
കാഞ്ഞിരമറ്റം(എറണാകുളം): കാഞ്ഞിരമറ്റം സെയ്ന്റ് ഇഗ്‌നേഷ്യസ് സ്‌കൂളിനു സമീപം ബൈക്കുകളും അനുബന്ധ ഉപകരണങ്ങളും വിൽക്കുന്ന വ്യാപാരസ്ഥാപനവും സമീപത്തെ ഡ്രൈവിങ് സ്‌കൂളിനു മുന്നിൽ െവച്ചിരുന്ന ബൈക്കുകളും പാതിരാത്രിയിൽ കത്തിച്ചതായി പരാതി.
ബുധനാഴ്ച രാത്രി ഒരുമണിയോടെ കാഞ്ഞിരമറ്റത്തെ കാഡിലാക്‌സ് എന്ന ബൈക്കിന്റെ സ്‌പെയർപാർട്സും ഹെൽമെറ്റും വിൽക്കുന്ന ഷോറൂമിന് സമീപത്തുവെച്ചിരുന്ന ഡ്രൈവിങ് സ്‌കൂളുകാരുടെ ബൈക്കുകൾക്ക് ഒരു കൗമാരക്കാരൻ പെട്രോൾ ഒഴിച്ച് തീയിട്ടതോടെയാണ് ബൈക്കുകളും വ്യാപാര സ്ഥാപനങ്ങളും കത്തിനശിച്ചത്. സംഭവസമയം കൗമാരക്കാരൻ കുപ്പിയുമായി ഡ്രൈവിങ് സ്‌കൂളിനു സമീപത്തേക്ക് വരുന്നതും തീ ഉയരുമ്പോൾ ഓടി രക്ഷപ്പെടുന്നതുമായ സി.സി.ടി.വി. ദൃശ്യങ്ങൾ ലഭിച്ചിട്ടുണ്ട്.
തീയും പുകയും ഉയരുന്നതുകണ്ട അയൽവാസി വിവരമറിയിച്ചതിനെ തുടർന്ന് മുളന്തുരുത്തി, തൃപ്പൂണിത്തുറ എന്നിവിടങ്ങളിൽ നിന്നുമെത്തിയ അഗ്‌നിരക്ഷാസേനാ ഉദ്യോഗസ്ഥരാണ് തീയണച്ചത്.
കടയിലെ സാധനങ്ങളും സീലിങ്ങും വൈദ്യുതി ഉപകരണങ്ങളും പൂർണമായും കത്തിനശിച്ചു. കടയുടെ പിന്നിലെ ഗാരേജിൽ സൂക്ഷിച്ചിരുന്ന സൂപ്പർ ബൈക്കും ഡ്രൈവിങ് സ്‌കൂളിലെ 3 ബൈക്കുകളും നശിച്ചിട്ടുണ്ട്. 25 ലക്ഷത്തോളം രൂപയുടെ നഷ്ടമുണ്ടെന്ന് കാഡിലാക്‌സ് ഉടമകളായ എൻ.ജെ. ജസീൽ, അർജുൻ കാർത്തികേയൻ എന്നിവർ പറഞ്ഞു. തീയിട്ടതായി പറയപ്പെടുന്ന കൗമാരക്കാരനെ ബുധനാഴ്ച പകൽ കാഞ്ഞിരമറ്റം സൗത്ത് ഇന്ത്യൻ ബാങ്കിനു സമീപത്തുനിന്ന് ബൈക്ക് മോഷ്ടിക്കാൻ ശ്രമിച്ചതിന് നാട്ടുകാർ പിടികൂടിയിരുന്നു.
ഡ്രൈവിങ് സ്‌കൂളിലെ കടത്തിക്കൊണ്ടുപോകാൻ ശ്രമിച്ച ഒരു ബൈക്ക് സമീപത്തുനിന്ന് പോലീസ് കണ്ടെത്തിയിട്ടുണ്ട്. സംഭവത്തിൽ മുളന്തുരുത്തി പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. സി.സി.ടി.വി. ദൃശ്യങ്ങളുൾപ്പെടെ പരിശോധിച്ചാണ് അന്വേഷണം.
Content Highlights: Arson attack at Cadillac bike showroom in Kanjiramattom., Property damage estimated at 25 lakhs., CCTV footage captures a teenager setting fire to bikes., Police investigation launched by Mulanthuruthy station., Suspect previously linked to a bike theft attempt.
Published: 19 Jun 2026, 08:20 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented