തിരുവനന്തപുരം: മുൻമുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്റെ മകൻ വി.എ. അരുൺകുമാറിനെ ഐ.എച്ച്.ആർ.ഡി.യിൽനിന്നു പുറത്താക്കണമെന്നാവശ്യപ്പെട്ട് സി.പി.എം. അനുകൂലസംഘടനയുടെ സമരം. ഇടതുപക്ഷ അനുഭാവിയായ പ്രൊഫസറെ, ഡയറക്ടറുടെ ചുമതല വഹിക്കുന്ന അരുൺകുമാർ ഇല്ലാത്ത അധികാരം ഉപയോഗിച്ച് സർവീസിൽ തരംതാഴ്ത്തിയെന്നാണ് ആക്ഷേപം.
ഐ.എച്ച്.ആർ.ഡി.യിൽനിന്നു ഡെപ്യൂട്ടേഷനിൽ സാങ്കേതിക സർവകലാശാലയിൽ (കെ.ടി.യു.) ഡീനായ ഡോ. വിനു തോമസിനെ പുറത്താക്കാനുള്ള ഗൂഢാലോചനയിൽ അരുൺകുമാർ പങ്കാളിയായെന്നാരോപിച്ച് ഐ.എച്ച്.ആർ.ഡി. എംപ്ലോയീസ് യൂണിയൻ പ്രതിഷേധിച്ചു. സി.പി.എം. സംസ്ഥാന സെക്രട്ടേറിയറ്റംഗം പി.കെ. ബിജു പ്രസിഡന്റായിട്ടുള്ളതാണ് ഈ സംഘടന.
തൃക്കാക്കര മോഡൽ എൻജിനിയറിങ് കോളേജ് മുൻ പ്രിൻസിപ്പലാണ് തരംതാഴ്ത്തപ്പെട്ട ഡോ. വിനു തോമസ്. കോളേജിലെ ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ തിരിമറിനടന്നതായി ആരോപണം ഉയർന്നിരുന്നു. ഇതുമായി ബന്ധപ്പെട്ട അന്വേഷണത്തിലാണ് തരംതാഴ്ത്തിയതെന്നാണ് ഐ.എച്ച്.ആർ.ഡി. അധികൃതരുടെ വിശദീകരണം. തരംതാഴ്ത്തപ്പെട്ടതോടെ ഡീൻ പദവിയും അനിശ്ചിതത്വത്തിലായി. തരംതാഴ്ത്തൽ റദ്ദാക്കണമെന്ന് ഉന്നതവിദ്യാഭ്യാസ വകുപ്പ് നിർദേശം നൽകിയെങ്കിലും ഐ.എച്ച്.ആർ.ഡി. നടപടിയെടുത്തിട്ടില്ല.
ഉന്നതവിദ്യാഭ്യാസം കാവിവത്കരിക്കുന്നതിനെതിരേ പോരാടുന്നതിൽ മുന്നിൽനിന്നയാളാണ് വിനു തോമസെന്നും സംഘപരിവാറിന്റെ കണ്ണിലെ കരടായ അദ്ദേഹത്തെ കെ.ടി.യു.വിൽനിന്നു പുറത്താക്കാൻ അരുൺകുമാർ ഒത്താശചെയ്യുകയാണെന്നും യൂണിയൻ ജനറൽ സെക്രട്ടറി കെ. ബിജുമോൻ ആരോപിച്ചു. ഡിജിറ്റൈസേഷൻ ഉൾപ്പെടെയുള്ള പരാതികളിലെ അന്വേഷണത്തിൽ മറുപടിയോ വിശദീകരണമോ നൽകാതിരുന്നതിനാലാണ് അച്ചടക്കനടപടി എടുത്തതെന്ന് ഐ.എച്ച്.ആർ.ഡി. അധികൃതർ പറഞ്ഞു. ഡീൻ പദവിയും നടപടിയും തമ്മിൽ ബന്ധമില്ലെന്നും അധികൃതർ വ്യക്തമാക്കി.
Content Highlights: IHRD Employees Union protests against V.A. Arun Kumar's administrative decisions., Allegations of conspiracy to remove Dr. Vinu Thomas from his KTU Dean position., Dispute stems from an alleged digitization project scam at Model Engineering College., Higher Education Department's directive to cancel the demotion remains ignored by IHRD.
Published: 25 Apr 2026, 07:39 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented