
കോഴിക്കോട്: അർജുന്റെ വീടിനു പിറകിലൂടെ ഒഴുകുന്ന പൂനൂർപ്പുഴ ശനിയാഴ്ച ശാന്തമായിരുന്നെങ്കിലും ജനമൊഴുകിയ വഴികളിൽ പ്രവാഹം നിലച്ചില്ല. മലയാളികൾക്കും കണ്ണാടിക്കലിനുമിടയിലുള്ള ദൂരം അർജുൻ എന്ന ഒറ്റവാക്കിലേക്ക് ചുരുങ്ങിയപ്പോൾ, ഓരോരുത്തരുടെയും പ്രിയപ്പെട്ട ഒരാളായി മാറിയ ആ ചെറുപ്പക്കാരനെ അവസാനമായി ഒരുനോക്കുകാണാൻ പല ദേശങ്ങളിൽനിന്നായി ആളുകളെത്തി.
സാധാരണക്കാരനായ ഒരു ചെറുപ്പക്കാരൻ കേരളത്തിന്റെ മുഴുവൻ നൊമ്പരമായി മാറിയതിന്റെ നേർസാക്ഷ്യമാണ് ശനിയാഴ്ച കണ്ണാടിക്കലിൽ കണ്ടത്. തിരുവനന്തപുരം, എറണാകുളം, മലപ്പുറം, കാസർകോട്, കണ്ണൂർ, വയനാട് തുടങ്ങി പലയിടങ്ങളിൽനിന്നും കിലോമീറ്ററുകൾ യാത്രചെയ്ത് അർജുനെ കാണാൻവേണ്ടിമാത്രമായി കണ്ണാടിക്കലിലെത്തി. ചിതയെരിഞ്ഞുകഴിഞ്ഞും ഈ ഒഴുക്ക് തുടർന്നു.
“ഇങ്ങോട്ടുള്ള വഴിയൊന്നും അറിയില്ല. പുലർച്ചെ വീട്ടിൽനിന്ന് പുറപ്പെട്ടതാണ്. ഒന്നു കാണണമെന്ന ആഗ്രഹംകൊണ്ട് വന്നതാണ്. ഇതുവരെ ഞങ്ങൾ നേരിട്ട് കണ്ടിട്ടില്ല. വാർത്തകൾ കണ്ടുള്ള പരിചയമാണ്. പക്ഷേ, ഞങ്ങളുടെ വീട്ടിലെ ഒരംഗത്തെപ്പോലെ ആയിപ്പോയി.” -ഇതുതന്നെയായിരുന്നു വന്നവർക്കെല്ലാം പറയാനുണ്ടായിരുന്നത്.
ഒരു യാത്രാമൊഴി നൽകുക എന്ന ആഗ്രഹമുണ്ടായിരുന്നു. അതിനുവേണ്ടിമാത്രമാണെന്നാണ് അർജുനെ ഒരിക്കൽപ്പോലും കണ്ടിട്ടില്ലാത്ത കണ്ണൂർ ആലക്കോട്ടുനിന്ന് വന്നവർ പറഞ്ഞത്. നമ്മുടെ ആരുമല്ല. മണ്ണിടിഞ്ഞ അന്നുതൊട്ട് കാണുന്നതാ, അതിനുശേഷം ആരൊക്കെയോ ആയി. ഇങ്ങനെയല്ലായിരുന്നു കാണേണ്ടിയിരുന്നത്. ജീവനോടെയായിരുന്നു. നേരിട്ട് കണ്ടിട്ടില്ലെങ്കിലും സഹോദരനെപ്പോലെയായി മാറിയിട്ടുണ്ട്...
അങ്ങനെ അർജുൻ 74 നാളുകൾകൊണ്ട് എല്ലാവർക്കും സ്വന്തം കുടുംബത്തിലെ ഒരംഗത്തെപ്പോലെയായ പ്രതികരണങ്ങൾ അവിടെ കേട്ടു. സ്ത്രീകളാണ് ഏറ്റവും കൂടുതലുണ്ടായിരുന്നത്. പലരും സംസാരിക്കുന്നതിനിടയിൽ വിതുമ്പുന്നുണ്ടായിരുന്നു.
അർജുനെ അറിയില്ല പക്ഷേ, വന്ന് കാണാതിരിക്കാനായില്ല
അർജുനെ ജീവിതത്തിൽ ഒരിക്കൽപ്പോലും പരിചയപ്പെട്ടിട്ടില്ല, വടകര ഇരിങ്ങൽ സ്വദേശികളായ ശാന്തയും മോഹനനും. പക്ഷേ, അർജുനെ അവസാനമായി കാണാൻ പുലർച്ചെ നാലരയ്ക്ക് വീട്ടിൽനിന്ന് ഇറങ്ങിയതാണ്. കണ്ണാടിക്കൽ എന്ന പ്രദേശത്ത് ഒരിക്കൽപ്പോലും വന്നിട്ടില്ലെങ്കിലും കോഴിക്കോട് ബസ്സിറങ്ങി, ആളുകളോട് ചോദിച്ച് ചോദിച്ച്, അർജുന്റെ വീട്ടിലെത്തുകയായിരുന്നു.
ടി.വി.യിൽ കണ്ട് ഇഷ്ടമായി വീട്ടിലെ ഒരാളെപ്പോലെ തോന്നി അങ്ങനെ വന്നതാണെന്ന് ശാന്ത പറയുന്നു. ‘‘ജീവനോടെ കിട്ടണമെന്ന് എല്ലാദിവസവും പ്രാർഥിക്കുമായിരുന്നു. പിന്നെ കിട്ടില്ല എന്നറിഞ്ഞപ്പോൾ സങ്കടമായി. കരഞ്ഞു. ആദ്യത്തെ ദിവസം ടി.വി.യിൽ കണ്ടതുതൊട്ട് ഇതുവരെ കാണുന്നതാണ്’’-ശാന്ത പറഞ്ഞു. നമ്മുടെ സ്വന്തം ഒരാളെപ്പോലെ തോന്നിയതുകൊണ്ട് ദൂരവും സമയവും ഒന്നുംനോക്കിയില്ല. ഇനി കാണാനാവില്ലല്ലോ. അങ്ങനെ എത്തിയതാണെന്ന് ശാന്തയും മോഹനനും പറയുന്നു.
എന്നെ ഇവിടെയെത്തിച്ചത് ആ കുഞ്ഞുേലാറി -കാർവാർ എം.എൽ.എ
അർജുൻ മരണത്തിലും കൈവിടാതെ കരുതിവെച്ച മകന്റെ കളിപ്പാട്ടം വല്ലാതെ വേദനിപ്പിച്ചെന്നും ആ കുഞ്ഞുലോറിയാണ് തന്നെ ഇവിടെയെത്തിച്ചതെന്നും കാർവാർ എം.എൽ.എ. സതീഷ് കൃഷ്ണ സെയിൽ. ഇതുപോലെയൊരു ദൗത്യം ജീവിതത്തിൽ ആദ്യം. കേരളത്തിലെ മാധ്യമങ്ങൾക്ക് ബിഗ് സല്യൂട്ട്. മലയാളികളുടെ ഐക്യം വല്ലാതെ ഇഷ്ടപ്പെട്ടെന്നും അർജുന്റെ മൃതദേഹത്തെ അനുഗമിച്ചെത്തിയ സതീഷ് കൃഷ്ണ സെയിൽ പറഞ്ഞു.
രക്ഷാദൗത്യത്തിന്റെ ഭാഗമായ എല്ലാവരും അവരാൽ കഴിയുന്നതെല്ലാം ചെയ്തു. കേരളത്തിലെ ജനപ്രതിനിധികൾ സഹായിച്ചു. കഴിവിന്റെ പരമാവധി ശ്രമിച്ചിട്ടും അർജുനെ രക്ഷിക്കാനാവാത്തതിൽ ദുഃഖമുണ്ടെന്നും അദ്ദേഹം പറഞ്ഞു. എ.ഐ.സി.സി. ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലിന്റെയും എ.കെ. രാഘവൻ എം.പി.യുടെയും ശ്രമങ്ങളും സഹായകമായി.
രക്ഷാദൗത്യത്തിന് നേതൃത്വം നൽകിയ സതീഷ് കൃഷ്ണയ്ക്ക് നാട്ടുകാർ നന്ദിപറഞ്ഞു. കാർവാർമുതൽ കണ്ണാടിക്കലിലെ വീടുവരെ കർണാടക സർക്കാരിന്റെ പ്രതിനിധിയായി സതീഷ് കൃഷ്ണയും അങ്കോലയിൽനിന്നുള്ള പോലീസുകാരുമുണ്ടായിരുന്നു.
കാർവാർ എം.എൽ.എ.ക്ക് നന്ദിപറഞ്ഞ് എം.പി.
നിങ്ങളെ ഒരുകാലത്തും മറക്കില്ല, ഞങ്ങളോടൊപ്പം നിന്നു, അർജുനെ കണ്ടെത്തി എന്നും കടപ്പാടുണ്ടാവുമെന്ന് എം.കെ. രാഘവൻ എം.പി. കാർവാർ എം.എൽ.എ. സതീഷ് കൃഷ്ണ സെയിലിനോട് പറയുമ്പോൾ അത് മലയാളികൾക്കുവേണ്ടിയുള്ള നന്ദിപറച്ചിൽകൂടിയായി. പൊതുദർശനംകഴിഞ്ഞ് പുറത്തിറങ്ങിയശേഷമായിരുന്നു നന്ദിപറച്ചിൽ. നിങ്ങൾ വല്ലാത്ത മനുഷ്യനാണ് നിങ്ങളുടെ യോജിപ്പിന് സല്യൂട്ട് ചെയ്യുന്നെന്നും കാർവാർ എം.എൽ.എ. മറുപടിയായി പറഞ്ഞു.
അർജുനെ കണ്ടെത്താനുള്ള 72 ദിവസം നീണ്ടദൗത്യത്തിന് നേതൃത്വം നൽകിയത് സതീഷ് കൃഷ്ണയാണ്. മുഴുവൻദിവസവും മുഴുവൻസമയവും അദ്ദേഹം ഷിരൂരിലുണ്ടായിരുന്നു. എം.കെ. രാഘവൻ എം.പി.യാണ് അർജുനെ ഷിരൂരിൽ കാണാതായവിഷയത്തിൽ ആദ്യമായി ഇടപെട്ടത്. കർണാടക ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാറിന്റെ ശ്രദ്ധയിൽ വിഷയം കൊണ്ടുവന്നു.
അർജുനെ കണ്ടെത്താൻ എല്ലാ പിന്തുണയും കർണാടക വാഗ്ദാനംചെയ്തു. തിരച്ചിൽ തുടങ്ങിയശേഷം എം.കെ. രാഘവൻ എം.പി. അവിടെ ക്യാമ്പുചെയ്തു. പിന്നീട് തിരച്ചിൽ നിലച്ച് അനിശ്ചിതാവസ്ഥയിലായപ്പോൾ അർജുന്റെ സഹോദരീഭർത്താവ് ജിതിനുമായി എം.പി. കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയെ പോയി കണ്ടു. അതിനുശേഷമാണ് തിരച്ചിൽ പുനരാരംഭിക്കുന്നതും അർജുനെ കണ്ടെത്തുന്നതും.
ഈശ്വർ മാൽപെയുമെത്തി, അർജുനെ അവസാനമായി കാണാൻ
ഗംഗാവലിയിലെ കയങ്ങളിൽ അർജുനായി മുങ്ങിത്തപ്പിയ ഈശ്വർ മാൽപെ ഒടുവിൽ അർജുനെ കാണാൻ കണ്ണാടിക്കലിലെ വീട്ടിലെത്തി. മൃതദേഹത്തിനൊപ്പം ആംബുലൻസിൽത്തന്നെയാണ് എത്തിയത്. മത്സ്യത്തൊഴിലാളികളും മാൽപെയ്ക്ക് പിന്നാലെ എത്തിച്ചേർന്നിരുന്നു. സംസ്കാരച്ചടങ്ങുകളടക്കം മുഴുവൻ കഴിഞ്ഞാണ് അതേ ആംബുലൻസിൽത്തന്നെ മടങ്ങിയത്. രക്ഷാപ്രവർത്തനം നടക്കുന്നതിനിടയിൽത്തന്നെ ഒരുതവണ ഈശ്വർ മാൽപെ വീട്ടിലെത്തിയിരുന്നു. സംസ്കാരച്ചടങ്ങിന് വരണമോ വേണ്ടയോ എന്ന് സംശയിച്ചതാണ്. മനാഫാണ് നിർബന്ധമായും എത്തണമെന്ന് ആവശ്യപ്പെട്ടതെന്ന് മാൽപെ പറഞ്ഞു. മൂന്നാംഘട്ട തിരച്ചിലിലും മാൽപെയുണ്ടായിരുന്നെങ്കിലും കാർവാർ പോലീസുമായുള്ള അഭിപ്രായവ്യത്യാസത്തെത്തുടർന്ന് മടങ്ങുകയായിരുന്നു.
അന്ത്യോപചാരമർപ്പിച്ച് പ്രമുഖർ
അർജുന് അന്ത്യോപചാരമർപ്പിക്കാൻ സമൂഹത്തിന്റെ വിവിധ തുറകളിൽനിന്ന് ആളുകളെത്തി. മുഖ്യമന്ത്രിക്കുവേണ്ടി മന്ത്രി എ.കെ. ശശീന്ദ്രനും റവന്യുമന്ത്രിക്കുവേണ്ടി കളക്ടർ സ്നേഹിൽകുമാർ സിങ്ങും റീത്ത് സമർപ്പിച്ചു.
മന്ത്രി കെ. ഗണേഷ്‌കുമാർ, എം.പി.മാരായ എം.കെ. രാഘവൻ, ഷാഫി പറമ്പിൽ, മേയർ ഡോ. എം. ബീനാ ഫിലിപ്പ്, എം.എൽ.എ.മാരായ തോട്ടത്തിൽ രവീന്ദ്രൻ, ടി. സിദ്ദിഖ്, സച്ചിൻദേവ്, കെ.കെ. രമ, ലിന്റോ ജോസഫ്, കെ. സച്ചിൻദേവ്, ജില്ലാപഞ്ചായത്ത് പ്രസിഡന്റ് ഷീജാ ശശി, വൈസ് പ്രസിഡന്റ് പി. ഗവാസ്, മുൻ എം.പി.കെ. മുരളീധരൻ, മുസ്‌ലിംലീഗ് സംസ്ഥാനപ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ, കേന്ദ്ര ഹജ്ജ് കമ്മിറ്റി ചെയർമാൻ എ.പി. അബ്ദുള്ളക്കുട്ടി, ബി.ജെ.പി. സംസ്ഥാന ജനറൽ സെക്രട്ടി എം.ടി. രമേഷ്, സി.പി.എം. ജില്ലാസെക്രട്ടറി പി. മോഹനൻ, ഡി.സി.സി. പ്രസിഡന്റ് കെ. പ്രവീൺകുമാർ, ബി.ജെ.പി. ജില്ലാപ്രസിഡന്റ് വി.കെ. സജീവൻ, എ. പ്രദീപ്കുമാർ, വി. കുഞ്ഞാലി, സലീം മടവൂർ, പി. കിഷൻചന്ദ്, പി.കെ. ഫിറോസ്, വി. വസീഫ്, ഫൈൻഡ് അർജുൻ ആക്ഷൻ കമ്മിറ്റി ജനറൽ കൺവീനർ നൗഷാദ് തെക്കയിൽ എന്നിവരും അന്ത്യോപചാരമർപ്പിച്ചു.
Content Highlights: Kannadikkal village gives farewell to their dearest Arjun, who died in Shiroor landslide
Published: 29 Sept 2024, 08:03 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented