കണ്ണൂർ: അഡീഷണൽ ജില്ലാ മജിസ്ട്രേറ്റ് (എ.ഡി.എം.) കെ.നവീൻ ബാബുവിന്റെ മരണത്തിലെ അന്വേഷണ റിപ്പോർട്ട് ഒരാഴ്ചയ്ക്കകം നൽകുമെന്ന് ലാൻഡ് റവന്യു ജോയിന്റ് കമ്മിഷണർ എ. ഗീത. അന്വേഷണവുമായി ബന്ധപ്പെട്ട് മൊഴി നല്‍കാന്‍ പി.പി ദിവ്യ സാവകാശം തേടിയിട്ടുണ്ട്. അതേസമയം പ്രശാന്തന്റെ മൊഴിയെടുത്തെന്നും വീഡിയോ ദൃശ്യങ്ങള്‍ ഉള്‍പ്പെടെ തെളിവുകള്‍ ശേഖരിച്ചെന്നും എ.ഗീത പറഞ്ഞു. ആവശ്യമെങ്കില്‍ ഇനിയും മൊഴിയെടുക്കുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
നേരത്തേ അന്വേഷണ ചുമതലയിൽ നിന്ന് കണ്ണൂർ ജില്ലാ കളക്ടർ അരുൺ കെ.വിജയനെ മാറ്റിയാണ് എ. ഗീതയ്ക്ക് അന്വേഷണ ചുമതല കൈമാറിയത്. റവന്യു മന്ത്രി കെ. രാജന്റെ നിർദേശപ്രകാരമാണ് നടപടി. അരുൺ കെ.വിജയനെതിരെ കെ.നവീൻ ബാബുവിന്റെ ബന്ധുക്കളും രംഗത്തെത്തിയിരുന്നു. കളക്ടർ എ.ഡി.എം. ബന്ധം സൗഹൃദപരം ആയിരുന്നില്ലെന്ന് ഇവർ കണ്ണൂരിൽ നിന്നുള്ള അന്വേഷണസംഘത്തിന് മൊഴി നൽകിയിരുന്നു. നവീൻ ബാബുവിന് അവധി നൽകുന്നതിൽ കടുത്ത നിയന്ത്രണമുണ്ടായിരുന്നു. സ്ഥലംമാറ്റ ഉത്തരവ് ലഭിച്ചിട്ടും വിടുതൽ നൽകാൻ വൈകിപ്പിച്ചുവെന്നും മൊഴിയിൽ പറയുന്നു.
കൂടാതെ, നവീൻ ബാബുവിന്റെ യാത്രയയപ്പ് യോഗത്തിൽ പങ്കെടുത്തത് കളക്ടർ അരുൺ കെ.വിജയൻ ക്ഷണിച്ചതിനാലാണെന്നാണ് കണ്ണൂർ ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡന്റ് പി.പി.ദിവ്യ ജാമ്യാപേക്ഷയിൽ പറയുന്നത്. എ.ഡി.എമ്മിനെ വേദനിപ്പിക്കാൻ ഉദ്ദേശിച്ചില്ലെന്ന് ജാമ്യാപേക്ഷയിൽ പറയുന്നു. രാഷ്ട്രീയതാത്പര്യത്തിന്റെ അടിസ്ഥാനത്തിലാണ് പ്രതിചേർത്തത്. വീട്ടിൽ രോഗിയായ അച്ഛൻ, അമ്മ, മകൾ, ഭർത്താവ് എന്നിവരുണ്ടെന്നും ജാമ്യാപേക്ഷയിൽ പറയുന്നു.
കണ്ണൂർ അഡീഷണൽ ഡിസ്ട്രിക്ട് മജിസ്ട്രേറ്റ് നവീൻ ബാബുവിനെ ചൊവ്വാഴ്ച രാവിലെയാണ് കണ്ണൂർ പള്ളിക്കുന്നിലെ ക്വാർട്ടേഴ്‌സിൽ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തിയത്. ജില്ലാ പഞ്ചായത്ത് പ്രസിഡന്റായ പി.പി ദിവ്യയുടെ അഴിമതിയാരോപണത്തിനു പിന്നാലെയായിരുന്നു മരണം. കഴിഞ്ഞ ദിവസം നടന്ന യാത്രയയപ്പ് ചടങ്ങിനിടെയായിരുന്നു പ്രസിഡന്റിന്റെ ആരോപണം.
പെട്രോൾ പമ്പിന് എൻ.ഒ.സി. നൽകാൻ എ.ഡി.എം. വഴിവിട്ട നീക്കങ്ങൾ നടത്തിയെന്നാണ് പി.പി. ദിവ്യ ആരോപിച്ചിരിക്കുന്നത്. ഇതിന്റെ വിവരങ്ങളെല്ലാം തന്റെ കൈവശമുണ്ടെന്നും ആവശ്യമുള്ളപ്പോൾ പുറത്തുവിടുമെന്നുമായിരുന്നു അവർ പറഞ്ഞത്. നവീൻ ബാബുവിന്റെ ആത്മഹത്യയെത്തുടർന്ന് ദിവ്യയെ ജില്ലാപഞ്ചായത്ത് പ്രസിഡണ്ട് സ്ഥാനത്തുനിന്നും സി.പി.എം നീക്കിയിരുന്നു.
Content Highlights: kannur adm death investigation report within one week a geetha
Published: 19 Oct 2024, 09:20 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented