തിരുവനന്തപുരം: ഗ്രാമീണവീടുകളിൽ കുടിവെള്ളമെത്തിക്കുന്ന ജലജീവൻ മിഷനിലെ സാമ്പത്തികപ്രതിന്ധി പരിഹരിക്കാൻ 12,000 കോടി കടമെടുക്കാനുള്ള സംസ്ഥാനസർക്കാരിന്റെ നീക്കം പ്രതിസന്ധിയിൽ. വിഹിതം കണ്ടെത്താൻ ജല അതോറിറ്റിയോ സർക്കാരോ വായ്പയെടുക്കാനായിരുന്നു തീരുമാനം.
തിരിച്ചടവിനെക്കുറിച്ചുള്ള ആശങ്കകളും സർക്കാരിന്റെ പൊതുകടമെടുപ്പ് പരിധിയെ ബാധിക്കാനുള്ള സാധ്യതയുമാണ് തിരിച്ചടിയായത്. ജല അതോറിറ്റി ഉദ്യോഗസ്ഥരുടെ എതിർപ്പ് വകവെക്കാതെയായിരുന്നു വായ്പയെടുക്കാനുള്ള നീക്കം. സംസ്ഥാന സർക്കാർ നൽകേണ്ട വിഹിതം വായ്പയായി ജല അതോറിറ്റിയുടെ മേൽ കെട്ടിവെക്കാനുള്ള ശ്രമത്തിനെതിരേ സി.ഐ.ടി.യു. ഉൾപ്പെടെ പ്രതിഷേധം സംഘടിപ്പിച്ചിരുന്നു.
44,714 കോടിയാണ് ജലജീവൻ മിഷന്റെ മൊത്തം ചെലവ്. കേന്ദ്ര-സംസ്ഥാന സർക്കാരുകൾ തുല്യമായാണ് തുക അനുവദിക്കേണ്ടത്. പദ്ധതികാലാവധി അവസാനിക്കാറായി. പകുതിയോളം പണികൾപോലും ടെൻൻഡർചെയ്യാൻ കഴിഞ്ഞിട്ടില്ല. സംസ്ഥാന സർക്കാർ വിഹിതം ലഭിക്കാത്തതിനാൽ 4000 കോടിയോളം രൂപ കരാറുകാർക്കും കിട്ടാനുണ്ട്. നബാർഡ്, ഹഡ്‌കോ, എൽ.ഐ.സി., എന്നിവയിൽനിന്നായിരുന്നു വായ്പ പ്രതീക്ഷിച്ചിരുന്നത്.
നബാർഡിൽനിന്ന് സംസ്ഥാന സർക്കാർ നേരിട്ട് വായ്പയെടുത്താൽ അഞ്ച് ശതമാനം പലിശയ്ക്ക് ലഭിക്കും. ജല അതോറിറ്റിയാണെങ്കിൽ ഒൻപത് ശതമാനംവരെ നൽകണം. മറ്റ് ഏജൻസികളിൽ 9-10 ശതമാനംവരെയാണ് പലിശനിരക്ക്.
ഈ വായ്പ തിരിച്ചടയ്ക്കാൻ ജല അതോറിറ്റിയെക്കൊണ്ടുമാത്രം കഴിയില്ല. വായ്പ തിരിച്ചടവ് തുടങ്ങുമ്പോൾ മൂന്നുമാസത്തിലൊരിക്കൽ 487 കോടിവരെ വേണ്ടിവരും. അല്ലെങ്കിൽ സർക്കാർ നേരിട്ട് വായ്പയെടുക്കുകയോ ഗാരന്റി നൽകുകയോ വേണം.
വരുംവർഷങ്ങളിൽ ഇത് സർക്കാരിന്റെ പൊതു കടമെടുപ്പ് പരിധിയെ ബാധിക്കും. ഇതിനെത്തുടർന്നാണ് കടമെടുക്കാനുള്ള നീക്കം ധനവകുപ്പ് മാറ്റിവെച്ചിരിക്കുന്നത്.
സംയുക്തപദ്ധതികളുടെ സംസ്ഥാനവിഹിതം കണ്ടെത്താനുള്ള കേന്ദ്രസർക്കാരിന്റെ 300 കോടിയോളം രൂപയുടെ വായ്പ രണ്ടുമാസംമുൻപ് ലഭിച്ചിരുന്നു. ഈ തുക കരാറുകാരുടെ കുടിശ്ശിക തീർക്കാനാണ് ഉപയോഗിക്കേണ്ടത്.
Content Highlights: jal jeevan mission crisis
Published: 03 Jan 2025, 06:55 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented