തിരുവനന്തപുരം:  സിപിഎം പിബി അംഗം എസ്ആര്‍പി(എസ് രാമചന്ദ്രന്‍പിള്ള) ചെറുപ്പകാലത്ത് ആര്‍എസ്എസ് ശിക്ഷക് ആയിരുന്നെന്ന് ജന്മഭൂമിയില്‍ ലേഖനം. ഇപ്പോഴത്തെ കമ്മ്യുണിസ്റ്റു നേതാക്കളില്‍ മാന്യതയുടെ മുഖമുള്ള നേതാവാണ് എസ്ആര്‍പി. മാന്യതയ്ക്ക് കാരണം അദ്ദേഹത്തിന്റെ ആര്‍എസ്എസ് സംസ്‌കാരമാണ് എന്ന് പറയുന്നവരുമുണ്ടെന്ന് പി.ശ്രീകുമാര്‍ എഴുതിയ ആര്‍എസ്എസ്..ആര്‍ ശങ്കറും എസ്ആര്‍പിയും എന്ന ലേഖനത്തില്‍ പറയുന്നു.

ആര്‍എസ്എസ് ശാഖയില്‍ പങ്കെടുക്കുക മാത്രമല്ല. രാമചന്ദ്രന്‍ പിള്ള കായംകുളത്ത് ആര്‍എസ്എസ് ശാഖ നടത്തുന്നതിന്റെ ചുമതലക്കാരനുമായിരുന്നു. ഹൈസ്‌കൂള്‍ വിദ്യാര്‍ഥിയായിരുന്നപ്പോഴാണ് എസ്ആര്‍പി ശ്രീകൃഷ്ണപുരം പഞ്ചായത്തിലെ പുള്ളിക്കണക്ക് ശാഖയിലെ പ്രവര്‍ത്തകനായിരുന്നത്. ശാഖയുടെ നടത്തിപ്പ് ചുമതലയുള്ള ശിക്ഷക് എന്ന ചുമതല വഹിച്ചിരുന്ന എസ്ആര്‍പി സംഘത്തിന്റെ പ്രവര്‍ത്തന ശിബിരത്തിലും പങ്കെടുത്തിട്ടുണ്ട്. പിന്നീട് ഇദ്ദേഹം കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയോട് അടുക്കുകയും പ്രവര്‍ത്തനത്തില്‍ സജീവമാകുകയും ചെയ്യുകയായിരുന്നുവെന്നും ലേഖനം പറയുന്നു. 

പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആര്‍എസ്എസ് ആയിരുന്നില്ലെങ്കിലും അച്ഛന്‍ രാമകൃഷ്ണന്‍ നായര്‍ ആര്‍എസ്എസിനെ സ്നേഹിച്ചിരുന്നു. ചെന്നിത്തല മഹാത്മാ സ്‌കൂളിലെ അധ്യാപകനായ അദ്ദേഹം ആര്‍എസ്എസ് കളരിക്കല്‍ ശാഖയില്‍ ഗുരുപൂജ, ഗുരുദക്ഷിണ പരിപാടികളിലും പങ്കെടുത്തു. അതിനപ്പുറം രമേശിന് ആര്‍എസ്എസിന്റെ ഒരു മണോം ഗുണോം ഇല്ലെന്ന് ആ സംഘടനയെ അറിയാവുന്ന ആര്‍ക്കുമറിയാമെന്നും ലേഖനം പറയുന്നു.

കോടിയേരി ആര്‍എസ്എസ് എന്ന് പറഞ്ഞതിന്റെ പേരില്‍ ചെന്നിത്തല തലകുമ്പിടേണ്ടതുമില്ല. കോണ്‍ഗ്രസില്‍ എല്ലാ അര്‍ത്ഥത്തിലും രമേശിനേക്കാള്‍ വലിയ നേതാവായിരുന്നല്ലോ മുന്‍ മുഖ്യമന്ത്രി ആര്‍.ശങ്കര്‍. ആത്മാഭിമാനിയും ഹിന്ദുത്വാഭിമാനിയുമായിരുന്ന ആര്‍.ശങ്കര്‍ കൊല്ലത്തെ ആര്‍എസ്എസ് ശാഖയിലെ സ്വയംസേവകനായിരുന്നു. ശാഖയില്‍ വന്നു എന്നതിന്റെ പേരില്‍ ആര്‍.ശങ്കറിനെയും എസ്. രാമചന്ദ്രന്‍പിള്ളയേയും തങ്ങളുടെ ആളാക്കാന്‍ ആര്‍എസ്എസ് ഒരിക്കലും ശ്രമിച്ചിട്ടില്ലെന്നും ജന്മഭൂമി ലേഖനം പറയുന്നു.

Content Highlights:  Janmabhoomi says S. Ramachandran Pillai was an RSS shikshak