
തൃശ്ശൂര്‍: തൃശ്ശൂര്‍-കുറ്റിപ്പുറം റോഡിലെ കുഴിയില്‍ വീണ് ഹൈക്കോടതി ജഡ്ജി ദേവന്‍ രാമചന്ദ്രന്റെ വാഹനത്തിന്റെ ടയര്‍ പഞ്ചറായി. അരമണിക്കൂറോളം ജഡ്ജി റോഡില്‍ കുടുങ്ങി. പഞ്ചറായ ടയര്‍ സ്ഥലത്തെത്തിയ പേരാമംഗലം സ്റ്റേഷനിലെ പോലീസുകാര്‍ മാറ്റിനല്‍കിയശേഷമാണ് യാത്ര തുടര്‍ന്നത്.
ശനിയാഴ്ച കോഴിക്കോട്ടുനിന്ന് തൃശ്ശൂരിലേക്ക് വരുന്നതിനിടെ ഉച്ചയ്ക്ക് രണ്ടരയോടെ പേരാമംഗലത്തിനടുത്ത് മുണ്ടൂര്‍ മഠത്തിന് സമീപമാണ് കാറിന്റെ ടയര്‍ പഞ്ചറായത്. മുണ്ടൂരിലെത്തിയപ്പോള്‍ ജസ്റ്റിസിന്റെ കാറിന്റെ മുന്‍വശത്ത് ഇടതുഭാഗത്തെ ടയര്‍ കുഴികളില്‍ ചാടി പഞ്ചറായി നില്‍ക്കുകയായിരുന്നു. തുടര്‍ന്ന് ജസ്റ്റിസ് കാറില്‍നിന്നിറങ്ങി അടുത്ത ബസ് സ്റ്റോപ്പില്‍ കയറിനിന്നു. കാറില്‍ അദ്ദേഹത്തിനു പുറമേ ഡ്രൈവറും സുരക്ഷാ ഉദ്യോഗസ്ഥനുമാണ് ഉണ്ടായിരുന്നത്. ഈ സമയം ഇതുവഴി കടന്നുപോയ കുന്നംകുളം പോലീസിന്റെ പൈലറ്റ് വാഹനത്തിലെ പോലീസുകാരാണ് പേരാമംഗലം സ്റ്റേഷനില്‍ വിവരമറിയിച്ചത്.
തൃശ്ശൂര്‍ കോടതിസമുച്ചയത്തിലെ ബാര്‍ അസോസിയേഷന്‍ ഹാളില്‍ പ്രഭാഷണം നടത്താനാണ് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ എത്തിയത്. അല്പം വൈകിയെങ്കിലും അദ്ദേഹം പരിപാടിയില്‍ പങ്കെടുത്തു.
കുഴി നിറഞ്ഞ്, തകര്‍ന്നുകിടക്കുന്ന തൃശ്ശൂര്‍-കുറ്റിപ്പുറം റോഡിലൂടെയുള്ള യാത്ര ഏറെ ദുരിതം നിറഞ്ഞതാണ്. അറ്റകുറ്റപ്പണിയും നിര്‍മാണവും പൂര്‍ത്തിയാകാതെ കിടക്കുന്ന ഈ റോഡ് ഒഴിവാക്കി നേരത്തെ മുഖ്യമന്ത്രിയുടെ വാഹനം വഴിമാറിപ്പോയിരുന്നു.
ഈ പാത സഞ്ചാരയോഗ്യമാക്കണമെന്ന് നേരത്തെ പലതവണ ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. കഴിഞ്ഞ ഓഗസ്റ്റിലും ഈ നിര്‍ദേശം നല്‍കിയിരുന്നു. തുടര്‍ന്ന് എക്‌സിക്യുട്ടീവ് എന്‍ജിനീയറെ സസ്‌പെന്‍ഡ് ചെയ്യുകയും ചീഫ് എന്‍ജിനീയറെ സ്ഥലംമാറ്റുകയും ചെയ്തുവെന്ന് സര്‍ക്കാര്‍ ജസ്റ്റിസിനെ അറിയിച്ചിരുന്നു.
Content Highlights: justice devan ramachandran car tyre puncture
Published: 29 Sept 2024, 08:10 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented