തിരുവനന്തപുരം: പേരും കൊടിയും ചിഹ്നവുമില്ലാത്ത ഒരു പാർട്ടിയുമായി എങ്ങനെ രാഷ്ട്രീയപ്രവർത്തനം നടത്താനാകുമെന്ന് ജെ.ഡി.എസ്. സംസ്ഥാന പ്രസിഡന്റ് മാത്യു ടി. തോമസിനോട് മുൻമന്ത്രിയും പാർട്ടി വൈസ് പ്രസിഡന്റുമായ ജോസ് തെറ്റയിൽ. ‘രാഷ്ട്രീയപ്പാർട്ടിയെന്ന് നാം സ്വയം അവകാശപ്പെടുന്ന സംഘടനയുടെ ഇന്നത്തെ അവസ്ഥയെക്കുറിച്ച് പ്രവർത്തകർക്കുള്ള ആശങ്കകളും ആകുലതകളും പങ്കുവെക്കുന്നു’ എന്ന മുഖവുരയോടെ നൽകിയ കത്തിലാണ് ഇക്കാര്യം പറയുന്നത്.

To advertise here,

‘ഒരു ഞാണിന്മേൽ കളിപോലെയാണ് നമ്മുടെ പ്രവർത്തനവും നിലനിൽപ്പും. ഒരുവർഷമായി ഒരു രാഷ്ട്രീയപ്രവർത്തനവും നമുക്ക് നടത്താനായിട്ടില്ല. ഇതിനിടയിൽ ഒരു പാർലമെന്റ് തിരഞ്ഞെടുപ്പ് നടന്നു. തദ്ദേശതിരഞ്ഞെടുപ്പ് ആസന്നമായിരിക്കുന്നു. എന്നിട്ടും സംസ്ഥാനഭാരവാഹികളുടെ ഒരു യോഗം പോലും ചേർന്നിട്ടില്ല’.

ദേവഗൗഡയുടെ നേതൃത്വത്തിലുള്ള ജനതാദൾ (എസ്) ബി.ജെ.പി.യുടെ സഖ്യകക്ഷിയായപ്പോൾ, ജെ.ഡി.എസ്. പുതിയപാർട്ടി രൂപവത്കരിക്കുമെന്നും സ്വതന്ത്രനിലപാട് സ്വീകരിച്ച് കേരളത്തിൽ പ്രവർത്തിക്കുമെന്നും പ്രഖ്യാപിച്ചതിനെക്കുറിച്ചും കത്തിൽ പറയുന്നുണ്ട്. പാർട്ടിയെ ത്രിശങ്കുവിലാക്കി നിർത്തിയിരിക്കുകയാണ് എന്നാണ് ഇതേക്കുറിച്ച് പറയുന്നത്.

ഭൂരിപക്ഷം സംസ്ഥാനഭാരവാഹികളും ജില്ലാ പ്രസിഡന്റുമാരും നേരിട്ട് ആവശ്യപ്പെട്ടിട്ടും യോഗം വിളിക്കാതെ നീട്ടിക്കൊണ്ടുപോകുകയാണ്. അടിയന്തരമായി പാർട്ടിയോഗം വിളിക്കണം.

പ്രവർത്തകരുടെ കൊഴിഞ്ഞുപോക്ക് തടയാനും ഉള്ളവരെ പിടിച്ചുനിർത്താനും നടപടി സ്വീകരിക്കണമെന്നും ജോസ് തെറ്റയിൽ കത്തിൽ ആവശ്യപ്പെടുന്നു.