വടകര: തന്റെ മകൻ തനിക്ക് ഒരു മാനക്കേടും ഉണ്ടാക്കാതെ അയാളുടെ ജീവിതം നയിക്കുന്നയാളാണെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവന നിലവിൽ രാഷ്ട്രീയപ്രവർത്തനം നടത്തുന്ന യുവാക്കളെ തള്ളിപ്പറയുന്നതിന് തുല്യമാണെന്ന് സാഹിത്യകാരൻ കൽപ്പറ്റ നാരായണൻ പറഞ്ഞു. സോഷ്യലിസ്റ്റ് നേതാവും മുൻ വടകര നഗരസഭ ചെയർമാനുമായ കെ.കെ. രാഘവൻ അനുസ്മരണത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. സമ്പന്നനായി ആഡംബരത്തോടെ ജീവിക്കുക, എന്ത് സംഭവിച്ചാലും ഭൂമിയിൽ തനിക്ക് കുഴപ്പമില്ല എന്ന് ചിന്തിക്കുന്ന വലിയൊരു തലമുറ ഇവിടെ വളർന്നുവരുമ്പോഴാണ് അതിലൊരുവനാണ് തന്റെ മകനെന്ന് മുഖ്യമന്ത്രി അഭിമാനപൂർവം പറയുന്നത്. ജീവിതം പണയംവെച്ച്, ഒട്ടേറെ തല്ലുവാങ്ങി, ആരോപണങ്ങൾ ഏറ്റുവാങ്ങി പ്രവർത്തിക്കുന്ന ഡിവൈഎഫ്ഐക്കാരനെയും എസ്എഫ്ഐക്കാരനെയും അവഗണിക്കുകയാണ് ഈ വാക്കുകളെന്നും കൽപ്പറ്റ കുറ്റപ്പെടുത്തി. ഒരു കമ്യൂണിസ്റ്റുകാരൻ സ്വാഭാവികമായും തന്റെ മകൻ ഒരു കമ്യൂണിസ്റ്റാകണമെന്നാണ് ആഗ്രഹിക്കുക. സഖാവിനേക്കാൾ വലിയൊരു പദവി കമ്യൂണിസ്റ്റുകാരന്റെ മുന്നിലുണ്ടോ. ഇല്ലെങ്കിൽ അയാളൊരു കമ്മ്യൂണിസ്റ്റല്ലെന്നും അദ്ദേഹം പറഞ്ഞു.

To advertise here,

അബിൻ വർക്കിയെ യൂത്ത് കോൺഗ്രസ് അധ്യക്ഷനാക്കാത്തതിൽ കോൺഗ്രസ് നിരത്തുന്ന ന്യായങ്ങളെക്കുറിച്ച് ആലോചിക്കുമ്പോൾ വലിയ സങ്കടമുണ്ടെന്ന് കൽപ്പറ്റ ചൂണ്ടിക്കാട്ടി. ജാത്യധിഷ്ഠിതമായി രാഷ്ട്രീയം മാറിയെന്നതിന് ഇതിൽപ്പരം എന്ത് തെളിവ് വേണം. രണ്ട് ക്രിസ്ത്യാനികൾ രണ്ട് ഉന്നതപദവികളിലിരുന്നാൽ കോൺഗ്രസിന്റെ എന്ത് ജനാധിപത്യമൂല്യമാണ് ഇല്ലാതാവുക. യോഗ്യരായവർ ഏത് ജാതിയിലായാലും കണ്ടെത്തി അവരെ സ്വീകരിക്കുകയല്ലേ വേണ്ടത്. എന്തുകൊണ്ട് ഇതിന് കഴിയുന്നില്ല. കൂടുതൽ ജാത്യാധിഷ്ഠിതമാകുന്ന കേരളത്തിന് ജന്മം കൊടുക്കുകയല്ലേ ഇത്തരം തീരുമാനം എടുക്കുമ്പോൾ ഉണ്ടാകുന്നതെന്നും അദ്ദേഹം ചോദിച്ചു.