
കാഞ്ഞങ്ങാട്: മന്‍സൂര്‍ നഴ്സിങ് സ്കൂളിലെ വിദ്യാര്‍ഥിനി ആത്മഹത്യയ്ക്ക് ശ്രമിച്ച സംഭവത്തില്‍ പ്രതിഷേധം ആളിക്കത്തി. തിങ്കളാഴ്ച മന്‍സൂര്‍ ആസ്പത്രിയിലേക്ക് യൂത്ത് കോണ്‍ഗ്രസ്, എസ്.എഫ്.ഐ., എ.ബി.വി.പി. പ്രവര്‍ത്തകര്‍ നടത്തിയ മാര്‍ച്ച് ലാത്തിച്ചാര്‍ജിലും സംഘര്‍ഷത്തിലും കലാശിച്ചു. ലാത്തിയടിയേറ്റ് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി ജോമോന് ജോസിന്റെ തലപൊട്ടി ചോരയൊഴുകി. ആദ്യം എസ്.എഫ്.ഐ.ക്കാരാണ് പ്രതിഷേധവുമായെത്തിയത്
പ്രതിഷേധയോഗത്തിനുശേഷം പ്രവർത്തകർ ആസ്പത്രിയിലേക്ക് ഇരച്ചുകയറിയതോടെ പോലീസ് ലാത്തിവീശി. ജില്ലാ നേതാക്കളുൾപ്പെടെയുള്ളവർക്കും നിരവധിപേർക്കും പോലീസുകാർക്കും പരിക്കേറ്റു. പിന്നാലെയെത്തിയ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ ആസ്പത്രി കവാടത്തിൽ പോലീസ് തടഞ്ഞതോടെ സംഘർഷമായി. ലാത്തിയടിയേറ്റ് ജോമോന് പുറമേ നിരവധി യൂത്ത് കോൺഗ്രസ് പ്രവർത്തകർക്ക് പരിക്കേറ്റു. ഇതിനിടെ മതിൽ ചാടിക്കടന്ന് അഞ്ച് എ.ബി.വി.പി. പ്രവർത്തകർ ആസ്പത്രിയിലേക്ക് കയറി. പോലീസ് വളഞ്ഞിട്ട് മർദിച്ചശേഷം അഞ്ചുപേരെയും അറസ്റ്റുചെയ്തു.
പോലീസിന്റെ കൃത്യനിർവഹണം തടസ്സപ്പെടുത്തുകയും ആസ്പത്രിയിലേക്ക് കയറാൻ ശ്രമിക്കുകയും ചെയ്തതിന് അൻപതോളം എസ്.എഫ്.ഐ.ക്കാർക്കെതിേരയും 25 ഓളം യൂത്ത് കോൺഗ്രസുകാർക്കെതിരേയും ഹൊസ്ദുർഗ് പോലീസ് കേസെടുത്തിട്ടുണ്ട്. ശനിയാഴ്ചയാണ് വിദ്യാർഥിനി നഴ്സിങ് സ്കൂളിലെ ഹോസ്റ്റൽമുറിയിൽ ആത്മഹത്യയ്ക്ക് ശ്രമിച്ചത്. മംഗളൂരു ആസ്പത്രിയിൽ അതീവ ഗുരുതരനിലയിൽ കഴിയുകയാണ് വിദ്യാർഥിനി. സംഭവത്തിൽ പ്രതിഷേധിച്ച് സഹപാഠികൾ ഒന്നടങ്കം ഞായറാഴ്ച സമരരംഗത്തായിരുന്നു. ഹോസ്റ്റൽ വാർഡൻ മോശമായി പെരുമാറിയെന്നാണ് വിദ്യാർഥിനികളുടെ ആരോപണം.
സംഘർഷഭൂമിയായി ആസ്പത്രി പരിസരം
വിദ്യാർഥി-യുവജന സംഘടനാ പ്രവർത്തകരുടെ പ്രതിഷേധവും പോലീസ് ലാത്തിച്ചാർജും മൻസൂർ ആസ്പത്രി പരിസരവും സമീപത്തെ കവലയുമെല്ലാം സംഘർഷഭൂമിയായി. തിങ്കളാഴ്ച രാവിലെമുതൽ കനത്ത പോലീസ് കാവലായിരുന്നു ആസ്പത്രിക്കു മുൻപിൽ. ആസ്പത്രിയുടെ മുൻഭാഗത്തെ രണ്ടുകവാടവും പോലീസ് അടച്ചു.
രോഗികളുമായി വാഹനങ്ങളെത്തുമ്പോൾ ഇടയ്ക്കിടെ ഒരു ഗേറ്റ് തുറന്നുകൊടുത്തിരുന്നു. ഗേറ്റ് തുറക്കുന്ന സമയത്തെല്ലാം പ്രവർത്തകർ പ്രതിഷേധവുമായി ഇരച്ചുകയറുകയായിരുന്നു. കാഞ്ഞങ്ങാട് ഡിവൈ.എസ്.പി. ബാബു പെരിങ്ങേത്തിന്റെയും ഹൊസ്ദുർഗ് ഇൻസ്പെക്ടർ പി. അജിത്കുമാറിന്റെയും നേതൃത്വത്തിൽ വിവിധ പോലീസ് സ്റ്റേഷനുകളിൽനിന്നും എ.ആർ. ക്യാമ്പിൽനിന്നുമായി 60 ഓളം പോലീസുകാരാണ് ആസ്പത്രിക്ക് മുന്നിലുണ്ടായിരുന്നത്. പ്രതിഷേധവും സംഘർഷവും ആസ്പത്രിക്കു മുന്നിലെ സംസ്ഥാനപാതയിൽ ഗതാഗതക്കുരുക്കിനുമിടയാക്കി.
എസ്.എഫ്.ഐ.ക്കാരെ വളഞ്ഞിട്ടുതല്ലി
പ്രകടനമായെത്തിയ എസ്.എഫ്.ഐ. പ്രവർത്തകരെ പോലീസ് ഒന്നാം ഗേറ്റിൽ തടഞ്ഞു. തുടർന്ന് നടന്ന പ്രതിഷേധയോഗം എസ്.എഫ്.ഐ. സംസ്ഥാന കമ്മിറ്റിയംഗം വിഷ്ണു ചേരിപ്പാടി ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ഋഷിതാ പവിത്രൻ അധ്യക്ഷയായി. സെക്രട്ടറി കെ. പ്രണവ്, പ്രവിഷാ പ്രമോദ് എന്നിവർ സംസാരിച്ചു. പ്രതിഷേധയോഗം കഴിഞ്ഞ് പിരിഞ്ഞുപോകാതെ മുദ്രാവാക്യം വിളിച്ചുനിന്ന പ്രവർത്തകർ പെട്ടെന്ന് രണ്ടാം ഗേറ്റിലൂടെ ആസ്പത്രി കോമ്പൗണ്ടിലേക്കു കടന്നു. ഇതോടെ പോലീസ് ലാത്തിവീശി. പോലീസും പ്രവർത്തകരും തമ്മിലുള്ള പിടിവലിക്കിടെ ചില പോലീസുകാരുടെ ലാത്തി പൊട്ടി.
പ്രവർത്തകരിൽ ചിലർ നിലത്തുവീണു. ഒന്നിലേറെ പ്രവർത്തകരെ പോലീസ് വളഞ്ഞിട്ട് തല്ലി. അരമണിക്കൂറോളം തുടർന്ന സംഘർഷത്തിനൊടുവിൽ മുഴുവൻ പ്രവർത്തകരെയും പുറത്താക്കി പോലീസ് ഗേറ്റ് അടച്ചു. സംഘർഷത്തിനിടെ എസ്.എഫ്.ഐ. ജില്ലാ ജോയിന്റ് സെക്രട്ടറി കെ. അനുരാഗ്, ജില്ലാ വൈസ് പ്രസിഡന്റുമാരായ അഭിനാൻ, പി. ഇമ്മാനുവൽ, കാസർകോട് ഏരിയാ പ്രസിഡന്റ് അനുരാജ്, ചെറുവത്തൂർ ഏരിയാ സെക്രട്ടറി പി. അഭിചന്ദ്, എളേരി ഏരിിയാ സെക്രട്ടറി അജിത് ചന്ദ്രൻ, തൃക്കരിപ്പൂർ ഏരിയാ പ്രസിഡൻ് കാർത്തിക് എന്നിവർക്ക് പരിക്കേറ്റു. കാഞ്ഞങ്ങാട് സഹകരണ ആസ്പത്രിയിലും ഐഷാൽ ആസ്പത്രിയിലുമായി ഇവർ ചികിത്സ തേടി.
യൂത്ത് കോൺഗ്രസുകാരെ പോലീസ് തല്ലിച്ചതച്ചു
:പ്രതിഷേധവുമായെത്തിയ യൂത്ത് കോൺഗ്രസുകാരെ ആസ്പത്രിക്കവാടത്തിന് മുന്നിൽ പോലീസ് തടഞ്ഞു. പോലീസുകാരെ തള്ളിമാറ്റി മുന്നേറാനുള്ള പ്രവർത്തകരുടെ ശ്രമം ആദ്യം ഉന്തും തള്ളിലേക്കും ബലപ്രയോഗത്തിലേക്കുമെത്തി. പ്രവർത്തകർ പിൻമാറാതായതോടെ പോലീസ് ലാത്തിവീശി. ഇതിനിടെയാണ് ജോമൻ ജോസിന്റെ തലപൊട്ടിയത്. ഇതോടെ പ്രവർത്തകർ കൂടുതൽ പ്രതിഷേധത്തിലായി.
ജില്ലാ പ്രസിഡന്റ് കെ.ആർ. കാർത്തികേയൻ, ജില്ലാ മുൻ പ്രസിഡന്റും ഡി.സി.സി. വൈസ് പ്രസിഡന്റുമായ ബി.പി. പ്രദീപ്കുമാർ എന്നിവരുൾപ്പടെ നിരവധിപേർക്ക് അടിയേറ്റു. പരിക്കേറ്റ ജോമോൻ ജോസിനേയും ജില്ലാ സെക്രട്ടറി മാർട്ടിൻ ജോർജ്, കാഞ്ഞങ്ങാട് നിയോജകമണ്ഡലം പ്രസിഡന്റ് ഷിബിൻ ഉപ്പിലിക്കൈ, കാഞ്ഞങ്ങാട് മണ്ഡലം പ്രസിഡന്റ് എച്ച്.ആർ. വിനീത്, നീലേശ്വരം മണ്ഡലം പ്രസിഡന്റ് അനൂപ് ഓർച്ച, കാസർകോട് മണ്ഡലം മുൻ പ്രസിഡന്റ് ഷാഹിദ് പുലിക്കുന്ന് എന്നിവരെയും കാഞ്ഞങ്ങാട് ദീപ ആസ്പത്രിയിൽ പ്രവേശിപ്പിച്ചു.
മതിൽ ചാടിക്കടന്ന് എ.ബി.വി.പി.ക്കാർ
കാവാടത്തിനരികിലും ആസ്പത്രിക്കു മുൻപിലുള്ള മറ്റിടങ്ങളിലും പോലീസ് നിൽക്കവെ, മതിൽ ചാടിക്കടന്ന് എ.ബി.വി.പി. പ്രവർത്തകർ കോമ്പൗണ്ടിലെത്തി. ആസ്പത്രിയിലേക്കു കയറിയപ്പോഴേക്കും പിന്നാലെയെത്തിയ പോലീസുകാർ ഇവരെ പിടിച്ചു. എ.ബി.വി.പി.ക്കാരെയും പോലീസ് വളഞ്ഞിട്ട് അടിച്ചു. ജില്ലാ സെക്രട്ടറി കുറ്റിക്കോലിലെ എം.എം. ശിവദാസ് (24), സംസ്ഥാന കമ്മിറ്റിയംഗം കാഞ്ഞങ്ങാട് ഒഴിഞ്ഞ വളപ്പിലെ ബി. വിഷ്ണു (23), പ്രവർത്തകരായ ചെർക്കളയിലെ കെ.ജി. മനോജ്കുമാർ (24), പടന്നയിലെ എ.ബി. അബിൻ (21), മാണിക്കോത്തെ പ്രനിത്ത് ചന്ദ്രൻ (20) എന്നിവരെ ഹൊസ്ദുർഗ് പോലീസ് അറസ്റ്റുചെയ്ത് ജാമ്യത്തിൽ വിട്ടു.
യൂത്ത് കോൺഗ്രസ് ഇന്ന് ഡിവൈ.എസ്.പി. ഓഫീസ് മാർച്ച് നടത്തും
മൻസൂർ ആസ്പത്രിക്ക് മുന്നിൽ പ്രകടനവുമായെത്തിയ പ്രവർത്തകരെ പോലീസ് തല്ലിച്ചതച്ചതിലും നഴ്സിങ് വിദ്യാർഥിനിയുടെ ആത്മഹത്യശ്രമവുമായി ബന്ധപ്പെട്ട് ക്രിയാത്മകമായ നടപടി കൈക്കൊള്ളാത്തതിലും പ്രതിഷോധിച്ച് യൂത്ത് കോൺഗ്രസ് ജില്ലാ കമ്മിറ്റി ചൊവ്വാഴ്ച കാഞ്ഞങ്ങാട് ഡിവൈ.എസ്.പി. ഓഫീസിലേക്കു മാർച്ച് നടത്തും. രാവിലെ 10-ന് കാഞ്ഞങ്ങാട് നഗരത്തിൽനിന്ന് പ്രകടനം തുടങ്ങുമെന്ന് ജില്ലാ പ്രസിഡന്റ് കെ.ആർ. കാർത്തികേയൻ പറഞ്ഞു.
സമഗ്ര അന്വേഷണം നടത്തണം
ഹോസ്റ്റൽ വാർഡനും മാനേജ്മെന്റും ആരോപണവിധേയരായ സാഹചര്യത്തിൽ സമഗ്രമായ അന്വേഷണം നടത്തണമെന്നും കുറ്റക്കാർക്കെതിരേ ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തി കേസെടുക്കണമെന്നും ഡി.സി.സി. പ്രസിഡന്റ് പി.കെ. ഫൈസലും വൈസ് പ്രസിഡന്റ് ബി.പി. പ്രദീപ്കുമാറും ആവശ്യപ്പെട്ടു. സമഗ്ര അന്വേഷണം വേണമെന്ന് എ.ഐ.വൈ.എഫ്. ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു.
പോലീസുകാർക്കും പരിക്കേറ്റു
വിവിധ സംഘടനകൾ മൻസൂർ ആസ്പത്രിക്ക് മുൻപിൽ നടന്ന മാർച്ചിനിടെയുണ്ടായ സംഘർഷത്തിൽ വെള്ളരിക്കുണ്ട് സ്റ്റേഷനിലെ എ.എസ്.ഐ. ഷക്കീനത്ത്, പോലീസുകാരായ നീലേശ്വരം സ്റ്റേഷനിലെ കെ.പി.അജിത്ത്, ഹൊസ്ദുർഗിലെ കെ.വിനീഷ്, ചീമേനിയിലെ വി.കെ.സുരേഷ് എന്നിവർക്ക് പരിക്കേറ്റു.
Content Highlights: Kannur Hospital Protest Turns Violent
Published: 10 Dec 2024, 07:39 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented