കണ്ണൂർ: കണ്ണപുരത്ത് ബിജെപി നേതാവിന്റെ വീടിന് നേരെ ബോംബേറ്. ബിജെപി കല്യാശ്ശേരി മണ്ഡലം ജനറൽ സെക്രട്ടറി ബിജു നാരായണന്റെ വീടാണ് ആക്രമിക്കപ്പെട്ടത്. സംഭവത്തിന് പിന്നിൽ സിപിഎം ആണെന്ന് ബിജെപി ആരോപിച്ചു.

To advertise here,

വ്യാഴാഴ്ച പുലർച്ചെ രണ്ടരയോടെയാണ് ബിജു നാരായണന്റെ വീടിന് നേരെ ബോംബേറുണ്ടായത്. ഉഗ്ര ശബ്ദം കേട്ട് വീട്ടുകാർ ഉണർന്നു നോക്കിയപ്പോൾ അക്രമികൾ ഓടി രക്ഷപ്പെട്ടിരുന്നു. ആക്രമണത്തിൽ വീടിന് കാര്യമായ കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്.

ബോംബേറിൽ വീടിന്റെ മുൻവശത്തെ ജനൽച്ചില്ലുകൾ പൂർണ്ണമായും തകർന്നു. വീടിന്റെ തൂണിനും കേടുപാടുകൾ സംഭവിച്ചു. സ്ഫോടനത്തിന്റെ ആഘാതത്തിൽ ടൈലുകൾ ചിതറിത്തെറിച്ച നിലയിലായിരുന്നു. ബോംബിന്റെ അവശിഷ്ടങ്ങൾ വീടിന്റെ പരിസരത്തുനിന്ന് കണ്ടെത്തിയിട്ടുണ്ട്.

വിവരമറിഞ്ഞ് കണ്ണപുരം പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. സംഭവസ്ഥലത്തെ സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചാണ് പോലീസ് നിലവിൽ അന്വേഷണം മുന്നോട്ട് കൊണ്ടുപോകുന്നത്. അക്രമികളെ തിരിച്ചറിയാനുള്ള ശ്രമങ്ങൾ തുടരുകയാണ്.

അതേസമയം, ആക്രമണത്തിന് പിന്നിൽ സിപിഎം ആണെന്ന ശക്തമായ ആരോപണവുമായി ബിജെപി രംഗത്തെത്തി. മുൻപ് ബിജെപി-സിപിഎം സംഘർഷങ്ങൾ നിലനിന്നിരുന്ന മേഖലയാണ് കണ്ണപുരം. കുറച്ചുകാലമായി ശാന്തമായിരുന്ന പ്രദേശത്ത് വീണ്ടും സംഘർഷാവസ്ഥ സൃഷ്ടിക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്ന് ബിജെപി ആരോപിക്കുന്നു. പോലീസ് ഇതുമായി ബന്ധപ്പെട്ട് വിശദമായ അന്വേഷണം നടത്തുന്നുണ്ട്.