ആലപ്പുഴ: പുരവഞ്ചിയിലുണ്ടായ സംഘർഷത്തെത്തുടർന്ന് തമിഴ്നാട് സ്വദേശി മരിച്ചത് ഹൃദയാഘാതം മൂലമെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്. ചെന്നൈ അജീസ് മുഹമ്മദ് ഗൗസ് സ്ട്രീറ്റ് ഓൾഡ് വാഷർമെൻ ഗേറ്റ് സ്വദേശി വൈ. മുഹമ്മദ് സുൽത്താനാണ് ചൊവ്വാഴ്ച രാവിലെ ആലപ്പുഴ സ്റ്റാർട്ടിങ് പോയിന്റിൽ മരിച്ചത്.
90-ഉം 80-ഉം ശതമാനമുള്ള രണ്ടു വലിയ ബ്ലോക്കുകളാണ് അദ്ദേഹത്തിനു ഹൃദയത്തിലുണ്ടായിരുന്നതെന്നാണ് റിപ്പോർട്ടിൽ പറയുന്നതെന്ന് ടൂറിസം പോലീസ് പറഞ്ഞു. മുൻപ് രണ്ടുതവണ അദ്ദേഹത്തിനു ഹൃദയാഘാതം ഉണ്ടായിട്ടുണ്ടെന്നും പോലീസ് പറഞ്ഞു. സുൽത്താനടങ്ങുന്ന 30 അംഗ സംഘം ചൊവ്വാഴ്ച രാവിലെ പുരവഞ്ചിയിൽനിന്നു ചെക്ക് ഔട്ട് ചെയ്യുന്ന സമയത്ത് മേശയുടെ ചില്ലു പൊട്ടിയിരിക്കുന്നത് ജീവനക്കാരുടെ ശ്രദ്ധയിൽപ്പെട്ടു. ഇതോടെ ജീവനക്കാരും സഞ്ചാരികളും തമ്മിൽ തർക്കവും കൈയാങ്കളിയുമുണ്ടായി. ഇതിനിടയിൽ അദ്ദേഹം കുഴഞ്ഞുവീണു. ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. നോർത്ത് പോലീസ് അസ്വാഭാവിക മരണത്തിനു കേസെടുത്തിരുന്നു.
സഞ്ചാരിയെ മർദിക്കുന്ന വീഡിയോ പ്രചരിക്കുന്നു
ചൊവ്വാഴ്ച പുരവവഞ്ചി ജീവനക്കാർക്കും സഞ്ചാരികൾക്കുമിടയിലുണ്ടായ സംഘർഷത്തിന്റെ വീഡിയോ സാമൂഹികമാധ്യമത്തിൽ പ്രചരിക്കുന്നുണ്ട്. മർദനമേറ്റതിനെത്തുടർന്നാണ് സുൽത്താൻ മരിച്ചതെന്നാണ് ബന്ധുക്കളുടെ ആരോപണം.
വീഡിയോ കണ്ടെന്നും തമിഴ്നാട്ടിൽ തിരികെയെത്തിയശേഷം ബന്ധുക്കളാകാം വീഡിയോ പ്രചരിപ്പിച്ചതെന്നും ടൂറിസം പോലീസ് പറഞ്ഞു.
ബന്ധുക്കൾ ഇതുവരെ പുരവഞ്ചി ജീവനക്കാർക്കെതിരേ പരാതി നൽകിയിട്ടില്ലെന്നും പോലീസ് അറിയിച്ചു.
Content Highlights: House boat conflict tamilnadu native dies of heartattack
Published: 09 Oct 2025, 07:26 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented