
കൊടുങ്കാറ്റിൽ ദിക്കറിയാതെ ആടിയുലഞ്ഞ കപ്പലിനെ സുരക്ഷിത സ്ഥാനത്തേക്ക് അടുപ്പിച്ച കപ്പിത്താൻ. പീഡനങ്ങളുടെയും അപമാനങ്ങളുടെയും കയ്പുനീർ കുടിച്ച് സഭയുടെ ശിലപാകിയ ഇടയൻ. അചഞ്ചലവിശ്വാസവും വിശ്വസ സമൂഹത്തിന്റെ പിന്തുണയും ഇന്ധനമാക്കി. പുത്തൻ കുരിശിലെ സാധാരണ ബാല്യം അസാധാരണമാവിധം ശോഭിക്കുന്നതാണ് ചരിത്രം അടയാളപ്പെടുത്തിയത്. കിഴക്കിന്റെ ആബൂനായി. അന്തോഖ്യ - മലങ്കര ബന്ധത്തിന്റ കാവൽക്കാരനായി. അങ്ങനെ ആബൂൻ മോർ ബസേലിയോസ് തോമസ് പ്രഥമൻ ബാവയ്ക്ക്
വിശേഷണങ്ങൾ ഏറെ....
വിമർശനങ്ങൾ ഉയർന്നു കേട്ടപ്പൊഴൊക്കെ വിശ്വാസത്തിൽ അചഞ്ചലനായി. സഭയിലെ ആഭ്യന്തരകലഹത്തെ തുടർന്ന് കാതോലിക്ക ബാവ പദവി ഒഴിയാൻ ആഗ്രഹം പ്രകടിപ്പിച്ച് പാത്രിയാർക്കീസ് ബാവക്ക് കത്തയക്കാനും മടിച്ചില്ല. പദവികളൊക്കെ മുറുകെപ്പിടിച്ചിരിക്കാൻ മാത്രമുള്ളതാണെന്ന ചിന്തയ്ക്കുള്ള മറുപടി കൂടിയായിരുന്നു ഇത്. ഐക്യത്തിനും സമാധാനത്തിനും ഹാനികരമാകുന്നതൊന്നും ചെയ്യാൻ ബാവ ഒരുക്കമല്ലായിരുന്നു.
മലങ്കരയുടെ മഹായിടയൻ
താൻ ദൈവശാസ്ത്രവിജ്ഞാനത്തിന്റെ ഭണ്ഡാരമാണെന്ന ചിന്ത ഒരിക്കലും അദ്ദേഹത്തെ ഭരിച്ചില്ല. ആധുനിക യാക്കോബായ സുറിയാനി സഭയുടെ ചരിത്രത്തിനൊപ്പം നടന്ന ജീവിതമായിരുന്നു ബസേലിയോസ് തോമസ് പ്രഥമൻ ബാവയുടെത്. ചിതറിയ വിശ്വാസികളെ സഭയുടെ വലിയ കാഴ്ചപ്പാടിൽ അണിനിരത്തുന്നതിൽ വേദപുസ്തക കാഴ്ചപ്പാടിനൊപ്പം ബാവയുടെ ചിന്തയും സ്വാധീനിച്ചു. ആത്മീയ രംഗങ്ങളിലെ സമർപ്പണവും നവലോക കാഴ്ചപ്പാടുമാണ് മൂന്ന് പതിറ്റാണ്ടുമുമ്പ് മൂന്ന് മെത്രാപ്പോലീത്താമാരും പുരോഹിതരും മാത്രമുണ്ടായിരുന്ന സഭയെ മുപ്പതിലേറെ മെത്രാപ്പൊലീത്തമാരും അനേകം പള്ളികളുമുള്ള വിശാലമായ തോട്ടമാക്കിയത്. സഭാതർക്കങ്ങളും വ്യവഹാരങ്ങളിലും ഒരു വേള ബാവ ഉലഞ്ഞിരുന്നെങ്കിൽ ഇന്ന് കാണുന്ന സഭ സാധ്യമല്ലായിരുന്നു. വിശ്വാസപ്രമാണം മുറുക്കെപ്പിടിച്ച് സഭാമക്കളെ അണിനിരത്തിയായിരുന്നു പോരാട്ടങ്ങൾക്കുള്ള ശക്തിസംഭരിച്ചത്.
നാലാംക്ലാസിൽ പ്രാഥമിക വിദ്യാഭ്യാസം അവസാനിപ്പിച്ചതിനെക്കുറിച്ചും തപാൽ വകുപ്പിൽ അഞ്ചലോട്ടക്കാരനായി ജോലിയിൽ പ്രവേശിച്ചതുമെല്ലാം നിരന്തരം ഓർമിപ്പിച്ചുകൊണ്ടിരുന്നു. പിന്നീടെല്ലാം വചനം പ്രസംഗിച്ചും സെമിനാരിയിൽ ചേർന്നും പഠിച്ചിട്ടുള്ളവ മാത്രമാണെന്നും പറയാൻ തിരുമേനി ഒരിക്കലും മടിച്ചിട്ടില്ല. സഭയുടെ ഉന്നതസ്ഥാനങ്ങൾ വഹിച്ചപ്പോൾ ചവിട്ടിനടന്ന മണ്ണ് മറന്നില്ല. ജീവിതത്തിന്റെ പരീക്ഷണ ഘട്ടങ്ങളിൽ തന്റെ വിശ്വാസിസമൂഹത്തെ വീണുപോകാതെ സംരക്ഷിച്ചും നിർഭയത്വവും നേതൃപാടവവും തെളിയിച്ചു. വിനയവും പുഞ്ചിരിനിറഞ്ഞ മുഖവുമാണ് ആരെയും നിരായുധരാക്കുന്ന ബാവായുടെ ആയുധങ്ങൾ. ഉപവാസത്തിലൂടെയും പ്രാർഥനയിലൂടെയും യേശുക്രിസ്തുവിനെ അറിഞ്ഞതല്ലാതെ മറ്റൊരു നന്മയുമില്ലെന്നായിരുന്നു അദ്ദേഹം സാക്ഷ്യം.
വിശ്വാസത്തിന്റെ മടിത്തട്ടിൽ
1929 ജൂലായ് 22 -ന് എറണാകുളം പുത്തൻകുരിശ് വടയമ്പാടി ചെറുവള്ളിൽ മത്തായിയുടെയും കോലഞ്ചേരി കല്ലിങ്കൽ കുഞ്ഞമ്മയുടെയും എട്ട് മക്കളിലെ ആറാമൻ. കുഞ്ഞ് എന്ന് സ്നേഹപൂർവം വിളിച്ച സി.എം. തോമസാണ് ഇന്നത്തെ തോമസ് പ്രഥമൻ ബാവ. സി.എം. തോമസ് എന്ന യുവാവിലെ ആത്മീയവെളിച്ചം പ്രകാശിപ്പിച്ചത് പൗരസ്ത്യ കാതോലിക്ക പൗലോസ് മോർ പീലിക്സിനോസ് തീരുമേനിയാണ്. അദ്ദഹം കണ്ടനാട് ഭദ്രാസനാധിപനായിരിക്കെ പിറമാടം ദയറായിലേക്ക് നിയോഗം. 1957-ൽ ശെമ്മാശപട്ടവും 1958 -ൽ വൈദികപട്ടവും സ്വീകരിച്ചു.
1973 ഒക്ടോബർ 11 -ന് കോതമംഗലം മർത്തമറിയം വലിയ പള്ളിയിൽ ചേർന്ന അങ്കമാലി ഭദ്രാസനപള്ളി പ്രതിപുരുഷയോഗമാണ് അദ്ദേഹത്തെ മെത്രാപ്പോലീത്ത സ്ഥാനത്തേക്ക് തിരഞ്ഞെടുത്തത്. 1974 ഫെബ്രുവരി 24 -ന് ദമാസ്കസിലെ സെയ്ന്റ് ജോർജ് പാത്രിയർക്കാ കത്തീഡ്രലിൽവച്ച് പരിശുദ്ധ യാക്കൂബ് തൃതീയൻ പാത്രിയർക്കീസ് ബാവ തോമസ് മോർ ദിവന്നാസിയോസ് എന്ന പേരിൽ അങ്കമാലി ഭദ്രാസന മെത്രാപ്പോലീത്തയായി വാഴിച്ചു.
1999 ഫെബ്രുവരി 22 -ന് എപ്പിസ്കോപ്പൽ സുന്നഹദോസ് പ്രസിഡന്റായി നിയോഗിക്കപ്പെട്ട അദ്ദേഹത്തെ പുത്തൻകുരിശിൽ ചേർന്ന അഖില മലങ്കര പള്ളിപ്രതിപുരുഷ യോഗം കാതോലിക്കയായും മെത്രാപ്പോലീത്തൻ ട്രസ്റ്റിയുമായും തെരഞ്ഞെടുത്തു. 2002 ജൂലായ് 26 -ന് പരിശുദ്ധ ഇഗ്നാത്തിയോസ് സാഖാ പ്രഥമൻ പാത്രിയർക്കീസ് ബാവ ദമാസ്കസിലെ സെയ്ന്റ് പീറ്റേഴ്സ് ആൻഡ് സെയ്ന്റ് പോൾസ് പാത്രിയർക്കാ കത്തീഡ്രലിൽ വച്ച് മോർ ബസേലിയോസ് തോമസ് പ്രഥമൻ എന്ന പേരോടെ ശ്രേഷ്ഠ കാതോലിക്കയായി വാഴിച്ചു.
2014 മാർച്ച് 28 -നു ദമാസ്കസിൽ നടന്ന ഇഗ്നാത്തിയോസ് സാഖാ പ്രഥമൻ പാത്രിയർക്കീസ് ബാവയുടെ കബറടക്ക ശുശ്രൂഷകൾക്ക് പ്രധാന കാർമ്മികത്വം വഹിച്ചത് തോമസ് പ്രഥമൻ ബാവയാണ്. 2014 മാർച്ച് 31-ന് ബെയ്റൂട്ടിൽ പരിശുദ്ധ അപ്രേം ദ്വിതീയൻ പാത്രിയർക്കീസ് ബാവയെ തിരഞ്ഞെടുത്ത ആകമാന സുന്നഹദോസിൽ ആധ്യക്ഷ്യനായി. മലങ്കരയിൽ നിന്നൊരു കാതോലിക്ക ആകമാന സുന്നഹദോസിൽ അധ്യക്ഷത വഹിക്കുന്നത് ആദ്യ സംഭവമായിരുന്നു. 2014 മെയ് 26 -ന് നടന്ന സ്ഥാനാരോഹണ ശുശ്രൂഷകൾക്കും മുഖ്യകാർമ്മികനായി. സഭയിലെ ഏറ്റവും വലിയ സുവിശേഷ കൂട്ടായ്മയായ പുത്തൻകുരിശ് അഖില മലങ്കര സുവിശേഷ മഹായോഗത്തിന് തുടക്കമിട്ടതും അദ്ദേഹമാണ്.
Content Highlights: Supreme head of Jacobite Syrian Christian Church Mor Baselios Thomas I passes away
Published: 31 Oct 2024, 11:32 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented