കോഴിക്കോട്: 27 സീറ്റുകളിൽ മത്സരിച്ച ലീഗ് ഇത്തവണ 22-ൽവരെ വിജയിക്കുമെന്ന് നേതൃയോഗത്തിന്റെ വിലയിരുത്തൽ. മലപ്പുറത്ത് ലീഗ് മത്സരിച്ച 12 സീറ്റുകളും ലഭിക്കും. 16 സീറ്റുകളിൽ തവനൂരിൽ മാത്രമാണ് യു.ഡി.എഫ്. കടുത്തമത്സരം നേരിടുന്നത്. കോഴിക്കോട്ട് ലീഗിന്റെ നാലുസീറ്റുകളിൽ വിജയം ഉറപ്പാണ്. പേരാമ്പ്രയിലും കുന്ദമംഗലത്തും കടുത്തമത്സരമായിരുന്നു. പേരാമ്പ്രയിൽ യുവജനങ്ങളുടെ വോട്ടുകൾ മറിഞ്ഞാൽ മാത്രമാണ് ഫാത്തിമ തഹിലിയക്ക് സാധ്യത. കണ്ണൂരിൽ അഴീക്കോട് വിജയമുറപ്പിക്കുന്നുണ്ടെങ്കിലും കൂത്തുപറമ്പിൽ അവസാനസാധ്യതയേ കല്പിക്കുന്നുള്ളൂ. കാസർകോട്, മഞ്ചേശ്വരം സീറ്റുകളിൽ വിജയം ആവർത്തിക്കും.നിലവിൽ 15 സീറ്റുകളാണ്.
അതിനുപുറമേ കോഴിക്കോട് സൗത്ത്, തിരുവമ്പാടി, താനൂർ, കുറ്റ്യാടി, കളമശ്ശേരി, അഴീക്കോട് സീറ്റുകൾ ഇത്തവണ തിരിച്ചുപിടിക്കും. ഗുരുവായൂരിലും വിജയപ്രതീക്ഷയുണ്ട്. യു.ഡി.എഫിന് 90-നും 100-നും ഇടയിൽ സീറ്റുകൾ ലഭിക്കുമെന്നും നേതൃയോഗം വിലയിരുത്തി. നൂറുസീറ്റുവരെ കിട്ടാമെന്ന് പി.കെ. കുഞ്ഞാലിക്കുട്ടിയും സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ. സലാമും പത്രസമ്മേളനത്തിൽ പറഞ്ഞു. എങ്കിലും നൂറ് സീറ്റെന്ന് പ്രസ്താവന നടത്തുന്നില്ല. യു.ഡി.എഫ്. അധികാരത്തിൽവരുമെന്ന് ഉറപ്പിച്ചുപറയാമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
മുഖ്യമന്ത്രിചർച്ച യു.ഡി.എഫിനെക്കുറിച്ച് അവമതിപ്പുണ്ടാക്കി
മുഖ്യമന്ത്രിചർച്ച യു.ഡി.എഫിനെക്കുറിച്ച് അവമതിപ്പുണ്ടാക്കിയെന്ന് ലീഗ് നേതൃയോഗം
കോഴിക്കോട്: കോൺഗ്രസിലെ മുഖ്യമന്ത്രിചർച്ചയെച്ചാല്ലിയുള്ള വിവാദം യു.ഡി.എഫിനെക്കുറിച്ച് പുതിയതലമുറയിലുൾപ്പെടെ അവമതിപ്പുണ്ടാക്കിയെന്ന് മുസ്ലിം ലീഗ് സംസ്ഥാന നേതൃയോഗത്തിന്റെ വിലയിരുത്തൽ. കോൺഗ്രസ് നേതൃത്വം ഇക്കാര്യം ഗൗരവമായി എടുക്കണമെന്നാണ് യോഗത്തിലുയർന്ന പൊതുവികാരം.
സംസാരിച്ചവരെല്ലാം മുഖ്യമന്ത്രിചർച്ച അവമതിപ്പുണ്ടാക്കി എന്നാണ് പറഞ്ഞത്. എന്നാൽ, ഫലം വരാതെ തത്കാലം നമ്മൾ ഇടപെടേണ്ടതില്ലെന്ന് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങളും അഖിലേന്ത്യാ ജനറൽ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടിയും മറുപടിനൽകി. ഫലം വന്നാൽ ലീഗ് പറയുമെന്നും ഇരുനേതാക്കളും യോഗത്തിൽ പറഞ്ഞു. അതേസമയം ഇപ്പോൾ നടക്കുന്ന മുഖ്യമന്ത്രിചർച്ചയിൽ ലീഗിന് അങ്കലാപ്പില്ലെന്ന് കുഞ്ഞാലിക്കുട്ടി പത്രസമ്മേളനത്തിൽ വിശദീകരിച്ചു. ''കേരളത്തിൽ അത്തരം ചർച്ചകൾ ഉണ്ടാവും. അത് നടക്കട്ടെ. ഞങ്ങൾ അതിൽ പങ്കെടുക്കേണ്ടതില്ല. ഫലംവരട്ടെ, യു.ഡി.എഫിന്റെ കീഴ്വഴക്കത്തിനനുസരിച്ച് ഘടകകക്ഷികളുമായി ആലോചിച്ചാണ് തീരുമാനിക്കുക. ജനവികാരം പരിഗണിച്ചുതന്നെയാണ് കോൺഗ്രസ് തീരുമാനമെടുക്കുക'' -അദ്ദേഹം പറഞ്ഞു.
Content Highlights: IUML expects to win up to 22 out of 27 contested seats., UDF is projected to secure between 90 and 100 seats in the 2026 elections
Published: 26 Apr 2026, 09:54 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented