കൊച്ചി: സോഷ്യലിസം മതേതരത്വം എന്നിവ ആകാശത്തുനിന്ന് പൊട്ടിവീണ ആശയങ്ങളല്ലെന്നും ഭരണഘടനയിൽ അന്തർലീനമായ ലക്ഷ്യങ്ങളാണെന്നും സുപ്രീംകോടതി മുൻ ജഡ്ജി ജസ്റ്റിസ് ജെ. ചെലമേശ്വർ. ഈ വാക്കുകൾ ആമുഖത്തിലുണ്ടോ ഇല്ലയോ എന്നതിനൊന്നും വലിയ പ്രസക്തിയില്ല. പക്ഷേ, അവ എന്തിന് മാറ്റുന്നു എന്നതാണ് വിഷയം. ഭരണഘടന നിലവിൽ വന്നതു മുതൽ ഈ രണ്ട് ആശയങ്ങളുമുണ്ട്. കോൺഗ്രസിന്റെ 1931-ലെ കറാച്ചി സമ്മേളനത്തിനു മുന്നേ തുടങ്ങിയ ചർച്ചയുടെ തുടർച്ചയായിരുന്നു അത്. അതൊക്കെ മറന്ന് പുതിയ ചരിത്രം രചിക്കാൻ ശ്രമിക്കുമ്പോഴാണ് ഈ വാക്കുകൾ ഒഴിവാക്കണമെന്ന തരത്തിലുള്ള ചർച്ചകൾ നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

To advertise here,

എറണാകുളം സർക്കാർ ലോ കോളേജിന്റെ 150-ാം വാർഷികാഘോഷത്തിന്റെ ഭാഗമായി എറണാകുളം ലോ കോളേജ് ഒാൾഡ് സ്റ്റുഡന്റ്സ് അസോസിയേഷൻ സംഘടിപ്പിച്ച നിയമപ്രഭാഷണ പരമ്പര ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ‘മതേതരത്വവും സോഷ്യലിസവും ഒഴിവാക്കണമെന്ന മുറവിളിക്ക്‌ ന്യായീകരണമുണ്ടോ’ എന്നതായിരുന്നു പ്രഭാഷണ വിഷയം.

പേപ്പറിൽ മഷികൊണ്ടെഴുതിയ രേഖയായിട്ടല്ല, ജലിയാംവാലാ ബാഗിലെ രക്തസാക്ഷികളുടെ രക്തത്താൽ കുറിച്ച രേഖയായിട്ടാണ് ഭരണഘടനയെ മനസ്സിലാക്കേണ്ടതെന്ന് താൻ വിധിന്യായത്തിൽ എഴുതിയിട്ടുണ്ട്. അതല്ലാതാകുമ്പോഴാണ് തിരുത്തണമെന്നൊക്കെ തോന്നുന്നത്.

ഒട്ടേറെ മതങ്ങളുടെയും വിശ്വാസങ്ങളുടെയും ഇടമായ ഇന്ത്യയിൽ മതേതരത്വം എന്ന വാക്കിന് വിശാലമായ അർഥമുണ്ട്. ഇപ്പോൾ മതേതരത്വത്തെക്കുറിച്ച് സംസാരിക്കുമ്പോൾ രണ്ടോ മൂന്നോ മതങ്ങളെക്കുറിച്ചാണ് പറയുന്നത്. ഒട്ടേറെ മതങ്ങൾ ഉള്ളതിനാലാണ് മതസ്വാതന്ത്ര്യത്തെക്കുറിച്ച് ഭരണഘടനയിൽ പ്രത്യേക വകുപ്പുകൾതന്നെ ഉൾപ്പെടുത്തിയത്. അതിന്റെയൊക്കെ തുടർച്ചയായി ഭേദഗതിയിലൂടെ പിന്നീട് മതേതരത്വം, സോഷ്യലിസം എന്നീ വാക്കുകൾ ചേർത്തു എന്നേയുള്ളു.

മൻമോഹൻ സിങ്ങിന്റെ കാലത്ത് സോഷ്യലിസം എന്ന വാക്ക് ഒഴിവാക്കുകയായിരുന്നില്ല, ആ ആശയത്തെ തന്നെ തകർക്കുകയായിരുന്നു-സ്വകാര്യവത്കരണത്തെ സൂചിപ്പിച്ച് അദ്ദേഹം പറഞ്ഞു.

ഏതെങ്കിലും ചില വാക്കുകൾ ഒഴിവാക്കുന്നുണ്ടോ ഇല്ലയോ എന്നതൊന്നുമല്ല വിഷയം. മനുഷ്യരെ മനുഷ്യരായി കണ്ട് ശരിതെറ്റുകളെ തിരിച്ചറിഞ്ഞ് സ്വാതന്ത്ര്യത്തോടെ ജീവിക്കാൻ കഴിയുന്നുണ്ടോ എന്നതാണ് വിഷയമെന്നും അദ്ദേഹം പറഞ്ഞു.

മതേതരത്വം, സോഷ്യലിസം എന്നീ വാക്കുകകൾ ഒഴിവാക്കാൻ ശ്രമിക്കുന്നത് ഭരണഘടനാ ലക്ഷ്യങ്ങളിൽ വെള്ളം ചേർക്കുന്നതാണെന്ന് ചടങ്ങിൽ അധ്യക്ഷനായിരുന്ന മുൻ സുപ്രീംകോടതി ജഡ്ജി ജസ്റ്റിസ് കെ.എം. ജോസഫ് പറഞ്ഞു. മതമല്ല പ്രശ്നമെന്നും അധികാരലക്ഷ്യത്തോടെ മതത്തെ രാഷ്ട്രീയക്കാർ ഉപയോഗിക്കുന്നതാണ് പ്രശ്നമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സെക്യുലറിസം എന്നത് ഇന്ത്യൻ ഭരണഘടനയുടെ അടിസ്ഥാന ഘടനയാണെന്നും അതിനിപ്പോൾ ശോഷണം സംഭവിക്കുകയാണെന്നും മന്ത്രി പി. രാജീവ് പറഞ്ഞു. കോളേജിലെ മുൻ അധ്യാപകരെ ചടങ്ങിൽ ആദരിച്ചു. കോളേജ് പ്രിൻസിപ്പൽ മിനി പോൾ, അസോസിയേഷൻ സെക്രട്ടറി അഡ്വ. പി. സഞ്ജയ്, അഡ്വ. കെ. ലക്ഷ്മിനാരായണൻ എന്നിവർ സംസാരിച്ചു.