടുകളായി സിപിഎം വിരുദ്ധരാണ്. ടി.ഐ. മധുസൂദനനെ വ്യക്തിപരമായി ലക്ഷ്യംവെച്ചാണ് വി. കുഞ്ഞികൃഷ്ണന്റെ പുസ്തകം പുറത്തിറക്കിയിരിക്കുന്നത്. അദ്ദേഹത്തോട് പക മൂത്ത് അന്ധത ബാധിച്ചാണ് പുസ്തകം പുറത്തുവന്നിട്ടുള്ളത്. ടി.ഐ. മധുസൂദനനെ ആക്രമിക്കുന്നതിനും അധിക്ഷേപിക്കുന്നതിനും പലതും എഴുതിച്ചേർത്തിരിക്കുന്നു.
മധുസൂദനനോടുള്ള പക കാരണം പല കാര്യങ്ങളും കുഞ്ഞികൃഷ്ണൻ പാർട്ടിക്കകത്ത് ഉന്നയിച്ചിരുന്നു. ആ ഉന്നയിച്ച കാര്യങ്ങൾ മിക്കവാറും പാർട്ടിക്ക് അംഗീകരിക്കാൻ കഴിയുന്നതായിരുന്നില്ല. ചിലത് അംഗീകരിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ നിർദേശപ്രകാരം മൂന്ന് ഓഡിറ്റർമാരെ നിയമിച്ചു. ആ ഓഡിറ്റർമാർ കണക്ക് പരിശോധിച്ചു. ഓരോ രസീതിവെച്ചും പരിശോധന നടത്തി. കുഞ്ഞികൃഷ്ണൻ അവതരിപ്പിച്ച കണക്കല്ല ശരിയെന്ന് അവർ ചൂണ്ടിക്കാട്ടി. ഓഡിറ്റർമാർ തയ്യാറാക്കിയ കണക്ക് പാർട്ടി അംഗീകരിച്ചു. 92 ലക്ഷം നഷ്ടപ്പെട്ടതെന്നത് ഭാവനാവിലാസമാണ്. ഒരുരൂപ പോലും പാർട്ടിക്ക് നഷ്ടപ്പെട്ടിട്ടില്ല.
മാധ്യമങ്ങൾ ജനങ്ങളെ പ്രതിനിധീകരിക്കുന്നവരല്ല. മാധ്യമങ്ങളോട് കണക്ക് പറയാൻ പറ്റില്ലെന്ന് പറഞ്ഞിട്ടില്ല. ചില ചാനലുകളോട് ഞാൻ ഇത് പറയേണ്ട കാര്യമില്ലെന്നാണ് പറഞ്ഞത്. പൊതുജനങ്ങളോട് പറയേണ്ടകാര്യമില്ലെന്ന് പറഞ്ഞിട്ടില്ല.
സാധാരണനിലയിൽ പാർട്ടി വരവുചെലവ് കണക്കുകൾ പാർട്ടി കമ്മിറ്റിയിലാണ് അവതരിപ്പിക്കാറുള്ളത്. ജനങ്ങൾ ആവശ്യപ്പെട്ടാൽ വേണമെങ്കിൽ കൊടുക്കും. ഏതെങ്കിലും പാർട്ടിയുടെ വരവുചെലവ് കണക്ക് നോട്ടീസിൽ പ്രസിദ്ധീകരിക്കുന്നത് കണ്ടിട്ടുണ്ടോ.
പാർട്ടി അംഗങ്ങളിൽനിന്നും പാർട്ടിയുമായി ബന്ധപ്പെട്ട സഹകരണ ജീവനക്കാരിൽനിന്നുമാണ് ധനരാജ് രക്ഷസാക്ഷി ഫണ്ട് ശേഖരിച്ചത്. ബഹുജനങ്ങളിൽനിന്ന് പണം ശേഖരിച്ചിട്ടില്ല. അത് സംബന്ധിച്ച് വിവാദം ഉയർന്നപ്പോൾ ഓഡിറ്റർമാർ ഇത് പരിശോധിച്ചു. ഏരിയ കമ്മിറ്റി ഇത് പരിശോധിച്ച് വരവുചെലവ് കണക്ക് അംഗീകരിച്ചു. കുഞ്ഞികൃഷ്ണന്റെ പരാതിയും അതിനെക്കുറിച്ച് ഓഡിറ്റർമാർ നടത്തിയ പരിശോധനയുടെ കണക്കും പരിശോധിച്ച് അംഗീകരിച്ചു.
വി. കുഞ്ഞികൃഷ്ണൻ നിങ്ങളുടെ മുന്നിൽ തരംതാണവിധത്തിലാണ് കാര്യങ്ങൾ പറഞ്ഞത്. പുസ്തകം പ്രസിദ്ധീകരിക്കുന്നതിന് മുൻപ് കണക്ക് വിടണമെന്ന് പറഞ്ഞു. പാർട്ടിയുടെ വിവിധ കമ്മിറ്റികൾ അംഗീകരിച്ച കണക്ക് ജില്ലാ സെക്രട്ടറിക്ക് മാറ്റിയെഴുതാൻ പറ്റുമോ.
ഏരിയ കമ്മിറ്റി അംഗീകരിച്ച കണക്ക് പാർട്ടി മെമ്പർമാരോട് പറഞ്ഞിട്ടുണ്ട്. അവരോടെ പറയേണ്ടതുള്ളൂ. ഫണ്ട് ശേഖരിച്ചത് അവരിൽനിന്നാണ്. ഇതിന്റെ പേരിൽ തെറ്റിദ്ധരിപ്പിച്ച സാഹചര്യത്തിൽ എല്ലാ ബൂത്തുകളിലെയും അനുഭാവി യോഗത്തിലും വരവുചെലവ് കണക്ക് അവതരിപ്പിക്കും. ആ കുടുംബസംഗമങ്ങളിലേക്ക് എല്ലാവരെയും ക്ഷണിക്കും. അതിൽ അവതരിപ്പിക്കും. മാധ്യമങ്ങൾക്ക് മുൻപാകെ കണക്ക് അവതരിപ്പിക്കില്ല. ജനങ്ങളുടെ മുൻപാകെ അവതരിപ്പിക്കും'', കെ.കെ. രാഗേഷ് വിശദീകരിച്ചു.
Content Highlights: CPM District Secretary K.K. Ragesh addresses Kannur fund controversy, refutes Rs 92 lakh loss claims, and explains Dhanaraj Martyrdom Fund accounting.
Published: 06 Feb 2026, 04:49 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented