തൊടുപുഴ (ഇടുക്കി): ഡീൻ കുര്യാക്കോസ് എം.പി.യെ രൂക്ഷമായി വിമർശിച്ച, ഇടുക്കി ഡി.സി.സി. പ്രസിഡന്റ് സി.പി.മാത്യുവിനെതിരേ വൻപ്രതിഷേധം ഉയർത്തി ജില്ലയിലെ കോൺഗ്രസ്, യൂത്ത് കോൺഗ്രസ് നേതാക്കൾ. മിക്കവരും കടുത്തഭാഷയിൽ പരസ്യനിലപാടാണ് കൊക്കൊണ്ടിരിക്കുന്നത്.

To advertise here,

സി.പി.മാത്യുവിന് എതിരേ നടപടി എടുക്കണം എന്ന് ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് സംസ്ഥാന കമ്മിറ്റി എ.ഐ.സി.സി.ക്കും കെ.പി.സി.സി.ക്കും കത്ത് നൽകിയിട്ടുണ്ട്. ഡി.സി.സി. പ്രസിഡന്റ് സ്ഥാനത്തുനിന്ന് സി.പി.മാത്യുവിനെ മാറ്റണമെന്ന് ആവശ്യപ്പെട്ട് ഒരുവിഭാഗം നേതാക്കൾ കെ.പി.സി.സി.യെ സമീപിച്ചെന്നും വിവരങ്ങൾ പുറത്തുവരുന്നു.

ഐ.ഐ.സി.സി.യുടെയും കെ.പി.സി.സി.യുടെയും വിലക്ക് ലംഘിച്ച് വി.ഡി.സതീശനെ അനുകൂലിച്ച് പ്രതിഷേധം സംഘടിപ്പിച്ച നേതാക്കൾക്ക് എതിരേ ജില്ലാ നേതൃത്വം നടപടിയെടുത്തിരുന്നു. അതിനെ എം.പി. വിമർശിച്ചതാണ് പ്രശ്നങ്ങളുടെ തുടക്കം. എം.പി. മൂക്കാതെ പഴുത്ത് നേതാവായതിന്റെ പ്രശ്നമാണെന്നും അദ്ദേഹം ഡി.സി.സി.യെ ഒരുഘട്ടത്തിലും സഹായിച്ചിട്ടില്ലെന്നും സി.പി. മാത്യു മാധ്യമങ്ങളോട് പറഞ്ഞിരുന്നു.

തത്‌കാലം ഇത്രയും മൂപ്പ് മതിയെന്ന് ഡി.സി.സി. ജനറൽ സെക്രട്ടറി ബിജോ മാണി, ഡീൻ കുര്യാക്കോസിന്റെ ചിത്രവും സംഘടനാ പ്രവർത്തനവിവരങ്ങളും ഉൾപ്പെടുത്തി ഫെയ്‌സ്ബുക്കിൽ കുറിച്ചു. ഡീൻ കുര്യാക്കോസ് എം.പിയെ രാഷ്ട്രീയമര്യാദ പഠിപ്പിക്കാൻ സി.പി. മാത്യു മുതിരുന്നത് അങ്ങേയറ്റം പരിഹാസ്യമാണെന്നും സ്വന്തം പ്രസ്ഥാനത്തെ നിരന്തരം പ്രതിസന്ധിയിലാക്കാൻ മാത്രം ശീലിച്ചിട്ടുള്ള ഒരാളിൽനിന്ന് രാഷ്ട്രീയ ഗൗരവമുള്ള ആരും ഉപദേശങ്ങൾ പ്രതീക്ഷിക്കുന്നില്ലെന്നുമാണ് യു.ഡി.എഫ്. ഇടുക്കി ജില്ലാ ചെയർമാനും കട്ടപ്പന നഗരസഭ ചെയർമാനുമായ ജോയി വെട്ടിക്കുഴി ഫെയ്‌സ്ബുക്കിൽ കുറിച്ചത്. ഈ പോസ്റ്റ് പിന്നീട് നീക്കി.

കോൺഗ്രസ് ദേവികുളം മണ്ഡലം കൺവീനർ ഒ.ആർ. ശശി ഒരു പടികൂടി കടന്ന് പ്രതികരിച്ചു. സി.പി.മാത്യുവിന്റെ മാനസികനില തെറ്റിയിട്ടുണ്ടോയെന്ന് സംശയിക്കുന്നുവെന്നാണ് അദ്ദേഹം പറഞ്ഞത്. പാർലമെന്റ്, നിയമസഭാ തിരഞ്ഞെടുപ്പുകളിൽ സി.പി. മാത്യുവിന്റെ ഒരു സഹായവും ലഭിച്ചിട്ടില്ല. ഡീൻ കുര്യാക്കോസിനെ അപകീർത്തിപ്പെടുത്താനാണ് ശ്രമിക്കുന്നതെങ്കിൽ അദ്ദേഹത്തെ ദേവികുളം താലൂക്കിൽ കാലുകുത്താൻ സമ്മതിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

എം.പിയുടെ കാരുണ്യത്തിലാണ് സി.പി. മാത്യു ഡി.സി.സി. പ്രസിഡന്റായി തുടരുന്നതെന്ന് ഡി.സി.സി. ജനറൽസെക്രട്ടറി അരുൺ പൊടിപാറ കഴിഞ്ഞദിവസം പറഞ്ഞിരുന്നു. സി.പി.മാത്യുവിന് അനുകൂലമായി നിലപാട് എടുക്കുന്നവരുമുണ്ട്.

അസഭ്യം നിറഞ്ഞ ഓഡിയോയും

അതിനിടെ സി.പി. മാത്യുവും വണ്ടിപ്പെരിയാറിൽനിന്നുള്ള പ്രവർത്തകനും തമ്മിലുള്ള ഫോൺ സംഭാഷണവും പ്രചരിച്ചു. കേട്ടാൽ അറയ്ക്കുന്ന അസഭ്യവർഷമാണ് ഇതിലുള്ളത്. രണ്ട് പേരും അസഭ്യം പറയുന്നുണ്ട്.