കല്‍പ്പറ്റ: കല്‍പ്പറ്റക്കാര്‍ക്ക് ഏതാവശ്യത്തിനും വിളിക്കാവുന്ന പേരുകാരിലൊരാളായിരുന്നു എന്‍.വി. ബിനീഷ്. സജീവ പൊതുപ്രവര്‍ത്തകന്‍. കോവിഡ്കാലത്തും വയനാടാകെ തകിടംമറിഞ്ഞ പ്രളയകാലങ്ങളിലുമെല്ലാം നാടിന്റെ ആവശ്യങ്ങള്‍ക്കൊപ്പം നിന്നയാളായിരുന്നു ബിനീഷ്. ചിരിയോടെ എല്ലാവരെയും അഭിമുഖീകരിക്കും, കേള്‍ക്കും, ആവശ്യമുണ്ടെങ്കില്‍ സുഹൃത്തുക്കളായ യുവാക്കളെയുംകൂട്ടി അയാളുണ്ടാവും.

To advertise here,

സജീവ സി.പി.എം. പ്രവര്‍ത്തകനും സി.പി.എം. കല്‍പ്പറ്റ നോര്‍ത്ത് കമ്മിറ്റി അംഗവുമായിരുന്നു ബിനീഷ്. കല്‍പറ്റ ഏരിയാകമ്മിറ്റി ഓഫീസില്‍ മൃതദേഹം പൊതുദര്‍ശനത്തിനുവെച്ചതോടെ ആളുകൂടി. അതില്‍ പ്രത്യയശാസ്ത്രങ്ങളുടെ വ്യത്യാസമുണ്ടായിരുന്നില്ല. എല്ലാവരും നിറകണ്ണുകളോടെ ഓടിയെത്തി. ഏറെ ആദരവോടെ ചെങ്കൊടി പുതച്ചു. നിശ്ശബ്ദം അഭിവാദ്യമര്‍പ്പിച്ച് ഒപ്പംനിന്നു.

ഡി.വൈ.എഫ്.ഐ.യിലൂടെയാണ് ബിനീഷ് സജീവമാകുന്നത്. കല്‍പറ്റ ബ്ലോക്ക് കമ്മിറ്റി ജോ. സെക്രട്ടറിയായിരുന്നു. റെഡ് വൊളന്റിയര്‍ ലോക്കല്‍ ക്യാപ്റ്റനായിരുന്നു. ചെറുപ്പംമുതല്‍ സാമൂഹികപ്രവര്‍ത്തനത്തില്‍ സജീവം. 'കോവിഡ്കാലത്ത് ഏറെ ശ്രമകരമായ കൊറോണ ബാധിച്ച് മരിച്ചവരുടെ സംസ്‌കാരച്ചടങ്ങുകള്‍ക്ക് നേതൃത്വംനല്‍കിയത് ബിനീഷായിരുന്നു. വൊളന്റിയര്‍മാരാവാന്‍ എല്ലാവരും മടിക്കുന്ന ഇടത്ത് ചെറിയ കുഞ്ഞുണ്ടായിട്ടും അദ്ദേഹമതിന് തയ്യാറായി' - സുഹൃത്തുക്കള്‍ ഓര്‍മ്മ പങ്കുവെച്ചു. 'പുത്തുമല ദുരന്തമുണ്ടായപ്പോള്‍ രക്ഷാപ്രവര്‍ത്തനത്തിന് ഓടിയെത്തി. ചൂരല്‍മല-മുണ്ടക്കൈ ദുരന്തമുണ്ടായപ്പോള്‍ എസ്.കെ.എം.ജെ. സ്‌കൂളില്‍ പ്രവര്‍ത്തിച്ച ക്യാമ്പിലെ വൊളന്റിയര്‍മാരെ നയിച്ചത് ബിനീഷായിരുന്നു. തിക്കോടിയില്‍ എല്ലാവരും തിരയില്‍പ്പെട്ടപ്പോള്‍ രക്ഷിക്കാന്‍ നോക്കിയതാവും ബിനീഷ്' - സുഹൃത്തുക്കള്‍ ഇപ്പോഴും ആശ്വസിക്കുകയാണ്.

ഭാര്യ ശ്രീകല ഇസ്രയേലില്‍ ജോലിചെയ്യുകയാണ്. അതിനാല്‍ മക്കളുടെയും അമ്മയുടെയും കാര്യങ്ങള്‍ നോക്കിയിരുന്നതും ബിനീഷാണ്. 'അങ്ങനെ വീട്ടില്‍നിന്ന് മാറിനില്‍ക്കാറില്ല. വൈകീട്ട് എത്താലോയെന്ന പ്രതീക്ഷയിലായിരിക്കും സുഹൃത്തുക്കള്‍ക്കൊപ്പം ടൂര്‍പോയിരിക്കുക' - പരിചയക്കാര്‍ പറഞ്ഞു വിതുമ്പുന്നു. വൈകീട്ട് അമ്മ ദാക്ഷായണിയെയും അടുത്തബന്ധുക്കളെയും ഏരിയാകമ്മിറ്റി ഓഫീസിലേക്കെത്തിച്ചു. മകനെ കണ്ടതോടെ അമ്മ വാവിട്ടുകരഞ്ഞു. ആറുമണിയോടെ മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. ഭാര്യ ശ്രീകല ചൊവ്വാഴ്ച എത്തിയതിനുശേഷമായിരിക്കും സംസ്‌കാരം.