കോഴിക്കോട്: ഏക സിവില്‍കോഡിനെതിരേ മുസ്ലിംലീഗ് പിന്തുണയുള്ള മുസ്ലിം കോ- ഓര്‍ഡിനേഷന്‍ കമ്മിറ്റി നടത്തുന്ന സെമിനാറിനെതിരേ ഐ.എന്‍.എല്‍. സെമിനാര്‍ മുസ്ലിം സംഘടനകളല്ല നടത്തുന്നത്, പിന്നില്‍ മുസ്ലിം ലീഗാണെന്ന് ഐ.എന്‍.എല്‍. ജനറല്‍ സെക്രട്ടറി കാസിം ഇരിക്കൂര്‍ ആരോപിച്ചു. മുസ്ലിം ലീഗ് പാര്‍ട്ടി താല്‍പര്യങ്ങള്‍ക്ക് മാത്രം മുന്‍ഗണന നല്‍കുന്നു. അതുകൊണ്ടാണ് സെമിനാറിലേക്ക് ഐ.എന്‍.എല്ലിനെ ക്ഷണിക്കാതിരുന്നത്. മുസ്ലിം ലീഗിനെ സംഘടനകള്‍ തിരുത്തുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും കാസിം ഇരിക്കൂര്‍ പറഞ്ഞു.

To advertise here,

എല്ലാ മുസ്ലിം സംഘടനകളും തങ്ങളുടെ കീഴിലാണ് എന്ന ധാരണയ്ക്ക് പുറത്താണ് ഇങ്ങനെയൊക്കെ പറയുന്നത്. കോര്‍ഡിനേഷനിലെ അംഗങ്ങളെ ഞങ്ങള്‍ കുറ്റപ്പെടുത്തുന്നില്ല. പരിപാടിയുടെ അധ്യക്ഷനും സ്വാഗതംപറയുന്ന ആളും മുസ്ലിം ലീഗുകാരാണ്. ഇത്തരം ഘട്ടങ്ങളില്‍ അവരുടേതായ ചെറിയ അജന്‍ഡകളും താത്പര്യവുമാണ് അവര്‍ മുന്നോട്ടുവെക്കുതെന്നും കാസിം ഇരിക്കൂര്‍ കുറ്റപ്പെടുത്തി.

മുസ്ലിം കോ- ഓര്‍ഡിനേഷന്‍ കമ്മിറ്റിയുടെ സെമിനാര്‍ ബുധനാഴ്ച നാലിന് കോഴിക്കോട് കണ്ടംകുളം ജൂബിലിഹാളില്‍ നടക്കും. പ്രമുഖ നിയമജ്ഞനും തമിഴ്‌നാട് മന്ത്രിയുമായ മാ. സുബ്രഹ്മണ്യന്‍ ഉദ്ഘാടനംചെയ്യും. കമ്മിറ്റി ചെയര്‍മാന്‍ സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ അധ്യക്ഷതവഹിക്കും. സി.പി.എം, കോണ്‍ഗ്രസ്, സി.പി.ഐ. തുടങ്ങി ഏക സിവില്‍കോഡിനെ എതിര്‍ക്കുന്ന മുഖ്യധാരാ രാഷ്ട്രീയപ്പാര്‍ട്ടികളെയും മതസംഘടനകളെയും സെമിനാറിന് ക്ഷണിച്ചതായി സംഘാടകര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.