കണ്ണൂര്‍: ആത്മഹത്യ ചെയ്ത എ.ഡി.എം. നവീന്‍ ബാബു അവസാനമായി മൊബൈല്‍ ഫോണില്‍ സന്ദേശമയച്ചത് മരിച്ച ദിവസം പുലര്‍ച്ചെ 4.58-ന്. ജൂനിയര്‍ സൂപ്രണ്ട് പ്രേംരാജിനായിരുന്നു നവീന്‍ ബാബുവിന്റെ ഫോണില്‍ നിന്നുള്ള അവസാന സന്ദേശം. തന്റെ ഭാര്യയുടേയും സഹോദരന്റേയും ഫോണ്‍ നമ്പറുകളായിരുന്നു നവീന്‍ ബാബു, പ്രേംരാജിന് അയച്ച സന്ദേശത്തില്‍ ഉണ്ടായിരുന്നത്. 4.30-നും 5.30-നും ഇടയിലാണ് അദ്ദേഹം മരിച്ചതെന്നാണ് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്. 

To advertise here,

നവീന്‍ ബാബുവിന്റേത് ആത്മഹത്യ തന്നെയെന്ന് സ്ഥിരീകരിക്കുന്ന പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് ഇന്നാണ്(ചൊവ്വാഴ്ച) പുറത്തുവന്നത്. പുലര്‍ച്ചെ നാലരയ്ക്കും അഞ്ചരയ്ക്കും ഇടയിലാണ് മരണമെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. അതേസമയം, നവീന്‍ ബാബുവിനെതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ തെളിയിക്കുന്നതിനുള്ള മൊഴിയും തെളിവുകളും അന്വേഷണ സംഘത്തിന് ലഭിച്ചിട്ടില്ലെന്നാണ് ലാന്‍ഡ് റവന്യു ജോയിന്റ് കമ്മീഷണറുടെ റിപ്പോര്‍ട്ടിലുള്ളതെന്ന് പുതിയ സൂചനകള്‍. 

എന്‍.ഒ.സി. അനുവദിക്കുന്നതില്‍ നവീന്‍ ബാബു ഫയല്‍ ബോധപൂര്‍വം വൈകിപ്പിച്ചെന്നതിനുള്ള തെളിവുകളോ മൊഴികളോ ഇതുവരെയും ലഭിച്ചിട്ടില്ലെന്നാണ് സൂചന. പെട്രോള്‍ പമ്പ് അനുവദിക്കുന്നതില്‍ ബോധപൂര്‍വം ഫയല്‍ വൈകിപ്പിച്ചു, എന്‍.ഒ.സി. നല്‍കുന്നതിന് കൈക്കൂലി വാങ്ങി എന്നിവയായിരുന്നു നവീന്‍ ബാബുവിനെതിരെ ഉയര്‍ന്ന ആരോപണങ്ങള്‍. തിങ്കളാഴ്ച വൈകുന്നേരത്തോടെ പോലീസ് കണ്ണൂര്‍ കളക്ടറുടെ മൊഴിയുള്‍പ്പെടെ രേഖപ്പെടുത്തിയിരുന്നു. 

എ.ഡി.എമ്മിനെതിരെ കൈക്കൂലി ആരോപണം ഉന്നയിച്ച മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി. ദിവ്യ ഇതുവരെ മൊഴി നല്‍കിയിട്ടില്ല. നവീന്‍ ബാബുവിനെതിരായ ആരോപണത്തില്‍ പി.പി.ദിവ്യക്കൊപ്പം കളക്ടര്‍ക്കും ഗൂഢാലോചനയില്‍ പങ്കുണ്ടെന്നാണ് കുടുംബം ആരോപിക്കുന്നത്. എന്നാല്‍, ഒരു സാക്ഷിയെന്ന നിലയില്‍ പോലീസ് എന്റെ മൊഴി രേഖപ്പെടുത്തുമെന്ന് മാത്രമാണ് കളക്ടര്‍ മാധ്യമങ്ങളോട് പറഞ്ഞത്. 

നവീന്‍ ബാബു പെട്രോള്‍ പമ്പിന് എന്‍.ഒ.സി. അനുവദിക്കുന്നതില്‍ വഴിവിട്ട് ഇടപെടല്‍ നടത്തിയെന്നും അതിനുള്ള തെളിവുണ്ടെന്നുമാണ് പി.പി.ദിവ്യ, എ.ഡി.എമ്മിന്റെ യാത്രയയപ്പ് യോഗത്തിലെത്തി ആരോപിച്ചത്. തന്റെ കൈവശമുള്ള തെളിവുകള്‍ ആവശ്യമുള്ളപ്പോള്‍ പുറത്തുവിടുമെന്നും ദിവ്യ അറിയിച്ചിരുന്നു. ദിവ്യയുടെ ആരോപണത്തിന് പിന്നാലെ, കണ്ണൂര്‍ അഡീഷണല്‍ ഡിസ്ട്രിക്ട് മജിസ്ട്രേറ്റ് നവീന്‍ ബാബുവിനെ കഴിഞ്ഞ ചൊവ്വാഴ്ച കാലത്താണ് കണ്ണൂര്‍ പള്ളിക്കുന്നിലെ ക്വാര്‍ട്ടേഴ്‌സില്‍ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തിയത്.