കാഞ്ഞങ്ങാട്: 'രണ്ടാമത്തെ കുഞ്ഞ് പിറക്കാൻ പോകുന്നതിന്റെ സന്തോഷത്തിലായിരുന്നു അന്ന്. ഭാര്യ ആസ്പത്രിയിലാണ്. അടുത്ത ദിവസം മുതൽ 10 ദിവസത്തേക്ക് അവധിയിൽ പോകാനിരിക്കുകയായിരുന്നു. 2014 ഫെബ്രുവരി 17. അന്ന്‌ രാത്രിയാണ് മരണത്തെ മുന്നിൽക്കണ്ട ആ സംഭവമുണ്ടായത്.

To advertise here,

എന്നെയും ഒപ്പമുണ്ടായിരുന്ന പോലീസുകാരെയും ഇടിച്ചുതെറിപ്പിക്കാനായി മണൽ കയറ്റിയ മിനിലോറി കുതിച്ചു. റോഡരികിലേക്ക് തെന്നിമാറാൻ ശ്രമിച്ചു. അപ്പോഴേക്കും ലോറി എന്റെ തലയിലിടിച്ചിരുന്നു. ഓർമ വരുമ്പോൾ മംഗളൂരു ആസ്പത്രിയിലെ തീവ്രപരിചരണ വിഭാഗത്തിലായിരുന്നു ഞാൻ...' -അന്നത്തെ അനുഭവം പറയുമ്പോൾ, ഇൻസ്പെക്ടർ എം.രാജേഷിന് എല്ലാം ഇന്നലെ കഴിഞ്ഞതുപോലെ.

ഈ കേസിലെ ഒന്നാംപ്രതി അബ്ദുൾ ജലീലിനെ കാസർകോട് അഡീഷണൽ ഡിസ്ട്രിക്ട് ആൻഡ് സെഷൻസ് കോടതി 15 വർഷം കഠിനതടവിന് ശിക്ഷിച്ചതറിഞ്ഞുള്ള പ്രതികരണത്തിൽ, 'മരണത്തെ മുന്നിൽക്കണ്ട നിമിഷം' എന്നുപറഞ്ഞാണ് ഈ പോലീസുദ്യോഗസ്ഥൻ തുടങ്ങിയത്. 10 വർഷം കഴിഞ്ഞു. മനസ്സിലെ മുറിവ് മാത്രമല്ല, ശരീരത്തിന്റെ വേദനയും പൂർണമായും ഇല്ലാതായിട്ടില്ലെന്ന് രാജേഷ് പറയുന്നു.

ബേക്കൽ എസ്.ഐ. ആയിരുന്നു അന്ന് രാജേഷ്. 'മേലുദ്യോഗസ്ഥൻ വിളിച്ചുപറഞ്ഞതനുസരിച്ച് സ്വകാര്യ കാറിലാണ് മണൽ മാഫിയയെ പിടിക്കാനിറങ്ങിയത്. സമയം രാത്രി 11. തീരദേശത്ത് കല്ലിങ്കാലിലെത്തിയപ്പോൾ മണൽ നിറച്ച ലോറി പുറപ്പെടാനൊരുങ്ങുന്നു. കാറിൽനിന്നിറങ്ങി റോഡിലൂടെ മുന്നോട്ട് നടന്നു.

പോലീസുകാരെ കണ്ടതും മണൽലോറി മുന്നോട്ടുകുതിച്ചു. എന്നെ ഇടിച്ചുതെറിപ്പിച്ചശേഷം അത്‌ പോയി. പോലീസുകാർ അങ്ങോട്ടുമിങ്ങോട്ടും തെന്നിമാറി. അവർക്കും പരിക്കേറ്റു. മംഗളൂരു ആസ്പത്രിയിലെ തീവ്രപരിചരണവിഭാഗത്തിൽ 10 ദിവസത്തെ ചികിത്സ. നെറ്റിക്ക് 14 തുന്നൽ. മേൽത്താടി ഇളകിപ്പോയതിനാൽ ശസ്ത്രക്രിയയിലൂടെ യോജിപ്പിച്ചുനിർത്തി. അന്നത്തെ ജില്ലാ പോലീസ് മേധാവി തോംസൺ ജോസ് ഉൾപ്പെടെയുള്ളവർ ആസ്പത്രിയിലെത്തി കരുത്തുപകർന്നു. ഒരുമാസത്തെ ആസ്പത്രിവാസം. രണ്ടുമാസം കഴിഞ്ഞ് ഹൊസ്ദുർഗ് സ്റ്റേഷനിൽ ജോലിയിൽ പ്രവേശിച്ചെങ്കിലും അനായാസം എന്തെങ്കിലും ചെയ്യാനാകുമായിരുന്നില്ല. ആയുർവേദ ചികിത്സയിലായി പിന്നീട്. അതിപ്പോഴും തുടരുന്നു...' -രാജേഷ് പറഞ്ഞു. കണ്ണൂർ കല്യാശ്ശേരി കോലത്തുവയൽ സ്വദേശിയായ ഇദ്ദേഹം കോഴിക്കോട് കസബ സ്റ്റേഷനിൽ ഇൻസ്പെക്ടറാണിപ്പോൾ.