ഉടുമ്പന്നൂർ(ഇടുക്കി): കേരളത്തിന്റെ പവർഹൗസായ ഇടുക്കിയിൽ മറ്റൊരു ചെറുകിട ജലവൈദ്യുതപദ്ധതികൂടി വരുന്നു. തൊടുപുഴയിൽനിന്ന് 25 കിലോമീറ്റർ അകലെ ഉടുമ്പന്നൂർ കീഴാർകുത്ത് വെള്ളച്ചാട്ടത്തിലാണിത്. പ്രാരംഭനടപടി അവസാനഘട്ടത്തിലാണ്. വനം പരിസ്ഥിതി വകുപ്പിന്റെ അന്തിമാനുമതി ലഭിച്ചാൽ നിർമാണം ആരംഭിക്കാനാകും.
19.8 മെഗാവാട്ട് വൈദ്യുതിയാകും ഉത്പാദിപ്പിക്കുക. ഗുജറാത്ത് ആസ്ഥാനമായുള്ള ജിഎംഡബ്ല്യു (ജനറൽ മെക്കാനിക്കൽ വർക്ക്) എന്ന കമ്പനിയാണ് പദ്ധതി ഏറ്റെടുത്തിട്ടുള്ളത്. കീഴാർകുത്ത് പവർ പ്രൈവറ്റ് ലിമിറ്റഡ് എന്നപേരിലാകും പ്രവർത്തിക്കുക. ഇവിടെ ഉത്പാദിപ്പിക്കുന്ന വൈദ്യുതി കെഎസ്ഇബിക്ക് വിൽക്കാനാണ് കരാർ. യൂണിറ്റ് ഒന്നിന് മൂന്നര രൂപ നിരക്കിലാകും ബോർഡ് വാങ്ങുക. 2014-ലാണ് പദ്ധതി സംബന്ധിച്ച നടപടി ആരംഭിച്ചത്. 2018-ൽ സർവേ പൂർത്തിയാക്കി.
തടസ്സം നീക്കാൻ...
മലയിഞ്ചിയിൽനിന്ന് കീഴാർകുത്തിന് അടുത്തുവരെ റോഡുണ്ട്. മുകളിലേക്ക് സാമഗ്രികൾ എത്തിക്കാൻ കഴിയില്ല. ഈ ഭാഗത്തേക്ക് റോഡ് പണിയാൻ കഴിയില്ലെന്ന നിലപാട് വനംവകുപ്പ് സ്വീകരിച്ചു. തുടർന്ന് ഈ ഒരുകിലോമീറ്റർ റോപ്പ്‌വേ പണിയാനും തീരുമാനമായി. പദ്ധതിക്കായി വേണ്ടിവരുന്ന സ്ഥലത്തിനുപകരം മറ്റെവിടെയെങ്കിലും ഭൂമി വാങ്ങി കമ്പനി വനംവകുപ്പിന് നൽകണം. ഇതിനായി മലയിഞ്ചിയിലെ പട്ടയഭൂമി വാങ്ങിനൽകാൻ കഴിയില്ല. ഇവിടത്തെ പട്ടയം വനപ്പട്ടയമാണെന്നാണ് വനംവകുപ്പ് പറയുന്നത്. അതിനാൽ മലയിഞ്ചിയിൽ കമ്പനി വാങ്ങുന്ന ഭൂമിക്ക് പകരം മറ്റെവിടെയെങ്കിലും പട്ടയഭൂമി വാങ്ങിനൽകണം. മലയിഞ്ചിയിൽ ഏറ്റെടുക്കുന്ന ഭൂമിയുടെ ഉടമസ്ഥർക്കും കമ്പനിതന്നെ വിലനൽകണം. ഇതിനും കമ്പനി സമ്മതമറിയിച്ചിട്ടുണ്ട്.
ആശങ്ക
ഇത്തരത്തിൽ വണ്ണപ്പുറം പഞ്ചായത്തിലെ വെള്ളക്കയത്ത് ജലവൈദ്യുതപദ്ധതി തുടങ്ങിയെങ്കിലും വനംവകുപ്പിന്റെ ഇടപെടലിനെത്തുടർന്ന് പാതിവഴിയിൽ ഉപേക്ഷിച്ചു.
Content Highlights: 19.8 MW hydroelectric project planned near Udumbannur, Idukki
Published: 21 Jul 2025, 08:16 am IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented