തിരുവനന്തപുരം: കണ്ണൂർ കളക്ടർ അരുൺ കെ. വിജയനെ മാറ്റുന്ന കാര്യത്തിൽ ബുധനാഴ്ച തീരുമാനമുണ്ടായേക്കും. കണ്ണൂർ മുൻ എ.ഡി.എം. നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട് ലാൻഡ് റവന്യൂ ജോയിന്റ് കമ്മിഷണർ എ. ഗീതയുടെ അന്വേഷണറിപ്പോർട്ട് ലഭിക്കുന്ന മുറയ്ക്ക് നടപടി സ്വീകരിക്കാനാണ് ആലോചന.
കളക്ടറെ മാറ്റുന്നകാര്യത്തിൽ സി.പി.ഐ.യുടെ സമ്മർദവുമുണ്ട്. സർക്കാർജീവനക്കാരുടെ, സി.പി.ഐ. അനുകൂല സംഘടനായ ജോയിന്റ് കൗൺസിലും ഇക്കാര്യം പരസ്യമായി ആവശ്യപ്പെട്ടിട്ടുണ്ട്. ആരോപണവിധേയരെ സംരക്ഷിക്കില്ലെന്ന നിലപാടിലാണ് മന്ത്രി കെ. രാജനും.
അതേസമയം, റിപ്പോർട്ട് ബുധനാഴ്ച റവന്യൂ മന്ത്രിക്ക് കൈമാറിയേക്കുമെന്നാണ് കരുതുന്നത്. കളക്ടറെ മാറ്റുന്നകാര്യം മന്ത്രി കെ. രാജൻതന്നെ മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടേക്കും.
ശിക്ഷാനടപടിയുടെ ഭാഗമായിട്ടല്ലെങ്കിലും കളക്ടറെ മാറ്റേണ്ടിവരുമെന്നുതന്നെയാണ് റവന്യൂവകുപ്പ് ഉന്നതരും കരുതുന്നത്. പ്രതിഷേധത്തിന്റെ ഭാഗമായി കണ്ണൂർ കളക്ടറേറ്റിലടക്കം ജീവനക്കാർ കളക്ടറോട് നിസ്സഹകരിക്കുന്നത് വകുപ്പിന് തലവേദനയായിട്ടുണ്ട്.
നവീൻ ബാബുവിന്റെ യാത്രയയപ്പ് ചടങ്ങിലെത്തി സംസാരിച്ച ജില്ലാപഞ്ചായത്ത് പ്രസിഡന്റ് പി.പി. ദിവ്യയെ വിലക്കുകയോ പിന്നീട് അവരെ തങ്ങളുടെ പ്രതിഷേധം അറിയിക്കുകയോ ചെയ്തില്ലെന്നാണ് ജീവനക്കാരുടെ ആരോപണം. കളക്ടർ ക്ഷണിച്ചിട്ടാണ് താൻ ചടങ്ങിനെത്തിയതെന്ന ദിവ്യയുടെ വെളിപ്പെടുത്തൽകൂടി വന്നത് പ്രതിഷേധത്തിന്റെ മൂർച്ച കൂട്ടുകയായിരുന്നു.
പോലീസ് മൊഴിയെടുത്തു; അഴിമതിയാരോപണത്തിന്റെ നിജസ്ഥിതി അറിയില്ലെന്ന് കളക്ടർ
കണ്ണൂർ: എ.ഡി.എം. നവീൻ ബാബുവിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് പോലീസ് കളക്ടർ അരുൺ കെ. വിജയന്റെ മൊഴിയെടുത്തു. തിങ്കളാഴ്ച രാത്രി 8.30-ന് തുടങ്ങിയ മൊഴിയെടുപ്പ് രണ്ടുമണിക്കൂർ നീണ്ടു. എ.സി.പി. ടി.കെ. രത്നകുമാർ, കേസ് അന്വേഷിക്കുന്ന ടൗൺ പോലീസ് ഇൻസ്പെക്ടർ ശ്രീജിത്ത് കൊടേരി എന്നിവരുടെ നേതൃത്വത്തിൽ കളക്ടറുടെ ക്യാമ്പ് ഓഫീസിൽ എത്തിയാണ് മൊഴിയെടുത്തത്. ജില്ലാപഞ്ചായത്ത് മുൻ പ്രസിഡന്റ് പി.പി. ദിവ്യയെ താൻ യാത്രയയപ്പ് യോഗത്തിലേക്ക് വിളിച്ചിട്ടില്ലെന്ന മുഖവുരയോടെയാണ് കളക്ടർ നടന്ന സംഭവങ്ങൾ വിവരിച്ചത്.
25-ലധികം ചോദ്യങ്ങൾ തയ്യാറാക്കിയാണ് പോലീസ് ചെന്നത്. നവീൻ ബാബുവിന് എതിരേയുള്ള അഴിമതി ആരോപണത്തിന്റെ നിജസ്ഥിതി അറിയില്ലെന്ന് കളക്ടർ പറഞ്ഞു.
പ്രശാന്തിന് എതിർപ്പില്ലാരേഖ ലഭിച്ചതുമായി ബന്ധപ്പെട്ടകാര്യം ദിവ്യ യോഗത്തിൽ പറഞ്ഞ അറിവ് മാത്രമാണ് തനിക്ക് ഉണ്ടായിരുന്നത്. യാത്രയയപ്പ് യോഗത്തിൽ എ.ഡി.എമ്മിനെതിരേ അഴിമതി ആരോപണം ഉന്നയിക്കുമെന്ന് ദിവ്യ പറഞ്ഞിട്ടില്ല. യാത്രയയപ്പ് യോഗത്തിന്റെ സമയം ദിവ്യയ്ക്കു പങ്കെടുക്കാൻവേണ്ടി മാറ്റിയിട്ടില്ല. നിശ്ചയിച്ച സമയത്തുതന്നെ യോഗം നടത്തിയിരുന്നു. പരിപാടി സംഘടിപ്പിച്ചത് സ്റ്റാഫ് കൗൺസിലാണ്.
എ.ഡി.എം., പ്രശാന്തിൽനിന്ന് പണം വാങ്ങിയകാര്യം അറിയില്ല. നവീൻ ബാബുവുമായി നല്ലബന്ധമാണ് ഉണ്ടായിരുന്നത്. യാത്രയയപ്പിൽ നടന്ന സംഭവവികാസങ്ങൾ എ.ഡി.എമ്മുമായി സംസാരിച്ചിട്ടില്ലെന്നും കളക്ടർ മൊഴിയിൽ പറഞ്ഞു. എതിർപ്പില്ലാരേഖയ്ക്കുള്ള അനുമതി നൽകിയ ഫയൽനീക്കം വൈകിയോ എന്ന ചോദ്യത്തിന് കളക്ടർ വ്യക്തമായ മറുപടി നൽകിയില്ലെന്നാണ് അറിയുന്നത്.
Content Highlights: kannur adm death collector transfer cpi
Published: 23 Oct 2024, 06:24 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented