കണ്ണൂര്‍: തിങ്കളാഴ്ച നടന്ന യാത്രയയപ്പ് ചടങ്ങിലേക്ക് ക്ഷണിക്കാതെ എത്തിയാണ് എഡിഎമ്മിനെതിരേ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി ദിവ്യ അഴിമതി ആരോപണം ഉന്നയിച്ചിരുന്നത്. യാത്രയയപ്പ് സമ്മേളനത്തില്‍ കളക്ടര്‍ അരുണ്‍ കെ. വിജയന്‍റെ സാന്നിധ്യത്തിലാണ് ദിവ്യ അഴിമതി ആരോപണം നടത്തിയത്. പെട്രോള്‍ പമ്പിന് എന്‍.ഒ.സി. നല്‍കാന്‍ എ.ഡി.എം. വഴിവിട്ടനീക്കങ്ങള്‍ നടത്തിയെന്നാണ് പി.പി. ദിവ്യ ആരോപിച്ചത്. ഇതിന്റെ വിവരങ്ങളെല്ലാം തന്റെ കൈവശമുണ്ടെന്നും ആവശ്യമുള്ളപ്പോള്‍ പുറത്തുവിടുമെന്നും അവര്‍ പറഞ്ഞു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ആരോപണം ഉന്നയിച്ച തൊട്ടടുത്ത ദിവസമാണ് എഡിഎമ്മിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. 

To advertise here,

യാത്രയയപ്പ് സമ്മേളനത്തില്‍ പി.പി ദിവ്യ പറഞ്ഞത്

"എന്റെ കയ്യിലുളള ഒരു ഫയല്‍ ഒരു മനുഷ്യന്റെ ജീവിതമാണെന്ന് എത്ര പേര്‍ക്ക് തോന്നിയിട്ടുണ്ട്. പത്തും പതിനഞ്ചും തവണ നമ്മുടെ ഓഫീസില്‍ വന്നുപോവുന്ന മനുഷ്യര്‍, അവര്‍ പലതവണ ഓഫീസില്‍ കയറിയിറങ്ങി വന്നുപോകുമ്പോള്‍ അവരുടെ സ്ഥാനത്ത് ഞാനായിരുന്നെങ്കില്‍ എന്ന് ഒരുതവണയെങ്കിലും എല്ലാ ഉദ്യോഗസ്ഥരും ഓര്‍ക്കണം. എഡിഎമ്മിന് എല്ലാ ആശംസകളും നേരുന്നു. മുമ്പുണ്ടായിരുന്ന എ.ഡി.എമ്മുമായി നിരവധി തവണ വിളിക്കുകയും പറയുകയുമൊക്കെ ചെയ്യേണ്ട സാഹചര്യമുണ്ടായിട്ടുണ്ട്. എന്നാല്‍, ഇദ്ദേഹം വന്നതിന് ശേഷം അങ്ങനെയുള്ള സാഹചര്യങ്ങളൊന്നും ഉണ്ടായിട്ടില്ല. പക്ഷെ, ഞാന്‍ ഒരു തവണ ഇദ്ദേഹത്തെ വിളിച്ചിട്ടുണ്ട്. ചെങ്ങളായിയിലെ ഒരു പെട്രോള്‍ പമ്പിന്റെ എന്‍.ഒ.സിയുമായി ബന്ധപ്പെട്ടാണ് വിളിച്ചത്. ആ സൈറ്റ് ഒന്ന് പോയി നോക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു വിളിച്ചത്. വീണ്ടും പലതവണ ആ ആവശ്യത്തിന് വിളിക്കേണ്ടി വന്നു. പിന്നീട് സൈറ്റ് പോയി നോക്കിയിട്ടുണ്ടെന്ന് അദ്ദേഹം അറിയിച്ചിരുന്നു. 

എന്നാല്‍, തീരുമാനമൊന്നും ആയിട്ടില്ലല്ലോ പ്രസിഡന്റേയെന്ന് പറഞ്ഞ് പിന്നീട് പലതവണ ആ സംരംഭകന്‍ എന്റെ ഓഫീസ് മുറിയില്‍ വന്നു. തീരുമാനം ആകുമെന്ന് ഞാനും പറഞ്ഞു, വീണ്ടും അദ്ദേഹം ഓഫീസില്‍ വന്നു. അപ്പോള്‍ ഇത് അന്വേഷിച്ച് ഞാന്‍ എഡിഎമ്മിനെ വിളിച്ചു. എന്തെങ്കിലും നടക്കുമോ എന്ന് ഞാന്‍ എഡിഎമ്മിനോട് ചോദിച്ചു. എന്നാല്‍ അതില്‍ ചെറിയ പ്രശ്‌നമുണ്ട്, അള്‍പം വളവും തിരിവുമെല്ലാം ഉള്ളതോണ്ട് എന്‍.ഒ.സി കൊടുക്കാന്‍ പ്രയാസമാണെന്നാണ് എഡിഎം പറഞ്ഞത്. ഇത് കുറച്ച് മാസങ്ങള്‍ക്ക് മുമ്പുതന്നെ നടന്ന കാര്യമാണ്. 

ഇപ്പോള്‍ ഇദ്ദേഹം പോകുന്നത് കൊണ്ട് ആ സംരംഭകന് എന്‍.ഒ.സി. കിട്ടിയെന്ന് അറിഞ്ഞു. ഏതായാലും നന്നായി, ആ എന്‍.ഒ.സി. എങ്ങനെ കിട്ടിയെന്ന് എനിക്ക് അറിയാം. ആ എന്‍.ഒ.സി. നല്‍കിയതിന് ഇദ്ദേഹത്തിനോട് നന്ദി പറയാനാണ് ഞാന്‍ ഇപ്പോള്‍ കഷ്ടപ്പെട്ട് വന്ന് ഈ പരിപാടിയില്‍ പങ്കെടുത്തത്. ജീവിതത്തില്‍ സത്യസന്ധത എപ്പോഴും പാലിക്കണം. ഒരു വ്യക്തിയെ ചിരിച്ചുകൊണ്ടും ജീവിതത്തിലെ ലാളിത്യം കൊണ്ടും മുണ്ടുടുത്തുകൊണ്ടും ജീവിക്കുന്നവരാണ് ഏറ്റവും നല്ല മനുഷ്യരെന്ന് നിങ്ങളാരും ധരിക്കേണ്ട. ഞാനദ്ദേഹത്തിനോട് ഒരു നന്ദി പറയുകയാണ്. ഞാനൊരു ആവശ്യം ഉന്നയിച്ചപ്പോള്‍ കുറച്ച് മാസങ്ങള്‍ കഴിഞ്ഞാണെങ്കിലും അത് നടത്തിക്കൊടുത്തു. കണ്ണൂരില്‍ അദ്ദേഹം നടത്തിയത് പോലെയുള്ള പ്രവര്‍ത്തനങ്ങള്‍ ആയിരിക്കരുത് അദ്ദേഹം പോകുന്ന സ്ഥലത്ത് നടത്തേണ്ടത്. നിങ്ങള്‍ കൂടുതല്‍ മെച്ചപ്പെട്ട രീതിയില്‍ ആളുകളെ സഹായിക്കുക. കാരണം നമ്മുടെയെല്ലാം ചുറ്റും ആളുകളുണ്ട്. വളരെ കെയര്‍ ചെയ്യണം. സര്‍ക്കാര്‍ സര്‍വീസാണ്. ഒരു നിമിഷം മതി എന്തെങ്കിലുമൊക്കെ സംഭവിക്കാന്‍. ആ നിമിഷത്തെ കുറിച്ച് ഓര്‍ത്ത് മാത്രമായിരിക്കണം നമ്മളെല്ലാം കയ്യില്‍പേന പിടിക്കേണ്ടത് എന്നുമാത്രമാണ് ഞാന്‍ ഇപ്പോള്‍ പറയുന്നത്. രണ്ട് ദിവസം കാത്തിരിക്കണം. ഉപഹാരം സമര്‍പ്പിക്കുന്ന ചടങ്ങില്‍  ഞാന്‍ ഉണ്ടാവരുത് എന്ന് ആഗ്രഹിക്കുകയാണ്, അതിന് പ്രത്യേക കാരണമുണ്ട്. ആ കാരണം രണ്ട് ദിവസം കൊണ്ട് നിങ്ങള്‍ എല്ലാവരും അറിയും.