ന്ത്യയിലെ ഏറ്റവും മികച്ച പോലീസ്, രാജ്യത്തിന് ആകെ മാതൃകയാക്കാവുന്ന നിരവധി പോലീസിതര ജനകീയ ഇടപെടലുകള്‍, ലോകത്തിന് തന്നെ മാതൃകയാക്കാവുന്ന അന്വേഷണങ്ങളും പരീക്ഷണങ്ങളും കേരള സംസ്‌കാരത്തില്‍ നിന്നും തിരഞ്ഞെടുത്ത സേനാംഗങ്ങളും ദീര്‍ഘവീക്ഷണവും ജനകീയതയും കൈമുതലുള്ള കരുത്തുറ്റ സര്‍ക്കാരുകളും ആവുമ്പോള്‍ മികച്ചതുണ്ടാവുക സ്വാഭാവികം ഇനിയും ഒട്ടേറെ മാറ്റങ്ങള്‍ പോലീസ് സേനയില്‍ നടപ്പാക്കാനുണ്ട് നടപ്പാക്കേണ്ടതുണ്ട്. പുതിയ മേധാവി വരുമ്പോള്‍ ശ്രദ്ധചെലുത്തേണ്ട ചില വിഷയങ്ങള്‍ ഇവിടെ കുറിക്കാന്‍ ആഗ്രഹിക്കുന്നു 

To advertise here,
  1. പോലീസ് സ്റ്റേഷനുകള്‍:  പോലീസിനെ ജനങ്ങള്‍ വിലയിരുത്തുന്നത് സ്റ്റേഷനിലെ പോലീസ് ഉദ്യോഗസ്ഥരിലൂടെ ആണ്. ജോലിഭാരവും അതിലേറെ ഉത്തരവാദിത്വവും നൈറ്റ് ഡ്യൂട്ടികള്‍, സ്പെഷല്‍ ഡ്യൂട്ടികള്‍ എന്നിവ എല്ലാം കൊണ്ടും കടുത്ത മാനസിക സമ്മര്‍ദ്ദം പോലീസ് സ്റ്റേഷനില്‍ ഉണ്ട് എന്നുള്ളത് ഒരു വസ്തുതയാണ്. അതിലേറെ അവര്‍ക്ക് മാനസിക വിഷമമുണ്ടാക്കുന്നത് മറ്റൊരു സംഗതിയാണ്. ഒരേ ശമ്പള സ്‌കെയിലില്‍ ജോലിയില്‍ പ്രവേശിച്ച പലരും പല സ്പെഷല്‍ യൂണിറ്റുകളിലും ഓഫീസുകളിലും 10,15 ലധികം വര്‍ഷം സ്റ്റേഷനില്‍ ഡ്യൂട്ടി ചെയ്യാത്ത നിരവധിപ്പേരെ  കാണുമ്പോള്‍ തങ്ങള്‍ പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരാണെന്ന തോന്നലിലാണ്‌. ഇതിനൊരു പരിഹാരം എന്തെന്നാല്‍ എത് യൂണിറ്റില്‍ സ്പെഷല്‍ ബ്രാഞ്ച്, ക്രൈം ബ്രാഞ്ച്, വിജിലന്‍സ് ഉള്‍പ്പടെ അല്ലെങ്കില്‍ എത് ഓഫീസില്‍ ആയാലും പോലീസ് വകുപ്പില്‍ ചേര്‍ന്നൊരാള്‍ (SI റാങ്ക് വരെ ഉള്ളവര്‍) മാസത്തില്‍ രണ്ട് ദിവസം എങ്കിലും സ്റ്റേഷന്‍ ഡ്യൂട്ടി നിര്‍ബന്ധമാക്കണം. SHO നല്‍കിയ ഡ്യൂട്ടി സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയാല്‍ മാത്രം ആ മാസത്തെ ശമ്പളം എന്ന വ്യവസ്ഥ ഉണ്ടാക്കണം. മാത്രവുമല്ല എതൊരു പോലീസ് ഉദ്യോഗസ്ഥനും തുടര്‍ച്ചയായ ആറ് വര്‍ഷത്തിനിടയില്‍ രണ്ട് വര്‍ഷമെങ്കിലും സ്റ്റേഷന്‍ ഡ്യൂട്ടി ചെയ്യുന്നുണ്ടോ എന്ന് ഉറപ്പ് വരുത്തണം.
  2. പരേഡ്:  അടുത്ത സംഗതി വെള്ളിയാഴ്ച പരേഡാണ്. സ്റ്റേഷനില്‍ യൂണിഫോമില്‍ ജോലിചെയ്യുന്നവര്‍ക്ക് മാത്രമാണ് ഇപ്പോള്‍ പരേഡ്. അത് മാറ്റണം ലീവിലല്ലാത്ത മുഴുവന്‍ ഉദ്യോഗസ്ഥരും അഭ്യന്തരവകുപ്പിന് കീഴിലുള്ള മുഴുവന്‍ പേരും പരേഡില്‍ ഉണ്ടാകണം സൂപ്പര്‍ പോലീസ് വേണ്ട. വെള്ളിയാഴ്ച എന്ന ദിവസം നിശ്ചയിച്ചത് ബ്രിട്ടീഷുകാരാണ്‌. 
  3. സ്റ്റേഷനുകളുടെ എണ്ണം വര്‍ധിപ്പിക്കല്‍:  യാത്രാ- വാര്‍ത്താവിനിമയ സംവിധാനങ്ങള്‍ വളരെയധികം പുരോഗമിച്ച സാഹചര്യത്തില്‍ സ്റ്റേഷനുകളുടെ എണ്ണം ഒരു കാരണവശാലും വര്‍ദ്ധിപ്പിക്കേണ്ട കാര്യമില്ല. സാമ്പത്തിക ബാധ്യതയ്ക്ക് പുറമെ പുതിയ ഒരു സ്റ്റേഷന്‍ കെട്ടിടമുണ്ടായാല്‍ സ്റ്റേഷന്‍ പാറാവ്, റൈറ്റര്‍, കോടതി, തുടങ്ങി പത്തോളം പോലീസ് ഉദ്യോഗസ്ഥര്‍ പ്രത്യേകമായി നിയോഗിക്കേണ്ടതുണ്ട്. ഈ പത്തുപേരെ തൊട്ടടുത്ത സ്റ്റേഷനില്‍ അധികമായി നിയമിച്ചാല്‍ സാമ്പത്തിക ലാഭത്തിനുപുറമെ, സ്റ്റേഷനില്‍ ജോലിചെയ്യുന്നവര്‍ക്ക് ഒരാശ്വാസവുമായിരിക്കും
  4. സ്റ്റേഷനിലെ സൗകര്യമില്ലായ്മ: സിപിഒ, എസ്‌സിപിഒ, എഎസ്‌ഐ തുടങ്ങിയവര്‍ക്ക് ഇരിക്കാനൊരു കസേരയോ എഴുതാനൊരു മേശയൊ ഒരു ലാപ്ടോപ്പോ ഇല്ല. മുഴുവന്‍ സേനാംഗങ്ങള്‍ക്കും ഇത് നല്‍കാന്‍ സ്ഥല സൗകര്യമുണ്ടാകില്ല. മൂന്ന് പേര്‍ക്ക് ഒന്ന് എന്ന നിലയില്‍ നല്‍കിയാല്‍ മതി. ഒരേസമയം മൂന്നിലൊരാളെ സ്റ്റേഷനകത്ത് ഉണ്ടാകാനിടയുള്ളൂ. അപ്രായോഗികമായ ഒരുപാട് ഉപകരണങ്ങള്‍ വാങ്ങി പണം ചെലവാക്കുന്നത് ചുരുക്കിയാല്‍ ഇതിനുള്ള പണം കണ്ടെത്താവുന്നതെയുള്ളൂ.
  5. കേസുകള്‍ റഫര്‍ ചെയ്യുന്നത്:  പോലീസിന് നേരിട്ട് കേസ് റജിസ്റ്റര്‍ ചെയ്യേണ്ട പരാതികളാണ് സ്റ്റേഷനില്‍ ഭൂരിഭാഗവും വരുന്നത്. അതില്‍ തന്നെ കള്ളപരാതികളും തുമ്പുണ്ടാക്കാന്‍ പറ്റാത്തതുമായവ ഉണ്ടാകും. അത്തരത്തിലുള്ള പരാതികളില്‍ കേസ് രജിസ്റ്റര്‍ ചെയ്താല്‍ അഞ്ചു വര്‍ഷത്തില്‍ കുറഞ്ഞ ശിക്ഷ ലഭിക്കാവുന്ന എല്ലാ കുറ്റകൃത്യങ്ങളിലും SHO ക്ക് തീരുമാനം എടുക്കാന്‍ അധികാരം നല്‍കണം. SP മാരുടെ അനുവാദം വാങ്ങേണ്ടുന്ന കേസുകള്‍ പുനഃപരിശോധന നടത്തണം. ഉദാഹരണത്തിന് ഒരു ബോംബെറിഞ്ഞ് സ്‌ഫോടനത്തില്‍ ജനല്‍ ചില്ല് പൊളിച്ചാല്‍ കേസ് റഫര്‍ ചെയ്യുന്നതിന് ഇപ്പോള്‍ എസ്.പിയുടെ അനുവാദം വേണ്ട. എന്നാല്‍ ഒരാള്‍ കല്ല് കൊണ്ട് ജനല്‍ ചില്ല പൊളിച്ചാല്‍ അനുവാദം വേണം. ജില്ലാ ആസ്ഥാനത്ത് വിശദമായ പരിശോധന നടത്തുന്നത് റഫര്‍ ചെയ്യുന്ന കേസുകളാണ്. നിസാര കാരണങ്ങള്‍ ചൂണ്ടിക്കാട്ടി നിരവധി തവണ സ്റ്റേഷനിലേക്ക് തിരിച്ചയച്ച് സ്റ്റേഷനില്‍ സമ്മര്‍ദമുണ്ടാക്കുകയാണ്. ഉദാഹരണത്തിന് കളവ് കേസാണെങ്കില്‍ കെട്ടിടത്തിന്റെ സൈറ്റ് പ്ലാന്‍ വാങ്ങിയില്ല, തുടങ്ങി പ്രതിയെ കണ്ടുപിടിക്കുന്നതിന് യാതൊരു ഉപകാരവുമില്ലാത്ത നിര്‍ദ്ദേശങ്ങള്‍. അതിന് പകരം കൊലപാതകം പോലുള്ള ഗുരുതര കുറ്റകൃത്യങ്ങളുടെ ഫയലുകളാണ് വിശദ പരിശോധന നടത്തി അന്വേഷണ ഉദ്യോഗസ്ഥന് മാര്‍ഗനിര്‍ദ്ദേശം നല്‌കേണ്ടത്. 
  6. ഭരണ നിര്‍വഹണം:  ഇന്‍സ്പെക്ടര്‍ റാങ്കിലുള്ള SHO ക്കാണ് സ്റ്റേഷനിലെ എല്ലാ ചുമതലയും. അത് വിഭജിച്ച്‌ സേനാംഗങ്ങള്‍ക്ക് ഡ്യൂട്ടി നല്‍കുന്നതും അവധി, വിക്കിലി ഓഫ്, റസ്റ്റ്, നൈറ്റ് പട്രോള്‍ തുടങ്ങിയവയുടെ ഉത്തരവാദിത്വം സീനിയര്‍ SI മാര്‍ക്ക് നല്‍കുകയോ അല്ലെങ്കില്‍ AddI SHO എന്ന പദവി നല്‍കുകയോ വേണം. എല്ലാ സംഗതികളും മേലാപ്പീസില്‍ ലഭ്യമാണെന്നിരിക്കെ ഡാറ്റാ കളക്ട് ചെയ്യുന്നത് ഇപ്പോഴും സ്റ്റേഷന്‍ മുഖേന തന്നെയാണ്. ജില്ലാ ക്രൈം റെക്കോഡ് ബ്യൂറോ കൃത്യമായി പ്രവര്‍ത്തിച്ചാല്‍ ഒരു ഡാറ്റായും പെര്‍ഫോമ പ്രകാരം സ്റ്റേഷനില്‍ നിന്നും എടുക്കേണ്ടിവരില്ല.
  7. കമ്മ്യൂണിക്കേഷന്‍: എല്ലാ വിവരങ്ങളും മൊബൈല്‍ ഫോണിലൂടെ അറിയിക്കാമെന്നതും അറിയാമെന്നുള്ളതുകൊണ്ടും രാവിലെ 8 മണി മുതലുള്ള വയര്‍ലസ് കമ്യൂണിക്കേഷന്‍ ഒഴിവാക്കേണ്ടതാണ്. പരസ്പരം അറിയാവുന്ന കാര്യങ്ങള്‍ എല്ലാവരം കേള്‍ക്കെ ഉറക്കെ പറയുക എന്നല്ലാതെ രാവിലെ 7 മണി മുതല്‍ 9 മണി വരെ ഓഫീസര്‍മാരെ ഈ കാര്യത്തിനായി തളച്ചിടുന്നതില്‍ മറ്റൊരു പ്രയോജനവുമില്ലെന്ന് മാത്രമല്ല ഈ സമയം വരുന്ന പരാതിക്കാരെ ശ്രദ്ധിക്കാന്‍ പോലും കഴിയാത്ത അവസ്ഥയുണ്ടാക്കുകയും ചെയ്യുന്നു.
  8. ശമ്പളവും ആനുകൂല്യങ്ങളും:  സ്റ്റേഷനില്‍ 24 മണിക്കൂറും ജോലി ചെയ്യുന്ന SHO മുതല്‍ താഴോട്ട് ഉള്ള തസ്തികകളില്‍ ജോലി ചെയ്യുന്നവരുടെ ആകെ ശമ്പളം സമാന റാങ്കില്‍ സ്പെഷല്‍ ബ്രാഞ്ച്, വിജിലന്‍സ്, ക്രൈം ബ്രാഞ്ച് എന്നിവിടങ്ങളില്‍ ജോലി ചെയ്യുന്നവരേക്കാള്‍ കുറവാണ്. അലവന്‍സ് കൂടുതലായതിനാലാണ് അവര്‍ക്ക് ശമ്പളം കൂടുതല്‍ ലഭിക്കുന്നത്. അവധി ദിവസങ്ങളില്‍ ഓഫീസില്‍ വരേണ്ട കാര്യമില്ലാത്തവരും വരുന്ന ദിവസങ്ങളില്‍ വൈകുന്നേരം 5 മണിക്ക് പോകാന്‍ കഴിയുന്നവരുമാണ് കൂടുതല്‍ ശമ്പളം വാങ്ങുന്നത്
  9. ശിക്ഷകള്‍:  മനഃപൂര്‍വമായി ചെയ്യുന്ന കുറ്റങ്ങള്‍ക്ക് കര്‍ശനനടപടികള്‍ സ്വീകരിക്കേണ്ടതാണ്. വാഹനാപകട കേസില്‍ പ്രതിയാകുന്ന പോലീസുകാരനും അശ്ലീല ചിത്രം പകര്‍ത്തുന്ന പോലീസുകാരനും ഒരേ ശിക്ഷയല്ല നല്‍കേണ്ടത്. അതുപോലെ തന്നെ ശിക്ഷണ നടപടിയില്‍ പക്ഷപാതപരമായ നടപടികള്‍ ഉണ്ടായിട്ടില്ലെന്ന് ഉറപ്പ് വരുത്തേണ്ടതുണ്ട്‌. ആത്മാര്‍ത്ഥമായി ജോലി ചെയ്യുന്നവരെ തിരിച്ചറിഞ്ഞ് സംരക്ഷിക്കേണ്ടതുണ്ട്. ഒരുപാട് പേര്‍ സേനയില്‍ സസ്പെന്‍ഷനില്‍ കഴിയുന്നുണ്ട്. അന്വേഷണ നടപടിയുടെ ഭാഗമെന്ന് പറഞ്ഞ് ദീര്‍ഘകാലം ഒരാളെ പുറത്തിരുന്നത് ഒഴിവാക്കേണ്ടതാണ്. അതുപോലെ തന്നെ മാധ്യമങ്ങളും രാഷ്ട്രീയ പാര്‍ട്ടികളും സത്യമെന്തെന്ന് മനസ്സിലാക്കാതെ കൊട്ടിഘോഷിക്കുമ്പോള്‍ അതിന് അനുസൃതമായി നീങ്ങാതെ മനഃപൂര്‍വ്വ വീഴ്ചയല്ലാതെ ഉത്തമവിശ്വാസത്തില്‍ ചെയ്ത, പ്രവൃത്തിക്ക് നടപടി സ്വീകരിക്കരുത്. സത്യമിതാണെന്നും നിയമപരമായി തെറ്റില്ലെന്നും സധൈര്യം പറയാന്‍ ഉന്നത ഉദ്യോഗസ്ഥര്‍ തയ്യാറാകണം. ഭാര്യാ-ഭര്‍തൃ തര്‍ക്കത്തില്‍ ഒത്തുതീര്‍പ്പ് സംസാരിച്ച ഇന്‍സ്പെക്ടറുടെ അവസ്ഥ ഉണ്ടാകരുത് ഒരാള്‍ക്കും.
  10. അഭിനന്ദനവും അംഗീകാരവും:  പൊതുമധ്യത്തില്‍ അഭിമാനകരമായ നേട്ടങ്ങള്‍ ഉണ്ടാക്കുന്ന സേനാംഗങ്ങളെ തേടി അഭിനന്ദനവും അംഗീകാരവും ഉടന്‍ എത്തുന്നത് പൊതുജനങ്ങളില്‍ നിന്നാണ്. ഡിപ്പാര്‍ട്ട്‌മെന്റിലെ ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ ഇത്തരം സംഭവങ്ങള്‍ അറിഞ്ഞതായി പോലും പലപ്പോഴും കാണിക്കാറില്ല. ഉദാഹരണത്തിന് വളപട്ടണത്തെ കേരളം കണ്ട ഏറ്റവും വലിയ ഭവനഭേദനം, കേസ് റജിസ്റ്റര്‍ ചെയ്തതിന്റെ നാലാം ദിവസം പ്രതിയും മുതലുകളും കിട്ടി. സ്റ്റേഷന്‍ പരിസരം മുഴുവന്‍ നാട്ടുകാരുടെ പ്രളയം, അഭിനന്ദന പ്രവാഹം സ്ഥലം എംഎല്‍എ കെ.വി സുമേഷ് പോലീസിന്റെ പത്രസമ്മേളനം കഴിയുന്നത് വരെ കാത്തുനിന്ന് ഉദ്യോഗസ്ഥരെ അഭിനന്ദനം അറിയിച്ചു. ബഹുമാനപ്പെട്ട മുഖ്യമന്ത്രി കമ്മീഷണറെ നേരിട്ട് വിളിച്ച് അഭിനന്ദനമറിയിച്ചു. ഡിപ്പാര്‍ട്ട്‌മെന്റിലെ ഒരു മേലുദ്യോഗസിനും അന്വേഷണസംഘത്തിലെ ഒരാളെ പോലും ഒരു എസ്എംഎസ് അയച്ച് അഭിനന്ദിക്കാന്‍ പോലും തയ്യാറായിട്ടില്ല. ഇനി ഈ കേസില്‍ സംസ്ഥാന പോലീസ് മേധാവിയുടെ ബാഡ്ജ് ഓഫ് ഓണറിന് അപേക്ഷ എന്നെങ്കിലും ക്ഷണിക്കുമായിരിക്കും എന്ന് കരുതി കാത്തിരിക്കുകയാണ്‌ അന്വേഷണസംഘം. ഇത് മാത്രമല്ല 2023 ലെ ബാഡ്ജ് ഓഫ് ഓണര്‍ നല്‍കിയത് 2025ല്‍ ആണ് എന്തിനാണ് ഇത്രയധികം കാലതാമസം. 
  11. ക്വാട്ട നിശ്ചയിക്കല്‍:  അപ്രായോഗികവും നിയമവിധേയവുമല്ലാത്ത നിര്‍ദ്ദേശങ്ങള്‍ സ്റ്റേഷനിലേക്ക് അയക്കാറുണ്ട്. ഉദാഹരണത്തിന് സംസ്ഥാനത്ത് എവിടെയെങ്കിലും ഒന്നോ രണ്ടോ ഗുണ്ടാ ആക്രമണമുണ്ടായാല്‍ എല്ലാ സ്റ്റേഷനിലേക്കും ഇന്ന് രാത്രി പരമാവധി ഗുണ്ടകളെ കസ്റ്റഡിയിലെടുക്കണമെന്നും മിനിമം ഇത്രയെന്ന് നിശ്ചയിക്കുകയും ചെയ്യുന്നു. ഗുണ്ടകളെ കസ്റ്റഡിയിലെടുക്കണമെങ്കില്‍ ഒന്നുകില്‍ അയാള്‍ ഒരു കുറ്റകൃത്യം ചെയ്ത് അറസ്റ്റ് ചെയ്യപ്പെടാത്ത ആളാവണം. അല്ലെങ്കില്‍ അയാള്‍ എന്തെങ്കിലും കുറ്റകൃത്യം നടത്താന്‍ തയ്യാറെടുപ്പ് നടത്തുകയോ ശ്രമം നടത്തുകയോ വേണം. അല്ലാതെ നിയമാനുസൃതമുള്ള ജാമ്യത്തില്‍ കഴിയുന്ന ഒരാളെ സ്റ്റേഷനിലേക്ക് വിളിച്ച് വരുത്തിയും അവരുടെ വീടുകളില്‍ ചെന്ന് കണ്ടും കസ്റ്റഡിയില്‍ എടുത്തു എന്ന കള്ളക്കണക്ക് കാണിക്കേണ്ട അവസ്ഥയാണ് സംജാതമാകുന്നത്. ഒറ്റ രാത്രി കൊണ്ട് സംസ്ഥാനത്തൊട്ടാകെ 3000 ഗുണ്ടകള്‍ അറസ്റ്റില്‍ എന്ന പത്ര വാര്‍ത്തയില്‍  അഭിമാനം കൊള്ളുന്നതിനെ ഗുണ്ടകള്‍ ചിരിയോടെ മനസ്സിലാക്കുന്ന സ്ഥിതി ഉണ്ടാവരുത്. ഒന്നിലധികം കേസില്‍ പെടുന്നവര്‍ക്ക് വിചാരണവരെ ജാമ്യം അനുവദിക്കാതിരിക്കുന്ന തരത്തില്‍ നിയമനിര്‍മാണം നടത്തുകയോ കസ്റ്റഡി വിചാരണ ഉറപ്പുവരുത്തുകയോ ആണ് ഇത്തരക്കാരെ നിലയ്ക്ക് നിര്‍ത്താന്‍ ചെയ്യേണ്ടത്.
  12. ജനമൈത്രി പ്രോഗ്രാമുകള്‍:  പോലീസിന്റെ പ്രാഥമികമായ ജോലി കുറ്റകൃത്യങ്ങള്‍ തടയുകയും കുറ്റവാളികളെ നിയമത്തിന്റെ മുന്നില്‍ കൊണ്ടുവരികയാണ്. ഏത്  ഉദ്യോഗസ്ഥന്‍ അതില്‍ വിജയിക്കുന്നുവോ അയാളോട് ജനങ്ങള്‍ക്ക് അങ്ങേയറ്റത്തെ മൈത്രിയും ബഹുമാനവും ഉണ്ടാകും. ജനങ്ങളുടെ സഹകരണത്തോടെ കൂടുതല്‍ ഫലപ്രദമായി കുറ്റകൃത്യങ്ങളെ ഇല്ലാതാക്കുക എന്ന ഉദ്ദേശത്തിലാണ് ജനമൈത്രി പോലീസ് ഉണ്ടാക്കിയത്. ആദ്യഘട്ടത്തില്‍ അത് നല്ല വിജയവുമായിരുന്നു. കുട്ടികള്‍ കുറ്റകൃത്യത്തിന് ഇരയാകുന്നതും കുറ്റവാളികള്‍ ആകുന്നതും തടയുക എന്നതാണല്ലോ ഇപ്പോഴത്തെ ഒരു പ്രാധാനവെല്ലുവിളി. കണ്ണൂര്‍ നഗരത്തില്‍ വാച്ച് ദി ചില്‍ഡ്രന്‍'' എന്ന ഒരു പരിപാടി നടപ്പാക്കിയിരുന്നു. ക്ലാസില്‍ കയറാതെ മാളുകളിലും ബീച്ചുകളിലും കോട്ടയിലും മറ്റും കറങ്ങിനടക്കുന്ന കുട്ടികളെ കണ്ടെത്താന്‍ വനിതാ സ്റ്റേഷന്റെയും പിങ്ക് പോലീസിന്റേയും കാര്യക്ഷമമായ ഇടപെടലിലൂടെ വലിയ മാറ്റം ഉണ്ടാക്കാനായി. 'കറങ്ങി നടക്കണ്ട വിവരം അറിയും' എന്നായിരുന്നു മുദ്രാവാക്യം. വിവരം അറിയും എന്നാല്‍ വീട്ടുകാരും അധ്യാപകരും പോലീസും ഒക്കെ അറിയും അറിയിക്കും എന്നതാണ്. പൊതുജനങ്ങളില്‍ നിന്നും വലിയ പിന്തുണയാണ് ഇതിന് ലഭിച്ചത്. സംശയകരമായ സാഹചര്യത്തില്‍ ആബ്‌സന്റ്‌ ആകുന്ന കുട്ടികളുടെ വിവരം അധ്യാപകര്‍ യഥാസമയം അറിയിക്കുന്നതിനുള്ള സംവിധാനം കൂടി ഉണ്ടെങ്കില്‍ കുറച്ചുകൂടി ഉചിതമാകും. സ്‌കൂള്‍ പ്രൊട്ടക്ഷന്‍ ഗ്രൂപ്പ് ഇപ്പോള്‍ പേരിന് മാത്രമാണ്. എല്ലാ സ്‌കൂളുകളിലും ഈ ഗ്രൂപ്പ് രൂപികരിച്ച് ഒരു സ്‌കൂളിന് ഒരു പോലീസ് ഉദ്യോഗസ്ഥനെ ചുമതലപ്പെടുത്തി അയാള്‍ മുഖേന ആ വിദ്യാലയത്തിലെ ഗ്രൂപ്പില്‍ സജീവമാക്കേണ്ടതുമാണ്. എല്ലാ ഓഫീസിലും ജോലി ചെയ്യുന്ന പോലീസ് ഉദ്യോസ്ഥരെ റാങ്ക് നോക്കാതെ ഈ ചുമതല ഏല്‍പിക്കാവുന്നതാണ്.
  13. സ്റ്റുഡന്റ് പോലീസ് കേഡറ്റ് -ലോകം മുഴുവന്‍ അംഗീകരിച്ച ഒരു പദ്ധതിയാണിത്. വിദ്യാലയത്തിലെ പഠനാന്തരീക്ഷം മെച്ചപ്പെടുത്തുകയും സാമൂഹ്യപ്രതിബദ്ധതയുള്ള യുവതലമുറയെ വാര്‍ത്തെടുക്കുകയുമാണ് ഇതിലൂടെ ലക്ഷ്യമിട്ടത്. ഒരു ദശാബ്ദത്തിലേറെയായ ഈ പദ്ധതി ഒരു പുനരവലോകനം ചെയ്യേണ്ടതുണ്ട് ഇപ്പോള്‍. പരീക്ഷയുടെയും മാര്‍ക്കിന്റെയും അടിസ്ഥാനത്തില്‍ ഏറ്റവും മികവുള്ളവരെയാണ് ഇതിലേക്ക് തിരഞ്ഞെടുക്കുന്നത്. മികവുള്ളവരെ കൂടുതല്‍ മികവുമുള്ളവരാക്കുന്നു അത്രതന്നെ. പഠനത്തില്‍ പിന്നാക്കും നില്‍ക്കുന്നവരെയും പ്രത്യേക ശ്രദ്ധപതിപ്പിക്കേണ്ടുന്ന കുട്ടികളേയുമാണ് യഥാര്‍ത്ഥത്തില്‍ ഇതില്‍ ഉള്‍പ്പെടുത്തേണ്ടത്. അവരേയാണ് മുഖ്യധാരയില്‍ കൊണ്ടുവരേണ്ടത്. എട്ടാം ക്ലാസിലെ ഒരു വര്‍ഷം കൊണ്ട് അധ്യാപകര്‍ എളുപ്പത്തില്‍ മനസ്സിലാക്കി ഒമ്പതാം ക്ലാസ് മുതല്‍ എസ്പിസിയില്‍ ചേര്‍ത്ത് അവരെ വഴി മാറിപ്പോകാതെ നോക്കുകയാണ് വേണ്ടത്. സ്‌ക്കൂള്‍ പരിസരത്ത് സിസിടിവി ക്യാമറകള്‍ പദ്ധതി കണ്ണൂരില്‍ വളരെ വിജയകരമായി നടപ്പാക്കിയതാണ് 'ഒരു ക്യാമറ നാടിനു വേണ്ടി 'എന്ന രീതിയില്‍ പൂര്‍വ വിദ്യാര്‍ത്ഥികള്‍ പിടിഎ നാട്ടുകാര്‍ എന്നിവരുടെ സഹായത്തോടെ സ്‌കൂള്‍ പരിസരങ്ങള്‍ വെയിറ്റിങ്‌ ഷെല്‍ട്ടറുകള്‍ എന്നിവിടങ്ങളില്‍ സ്ഥാപിക്കാനുള്ള നടപടികള്‍ സ്വീകരിക്കേണ്ടതാണ്. എസ്പിജി  ചുമതല വഹിക്കുന്ന ഉദ്യോഗസ്ഥനെ സമര്‍ത്ഥമായി ഉപയോഗിച്ചാല്‍ ഇത് വളരെ എളുപ്പമാകും. പെഡസ്ടിയന്‍ ക്രോസ്സില്‍ സംസ്ഥാനത്തെവിടെയും സിഗ്നല്‍ സംവിധാനമോ ക്യാമറയോ ഇല്ല. സ്‌കൂള്‍ പരിസരത്തെങ്കിലും ഒരു മുന്നറിയിപ്പ് സിഗ്‌നലും ക്യാമറയും സ്ഥാപിച്ചാല്‍ വളരെ ഉപകാരപ്രദമാകും 
  14. പോലീസ് സംഘടനകള്‍:  ഗ്രേഡ് എഎസ്‌ഐ മുതല്‍ ഇന്‍സ്പെക്ടര്‍മാര്‍ വരെയുള്ളവരാണ് പോലീസ് ഓഫീസേഴ്സ് അസോസിയേഷന്‍. ഇതില്‍ സബ് ഇന്‍സ്‌പെക്ടര്‍മാര്‍ക്കും ഇന്‍സ്‌പെക്ടര്‍മാര്‍ക്കും സമയക്കുറവും എണ്ണക്കുറവും മൂലം പ്രാതിനിധ്യം വളരെ കുറവാണ്. ഇതില്‍ ഇന്‍സ്പെക്ടര്‍മാരെ എങ്കിലും സീനിയര്‍ ഓഫിസേഴ്‌സ് അസോസിയേഷനില്‍ ഉള്‍പ്പെടുത്തി ഗസ്റ്റഡ് റാങ്ക് ഉള്ളവരെ ഒരേ സംഘടന എന്ന മാറ്റം ഉണ്ടാക്കേണ്ടതും ഇവര്‍ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങള്‍ മൂന്ന് മാസത്തിലൊരിക്കലെങ്കിലും സംസ്ഥാന പോലീസ് മേധാവി സംഘടനാ നേതാക്കളുമായി ചര്‍ച്ച ചെയ്യേണ്ടതാണ്. 
  15.  പോലീസിനെ മാത്രമല്ല ഒരു സര്‍ക്കാരിനെ തന്നെ ജനങ്ങള്‍ വിലയിരുത്തുന്നത് പോലീസ് സേനാംഗങ്ങളിലൂടെ ആണ്. ഒരര്‍ത്ഥത്തില്‍ സര്‍ക്കാരിന്റ മുഖമാണ് പോലീസ്. കേരളാ പോലീസ് ഇന്നുണ്ടാക്കിയ എല്ലാ നേട്ടങ്ങളുടേയും പിറകില്‍ CPO മുതല്‍ dvr CP മുതല്‍ Dysp മാര്‍ വരെയുള്ളവരുടെ കഷ്ടപ്പാടും ആത്മാര്‍ത്ഥതയും പ്രതിബദ്ധതയുമാണ്. അതുകൊണ്ട് തന്നെ ഈ വിഭാഗത്തെ പരമപ്രധാനമായിക്കണ്ട് അടിസ്ഥാന സൗകര്യങ്ങള്‍ പരമാവധി വര്‍ധിപ്പിച്ച് പ്രായോഗിക പോലീസിംഗിന് പ്രാധാന്യം നല്‍കി ജനകീയ സര്‍ക്കാറിന്റെ ജനകീയമുഖം പോലീസിലൂടെ കൂടുതല്‍ കൂടുതല്‍ ജനകീയമാക്കാന്‍ പുതിയ പോലീസ് മേധാവിക്ക് കഴിയട്ടെ.