
കണ്ണൂർ: സംസ്ഥാനത്തെ പ്രധാന സെൻട്രൽ ജയിലുകളിൽ രാഷ്ട്രീയബന്ധമുള്ള കൊലക്കേസുകളിലുൾപ്പെടെ ശിക്ഷിക്കപ്പെട്ട തടവുകാർക്കായി സമാന്തര അടുക്കള പ്രവർത്തിക്കുന്നതായി ആക്ഷേപം. സാധാരണ വിളമ്പുന്ന ഭക്ഷണത്തിനുപുറമെ തടവുകാർ പ്രത്യേക പാചകപ്പുരയിൽ 'സ്പെഷ്യൽ' ഉണ്ടാക്കി കഴിക്കുകയാണ്. വിവിധ ബ്ലോക്കുകളിലെ സെല്ലുകളിലും ജയിൽവളപ്പിലെ ഒഴിഞ്ഞ സ്ഥലങ്ങളിലുമാണ് പാചകം.
തിങ്കൾ, ബുധൻ ദിവങ്ങളിൽ സെൻട്രൽ ജയിലിലുകളിൽ ഉച്ചയൂണിന് മീൻ വിളന്പും. ഓരോ ബ്ലോക്കിലേക്കും ചോറും കറികളും ഒന്നിച്ചാണ് നൽകുന്നത്. അതിൽ മീൻകറി വാങ്ങി സൂക്ഷിച്ചുവെക്കും. ബാക്കിയാകുന്ന മീനും സംഘടിപ്പിക്കും. കറിപൗഡർ, മസാലപ്പൊടി, ഉപ്പ്, ഉള്ളി, തക്കാളി, പച്ചമുളക്, ഇഞ്ചി തുടങ്ങിയവ ജയിൽ അടുക്കളയിൽനിന്ന് സംഘടിക്കും.
അവ ഉപയോഗിച്ച് ‘ഇടിവെട്ട്’ മീൻകറിയുണ്ടാക്കി കഴിക്കുകയാണ്. വൈകിട്ട് അഞ്ചിനാണ് സെൻട്രൽ ജയിലുകളിൽ അത്താഴം വിളന്പുന്നത്. ഭക്ഷണം വാങ്ങി സെല്ലിൽ സൂക്ഷിച്ച് പലരും രാത്രി എട്ടോടെയാണ് കഴിക്കുക. അതിനിടയിലാണ് പാചകം. പകൽ ജയിൽപറന്പുകളിൽനിന്ന് ശേഖരിക്കുന്ന മരച്ചില്ലകൾ ഉപയോഗിച്ച് അടുപ്പ്കൂട്ടിയാണ് രഹസ്യപാചകം. ആവശ്യമായ പാത്രങ്ങൾ സെല്ലിലുണ്ടാകും.
അലക്കിയ വസ്ത്രംകൊണ്ട് ക്യാമറ മറയ്ക്കും
ബ്ലോക്കുകളിലെ സിസിടിവി ദൃശ്യങ്ങളിൽ ‘സ്പെഷ്യൽ’ വിഭവങ്ങൾ പെടാതിരിക്കാൻ വസ്ത്രംകൊണ്ട് ക്യാമറ മറയ്ക്കും. അലക്കിയ വസ്ത്രങ്ങൾ ഉണങ്ങാനെന്ന വ്യാജേനയാണ് തുണികൾ തൂക്കിയിടുന്നത്. രാഷ്ട്രീയ തടവുകാരുടെ ബ്ലോക്കുകളിലാണ് രഹസ്യ പാചകപ്പുരയുള്ളതെന്ന് ശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങിയവർ പറയുന്നു.
പാർട്ടിക്കാർക്ക് പ്രത്യേക പരിഗണന എല്ലാകാര്യത്തിലും ലഭിക്കുന്നുണ്ടെന്നും ഉദ്യോഗസ്ഥർ പലപ്പോഴും നിസ്സഹായരാണെന്നും ആക്ഷേപമുണ്ട്. രാഷ്ടീയതടവുകാർ പറയുന്നതുപോലെ പ്രവർത്തിക്കുന്ന ഒരുകൂട്ടം ജീവനക്കാരാണ് മിക്ക സെൻട്രൽ ജയിലുകളിലെയും ചുമതലക്കാരെന്നും ആരോപണമുണ്ട്.
ജയിലിലെ രീതി
രാവിലെ എഴോടെയാണ് ജയിലിലെ തടവുകാരുടെ സെല്ലുകൾ തുറക്കുന്നത്. 7.30-ന് പ്രഭാതഭക്ഷണം. അതിനുശേഷം ജോലിക്ക് വിടും. 11.30-ന് തിരിച്ച് സെല്ലിലെത്തിക്കും. 12.30-ന് ഉച്ചഭക്ഷണം നൽകും. 3.30-ന് ചായ. വൈകിട്ട് അഞ്ചോടെ അത്താഴം വിളമ്പും.
അതോടെ സെൽ പൂട്ടി താക്കോൽ സൂപ്രണ്ടിന് കൈമാറണം.
അടിയന്തര ഘട്ടമൊഴികെ പിന്നീട് സെൽ തുറക്കുന്നത് അടുത്തദിവസം രാവിലെയാണ്.
Content Highlights: kannur central jail parallel kitchen security lapses
Published: 04 Jun 2025, 07:49 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented