ഭോപ്പാൽ: ‘കഴുത’യ്ക്കും മധ്യപ്രദേശിൽ നഴ്സിങ് രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ്. മധ്യപ്രദേശ് നഴ്സിങ് രജിസ്ട്രേഷൻ കൗൺസിലിന്റെ ഓൺലൈൻ പോർട്ടലിലെ ഗുരുതരമായ സുരക്ഷാ വീഴ്ച പുറത്തുകൊണ്ടുവന്ന സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. ‘ഡോങ്കി എം.പി.എൻ.ആർ.സി’ എന്ന പേരിൽ സർട്ടിഫിക്കറ്റ് അനുവദിച്ചതിലാണ് ഭോപ്പാലിലെ ടി.ടി. നഗർ പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങിയത്.

To advertise here,

അപേക്ഷകന്റെ പേര് ‘ഡോങ്കി എം.പി.എൻ.ആർ.സി’, പിതാവിന്റെ പേര് ‘ഡോങ്കി ഫാദർ’, മാതാവിന്റെ പേര് ‘ഡോങ്കി മദർ’, ജാതി ‘മൃഗം’ എന്നിങ്ങനെയാണ് അപേക്ഷയിൽ രേഖപ്പെടുത്തിയിരുന്നത്. പരിശോധനയും കൂടാതെ പോർട്ടൽ അപേക്ഷ സ്വീകരിക്കുകയും 2,050 രൂപ ഫീസ് ഈടാക്കിയശേഷം ഡിജിറ്റൽ സർട്ടിഫിക്കറ്റ് അനുവദിക്കുകയുംചെയ്തു.

സംഭവത്തിൽ പരാതിക്കാരനായ എൻ.എസ്.യു.ഐ. സംസ്ഥാന വൈസ് പ്രസിഡന്റ് രവി പർമറിന്റെ മൊഴി പോലീസ് രേഖപ്പെടുത്തി. ഓൺലൈൻ രജിസ്ട്രേഷൻ സംവിധാനത്തിന്റെ കാര്യക്ഷമത പരിശോധിക്കുന്നതിനായാണ് ഇത്തരമൊരു അപേക്ഷ നൽകിയതെന്ന് പർമർ പറഞ്ഞു. വ്യാജ രേഖയുണ്ടാക്കാനല്ല, സംവിധാനത്തിലെ പിഴവുകൾ അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്താനാണ് ഇതു ചെയ്തതെന്നും ഒക്ടോബർ ഒന്നിന് പരാതി നൽകിയതായും അദ്ദേഹം കൂട്ടിച്ചേർത്തു.