കൊച്ചി: ജസ്റ്റിസ് തോട്ടത്തില്‍ ബി. രാധാകൃഷ്ണന്റെ നിര്യാണത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷ നേതാവ് വി.ഡി സതീശനും അനുശോചിച്ചു.

To advertise here,

പ്രഗത്ഭമതിയായ ന്യായാധിപനും സാമൂഹ്യ പ്രശ്‌നങ്ങളില്‍ ചടുലമായി പ്രതികരിക്കാന്‍ സന്നദ്ധത കാണിച്ച വ്യക്തിയുമായിരുന്നു തോട്ടത്തില്‍ ബി രാധാകൃഷ്ണനെന്ന് മുഖ്യമന്ത്രി പറഞ്ഞു. അഭിഭാഷകന്‍ എന്ന നിലയിലും ന്യായാധിപന്‍ എന്ന നിലയിലും കഴിവ് തെളിയിച്ച വ്യക്തിയായിരുന്നു അദ്ദേഹം. ഉയര്‍ന്നുവരുന്ന യുവ അഭിഭാഷക തലമുറയ്ക്ക്  മാര്‍ഗ്ഗദര്‍ശിയെയാണ് നഷ്ടപ്പെട്ടത്.  തോട്ടത്തില്‍ രാധാകൃഷ്ണന്റെ അകാലവിയോഗം ജുഡീഷ്യറിക്കും  സാമൂഹ്യ ജീവിതത്തിനാകെയും വലിയ  നഷ്ടമാണ് ഉണ്ടാക്കിയിരിക്കുന്നതെന്നും മുഖ്യമന്ത്രി അനുശോചന സന്ദേശത്തില്‍ പറഞ്ഞു.

ജനപക്ഷത്തിനൊപ്പം നിന്ന് നീതിയുക്തമായ വിധികള്‍ പുറപ്പെടുവിച്ച ന്യായാധിപനായിരുന്നു ജസ്റ്റിസ് തോട്ടത്തില്‍ ബി. രാധാകൃഷ്ണനെന്ന് പ്രതിപക്ഷനേതാവ് വി.ഡി സതീശന്‍. കേരള ഹൈക്കോടതിയില്‍ 12 വര്‍ഷത്തിലേറെ ജഡ്ജിയായിരുന്ന അദ്ദേഹം കൊല്‍ക്കത്ത തെലങ്കാന, ഹൈദരാബാദ്, ചത്തീസ്ഗഢ് ഹൈക്കോടതികളില്‍ ചീഫ് ജസ്റ്റിസായും പ്രവര്‍ത്തിച്ചിട്ടുണ്ട്. പൗരാവകാശങ്ങളും ജനകീയ പ്രശ്നങ്ങളും ഉള്‍പ്പെട്ട വിഷയങ്ങളില്‍ നിരന്തര ഇടപെടല്‍ നടത്തിയിരുന്ന തോട്ടത്തില്‍ ബി. രാധാകൃഷ്ണന്‍ മാനസികാരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തനത്തിലും മുതിര്‍ന്ന പൗരന്മാരുടെ പ്രശ്നങ്ങളിലും ശ്രദ്ധേയമായ ഇടപെടലുകള്‍ നടത്തിയിട്ടുണ്ട്.അദ്ദേഹത്തിന്റെ നിര്യാണം നിയമമേഖലയ്ക്കും പൊതുരംഗത്തിനും തീരാനഷ്ടമാണ്. കുടുംബാംഗങ്ങളുടെയും സുഹൃത്തുക്കളുടെയും ദുഃഖത്തില്‍ പങ്ക് ചേരുന്നുവെന്നും അദ്ദേഹം അറിയിച്ചു.