കാഞ്ഞങ്ങാട്: നികുതി വെട്ടിച്ച് കടത്താൻ ശ്രമിക്കവേ പിടിച്ച കോടി രൂപയുടെ അടയ്ക്ക അമ്പലത്തറ സ്റ്റേഷൻ വളപ്പിൽ കൊണ്ടിട്ടിട്ട് അഞ്ചര മാസമാകുന്നു. നികുതി വെട്ടിച്ച് കോടികളുടെ അടയ്ക്ക ഉത്തരേന്ത്യയിലെത്തിക്കുന്ന ലോബിയുടെതാണിതെന്ന വിവരമാണ് ജി.എസ്.ടി. ഉദ്യോഗസ്ഥർക്ക് കിട്ടിയത്. അടയ്ക്ക കയറ്റിയവരും ലോറി ഉടമയുമെല്ലാം അവ വിട്ടുകിട്ടാൻ ഹൈക്കോടതി വഴിയും മറ്റും ശ്രമിച്ചെങ്കിലും ഫലം കണ്ടില്ല. ഏറ്റവുമൊടുവിൽ ചൊവ്വാഴ്ച കാസർകോട്ട് ജി.എസ്.ടി. ഉദ്യോഗസ്ഥർക്ക് മുൻപാകെ ഹാജരാകണമെന്ന് പറഞ്ഞെങ്കിലും ലോറി ഉടമ വന്നതുമില്ല.
അടയ്ക്ക ചീത്തയായിപ്പോകുന്നത് ബോധ്യപ്പെട്ടതിന്റെ കൂടി അടിസ്ഥാനത്തിൽ ഇത് ലേലംചെയ്യാനുള്ള ഒരുക്കത്തിലാണ് ജി.എസ്.ടി. ഉദ്യോഗസ്ഥർ. കഴിഞ്ഞവർഷം ഡിസംബർ 28-നാണ് ഒരുലോഡ് അടയ്ക്ക പിടിച്ചത്. ദേശീയപാതയോരത്ത് നിർത്തിയിട്ടിരിക്കുകയായിരുന്നു നാഷണൽ പെർമിറ്റ് ലോറി. അതുവഴി വന്ന ജി.എസ്.ടി. എൻഫോഴ്സ്‌മെന്റ് ഇന്റലിജൻസ് വിങ്ങിന് തോന്നിയ സംശയത്തിൽ നടത്തിയ പരിശോധനയിലാണ് നികുതിവെട്ടിപ്പ് കണ്ടെത്തിയത്.
ഡ്രൈവർ നൽകിയ ബിൽ പ്രകാരം അടയ്ക്ക വിറ്റ ബദിയഡുക്കയിലെ സ്ഥാപനത്തെക്കുറിച്ച് അന്വേഷിച്ചു. അങ്ങനെയൊരു സ്ഥാപനമില്ല. വ്യാജ സ്ഥാപനത്തിന്റെ ഉടമയാകട്ടെ കർണാടക സ്വദേശിയും. ഇയാളുടെ വിലാസത്തിൽ അയച്ച കത്ത് മടങ്ങിയെത്തുകയും ചെയ്തു.
380 ചാക്കുകളിലായി 24,700 കിലോ അടയ്ക്കയാണ് ലോറിയിലുള്ളത്. 40 ലക്ഷത്തോളം രൂപയാണ് ബില്ലിൽ കാണിച്ചിരിക്കുന്നത്. അഞ്ചു ശതമാനം ജി.എസ്.ടി. തുകയായ രണ്ടുലക്ഷത്തോളം രൂപയായിരുന്നു അടയ്ക്കേണ്ടിയിരുന്നത്. ചരക്കുസേവനനികുതി വെട്ടിക്കൽ മാത്രമല്ല, വ്യാജരേഖ ഉപയോഗിച്ചുള്ള അടയ്ക്കകടത്തിന് മറ്റു പല ഗൂഢലക്ഷ്യങ്ങളുമുണ്ട്.
ഉത്തേരേന്ത്യൻ സംസ്ഥാനങ്ങളിൽ പാൻമസാല ഉത്പാദിപ്പിക്കപ്പെടുന്ന കേന്ദ്രത്തിലേക്കാണ് അടയ്ക്കയെത്തിക്കുന്നത്. കൃത്യമായ ചാനലിലൂടെ അതെത്തിയാൽ ഉത്പാദിപ്പിക്കുന്ന പാൻമസാലയുടെ കണക്കും കൃത്യമായി ബോധിപ്പിക്കേണ്ടിവരും. ഗണ്യമായ നികുതിയാണ് അതിന് അടയ്ക്കേണ്ടി വരിക. ഇതൊഴിവാക്കാൻ കൂടിയാണ് കള്ളക്കടത്ത്.
Content Highlights: Over 24,700kg of areca nuts seized by GST enforcement in Kanhangad., The cargo was linked to fake establishments and interstate tax evasion., Owners failed to appear for hearings, leading to planned auction of the goods., The areca nuts were intended for pan masala manufacturing units in North India to evade taxes.
Published: 13 May 2026, 07:54 am IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented