കണ്ണൂര്‍: കണ്ണപുരം കീഴറയില്‍ വാടക വീട്ടിലുണ്ടായ സ്‌ഫോടനത്തിന് പിന്നില്‍ മറ്റെന്തെങ്കിലും പ്രവര്‍ത്തനമുണ്ടാകുമെന്ന് സിപിഎം ജില്ലാ സെക്രട്ടറി കെ.കെ. രാഗേഷ്. ഉറങ്ങിക്കിടക്കുന്ന ഒരാള്‍ മരണപ്പെട്ടുപോകുന്നു. അപ്പോള്‍ സ്‌ഫോടനമെങ്ങനെ നടന്നു? മറ്റെന്തെങ്കിലും പ്രവര്‍ത്തനം സ്വാഭാവികമായും നടക്കണം. മറ്റാര്‍ക്കെങ്കിലും ഈ സ്‌ഫോടനത്തില്‍ പങ്കുണ്ടാവാനുള്ള സാധ്യതതയിലേക്ക് വിരല്‍ചൂണ്ടിയ രാഗേഷ്, അങ്ങനെ ആരെങ്കിലും ഉണ്ടോ എന്ന പരിശോധനയാണ് പോലീസ് നടത്തുന്നതെന്നും മാധ്യമങ്ങളെ അറിയിച്ചു.

To advertise here,

പ്രദേശത്ത് ഇത്രകാലമായിട്ടും ഇത്തരത്തില്‍ ഒരു സംഭവം നടക്കുന്നുണ്ടെന്നതിനെക്കുറിച്ച് പോലീസിന് കൃത്യമായ ധാരണയില്ലാതെപോയതില്‍ വിമര്‍ശിച്ച് ഡിസിസി പ്രസിഡന്റ് മാര്‍ട്ടിന്‍ ജോര്‍ജും രംഗത്തെത്തി. ഉത്പാദകര്‍ സ്‌ഫോടകവസ്തുക്കള്‍ എന്തിനുവേണ്ടിയാണ് നിര്‍മിച്ചതെന്ന് അന്വേഷിച്ച് കണ്ടെത്തി നടപടിയെടുക്കണം. പറയപ്പെടുന്ന വ്യക്തി മുന്‍പും ഇത്തരം പ്രവര്‍ത്തനങ്ങളിലേര്‍പ്പെട്ടിരുന്നുവെന്ന് പറയുന്നു. അങ്ങനെയെങ്കില്‍ എന്തിനുവേണ്ടിയാണ് ഇത്തരം നിര്‍മാണപ്രവൃത്തികളെന്ന് അറിയേണ്ടതുണ്ടെന്നും മാര്‍ട്ടിന്‍ ജോര്‍ജ് കൂട്ടിച്ചേര്‍ത്തു. 

പയ്യന്നൂരില്‍ സ്‌പെയര്‍ പാര്‍ട്‌സ് കട ജീവനക്കാരനെന്നു പറഞ്ഞ് പരിചയപ്പെടുത്തിയ അനൂപ് എന്നയാള്‍ക്കാണ് വീട് വാടക നല്‍കിയതെന്ന് വീട്ടുടമസ്ഥ പറയുന്നു. താമസക്കാരെക്കുറിച്ച് ആര്‍ക്കും പരാതിയുണ്ടായിരുന്നില്ല. കൃത്യമായി വാടക ലഭിച്ചിരുന്നു. ഒരു വര്‍ഷത്തോളമായി മൂന്നാളാണ് വീട്ടില്‍ താമസം. നല്ല പെരുമാറ്റമുള്ളവരാണ്. ഈയടുത്ത് വീട് കാണാന്‍ പോയപ്പോഴോ അകത്ത് വൃത്തിയാക്കിയപ്പോഴോ ഇത്തരത്തിലുള്ള സാമഗ്രികളൊന്നും കണ്ടിരുന്നില്ലെന്നും ഉടമ പറഞ്ഞു. ഇവിടെനിന്ന് മാറും, വേറെ വീട് ശരിയായിക്കൊണ്ടിരിക്കുന്നുവെന്ന് പറഞ്ഞിരുന്നതായും വീട്ടുടമ വെളിപ്പെടുത്തി.