കോഴിക്കോട്: തുറന്നുകൊടുക്കുംമുമ്പേ ആറുവരി ദേശീയപാതയിൽ പലയിടത്തും മണ്ണിടിയുകയും റോഡുകൾ തകരുകയും ചെയ്യുകയാണ്. മഴക്കാലം പടിവാതിലിലെത്തിനിൽക്കേ പുറത്തുവരുന്ന വാർത്തകൾ വലിയ ആശങ്കയാണ് ഉയർത്തുന്നത്. മണിക്കൂറുകളുടെ വ്യത്യാസത്തിൽ മലപ്പുറത്ത് രണ്ടിടങ്ങളിലാണ് നിർമാണത്തിലിരിക്കുന്ന ദേശീയപാതയിൽ കേടുപാട് സംഭവിച്ചത്. കനത്ത മഴ തുടരുന്നതിനിടെയാണ് കോഴിക്കോട്ടും കാസർകോട്ടും മലപ്പുറത്തും റോഡ് ഇടിഞ്ഞുവീണ സംഭവം റിപ്പോർട്ട് ചെയ്യുന്നത്. വരുംദിവസങ്ങളിൽ മഴ കനക്കുമെന്ന മുന്നറിയിപ്പും നിലനിൽക്കുന്നുണ്ട്.

To advertise here,

വേങ്ങരയിൽ നിർമാണത്തിലിരുന്ന ദേശീയപാത തിങ്കളാഴ്ച വൈകുന്നേരം ഇടിഞ്ഞതിനു പിന്നാലെയാണ് ചൊവ്വാഴ്ച രാവിലെ മലപ്പുറത്ത് തലപ്പാറ ഭാഗത്തുള്ള റോഡിൽ വിള്ളൽ കണ്ടത്. നിർമാണം പൂർത്തിയായ പുതിയ ആറുവരി പാതയിലാണ് മീറ്ററുകളോളം നീളത്തിൽ വിള്ളൽ രൂപപ്പെട്ടത്. സംഭവത്തിന് പിന്നാലെ ഇതുവഴിയുള്ള ഗതാഗതം നിരോധിച്ചു.

ചൊവ്വാഴ്ച കോഴിക്കോട് മലാപ്പറമ്പിൽ ദേശീയപാതയുടെ സർവീസ് റോഡ് വിണ്ട് താഴുകയും ചെയ്തു. ഇതോടെ ഇതുവഴിയുള്ള വാഹനഗതാഗതം നിർത്തിവെക്കുന്ന സാഹചര്യം ഉണ്ടായി. ചൊവ്വാഴ്ചതന്നെ കാഞ്ഞങ്ങാട് മാവുങ്കാലിന് സമീപത്ത് ദേശീയപാതയുടെ സർവീസ് റോഡ് ഇടിഞ്ഞു. കല്യാൺ റോഡ് ഭാഗത്ത് നിർമാണം പൂർത്തിയായ സർവീസ് റോഡാണ് ഇടിഞ്ഞുവീണത്. ഇവിടെ മീറ്ററുകളോളം ആഴത്തിൽ വലിയ കുഴി രൂപപ്പെട്ടിട്ടുണ്ട്. 

കഴിഞ്ഞ ദിവസം വേങ്ങരയിൽ നിർമാണം അവസാനഘട്ടത്തിലെത്തിയ ആറുവരി പാതയുടെ ഒരു ഭാഗം തകർന്ന് വീണുണ്ടായ ദുരന്തത്തിൽനിന്ന് തലനാരിഴയ്ക്കാണ് യാത്രക്കാർ രക്ഷപ്പെട്ടത്. റോഡ് പൊട്ടിപ്പൊളിഞ്ഞ ഞെട്ടിക്കുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നുകൊണ്ടിരിക്കുന്നത്. നിർമാണത്തിലെ അപാകത ചൂണ്ടിക്കാട്ടി നിരവധി കോണിൽനിന്ന് വിമർശനങ്ങൾ ഉയർന്നിട്ടുണ്ട്. 

അൻപതടിയോളം ഉയരത്തിൽ വയലിലൂടെയാണ് വേങ്ങര ഭാഗത്ത് ദേശീയപാത കടന്നുപോകുന്നത്. മഴക്കാലത്ത് മുങ്ങുന്ന പ്രദേശമാണിവിടം. കഴിഞ്ഞ ദിവസം പെയ്ത ശക്തമായ വേനൽമഴയിൽ വെള്ളമിറങ്ങിയതാണ് അപകടകാരണമെന്ന് കരുതുന്നു. കാലവർഷം വരാനിരിക്കേ, ദേശീയപാതാ നിർമാണത്തിൽ  ആശങ്കയുണ്ടാക്കുന്നതാണ് ഈ അപകടം. മഴക്കാലത്ത് കടലുണ്ടിപ്പുഴയിലെ വെള്ളം കൂരിയാട് പാടത്തിന് കുറുകെക്കടന്ന് വീണ്ടും കടലുണ്ടിപ്പുഴയിലെത്തുന്ന നല്ല നീരൊഴുക്കുള്ള ഭാഗമാണിത്. ഇതു പരിഗണിക്കാതെയാണ് നിർമാണം നടത്തിയതെന്ന് നാട്ടുകാർ തുടക്കംമുതലേ ആരോപിച്ചിരുന്നു.

കൂരിയാട്ട് ആറുവരിപ്പാതയുടെ നിർമാണത്തിൽ സംഭവിച്ച അപാകങ്ങൾ നേരത്തേത്തന്നെ 'മാതൃഭൂമി' ചൂണ്ടിക്കാട്ടിയിരുന്നു. ഏപ്രിൽ അഞ്ചിനാണ് ഈ ഭാഗത്ത് സിമന്റുകട്ടകൾ വിണ്ടുകീറിയതുസംബന്ധിച്ച് ചിത്രങ്ങൾസഹിതം ‘മാതൃഭൂമി’ വാർത്ത പ്രസിദ്ധീകരിച്ചത്. നിർമാണം നടന്നുകൊണ്ടിരിക്കേയാണ് റോഡിന്റെ അരികു കെട്ടിയുയർത്തിയ കട്ടകൾ വിണ്ടുകീറിയത്.

മുകൾഭാഗം ഇത്രയധികം ഉയർത്തുമ്പോൾ അതിനനുസരിച്ചല്ല അടിഭാഗത്തെ നിർമാണമെന്ന് അന്ന് നാട്ടുകാർ ഉയർത്തിയ ആശങ്കയും ആ വാർത്തയിൽ മാതൃഭൂമി  പറഞ്ഞിരുന്നു. മഴക്കാലത്ത് കടലുണ്ടിപ്പുഴയിലെ വെള്ളം കൂരിയാടു പാടത്തിനു കുറുകെ കടന്ന് വീണ്ടും കടലുണ്ടിപ്പുഴയിലെത്തുന്ന നീരൊഴുക്കേറിയ ഭാഗമാണിതെന്ന കാര്യം പരിഗണിക്കാതെയാണ് ഈ ഭാഗത്ത് അടിത്തറയൊരുക്കിയതെന്നാണ് നാട്ടുകാർ ആരോപിച്ചത്. ഈ ആരോപണത്തിനു ബലം നൽകുന്നതാണ് ഇപ്പോഴത്തെ തകർച്ച.

കഴിഞ്ഞ മഴക്കാലത്ത് ഇവിടെ സർവീസ് റോഡ് വെള്ളത്തിൽ മുങ്ങിയപ്പോൾത്തന്നെ നിർമാണത്തിലെ പ്രശ്നം ആളുകൾ സൂചിപ്പിച്ചിരുന്നു. മഴ കഴിഞ്ഞപ്പോൾ ഇവിടുത്തെ സർവീസ് റോഡിന്റെ പ്രതലം അല്പം താണിരുന്നു. ഈ ഭാഗത്ത് അൻപതടിയിലധികം ഉയരത്തിലാണ് കെട്ടിപ്പൊക്കിയ പാത നിൽക്കുന്നത്. അന്ന് എൻജീനീയർമാർ പരിശോധിക്കുമെന്നാണ് ദേശീയപാത വിഭാഗം പറഞ്ഞതെങ്കിലും പിന്നീട് പരിഹാരമൊന്നും ഉണ്ടായില്ല.

കൂരിയാട്ട് പുതിയ ആറുവരിപ്പാത വിള്ളൽവീണ് ഇടിഞ്ഞുവീണ സംഭവത്തിൽ എൻജിനീയർമാരടങ്ങിയ വിദഗ്ധസംഘത്തിന്റെ റിപ്പോർട്ട് കിട്ടിയ ശേഷമാകും തുടർനടപടിയെന്നാണ് ദേശീയപാത അതോറിറ്റി വ്യക്തമാക്കുന്നത്. റോഡ് ഇടിഞ്ഞത് എത്ര ആഴത്തിലും ദൂരത്തിലും ബാധിക്കുമെന്ന് വിദഗ്ധ പരിശോധനയിലൂടെ മാത്രമേ വ്യക്തമാവൂവെന്ന് ദേശീയപാത വിഭാഗം ലെയ്‌സൺ ഓഫീസർ പി.പി.എം. അഷ്‌റഫ് പറഞ്ഞു. പരിശോധന ഉടനെയുണ്ടാകും. അതനുസരിച്ച് ആവശ്യമെങ്കിൽ റോഡ് പൊളിച്ചുപണിയുന്നതടക്കമുള്ള നടപടികൾ ഉണ്ടാകും.

placeholder
• മലപ്പുറം കൂരിയാട് പ്രവൃത്തി പുരോഗമിക്കുന്ന ആറുവരിദേശീയപാതയും സർവീസ് റോഡും ഇടിഞ്ഞുണ്ടായ അപകടം. ഒരേ നിരപ്പിലുണ്ടായിരുന്ന റോഡ് ഇടിഞ്ഞുതാഴ്ന്നിരിക്കുന്നത് കാണാം

അയങ്കലത്തിനും പൊന്നാനിക്കുമിടയിലെ പന്തേപ്പാലത്ത് മുൻപ് റോഡ് തകർന്നിരുന്നു. ഈ സമയം അടിത്തറയുൾപ്പെടെ പൊളിച്ച് പുതുക്കിപ്പണിയുകയായിരുന്നു. പന്താപ്പാലത്ത് റോഡ് ഇടിഞ്ഞ് സർവീസ് റോഡിനു മുകളിലിട്ട സ്ലാബുകൾ പൊളിഞ്ഞുപോവുകയായിരുന്നു. ആവശ്യമെങ്കിൽ കൂരിയാട്ടും അതുണ്ടാകുമെന്നാണ് ദേശീയപാതാവിഭാഗം വ്യക്തമാക്കുന്നത്.

പന്തേപ്പാലത്ത് സർവീസ് റോഡ് താഴ്ന്നപ്പോൾ പ്രധാന റോഡ് നിലംപൊത്തുകയായിരുന്നു. ഇവിടെ നൂറുമീറ്ററോളം ദൂരം പൊളിച്ച് അടിത്തറ കൂടുതൽ ശക്തമാക്കി പുതുക്കിപ്പണിയുകയായിരുന്നു. ഇതിന് അഞ്ചു മാസത്തോളമാണ് സമയമെടുത്തത്. പൊളിഞ്ഞയിടങ്ങൾ അടിത്തറ ശക്തിപ്പെടുത്തി വീണ്ടും പുതുക്കിപ്പണിഞ്ഞു തുടങ്ങിയാൽ ആറുവരിപ്പാത തുറന്നുകൊടുക്കൽ ഇനിയും വൈകിയേക്കുമെന്നാണ് വിവരം.

ആറുവരിപ്പാതയുടെ മലപ്പുറത്തെ രണ്ടു റീച്ചുകളും 99 ശതമാനം പണിയും പൂർത്തിയായി മുഴുവനായി തുറക്കാനിരിക്കെയാണ് കൂരിയാട്ടെ തകർച്ച ആശങ്കയുണ്ടാക്കുന്നത്. മണ്ണു പരിശോധന ഉൾപ്പെടെയുള്ള പരിശോധനകളുടെ കൃത്യതയില്ലായ്മയാണോ നിർമാണത്തിലെ പാകപ്പിഴവാണോ പ്രശ്‌നമെന്ന് വിദഗ്ധസംഘത്തിന്റെ പരിശോധനയിലൂടെ മാത്രമേ മനസ്സിലാവൂ. കൂരിയാട്ട് വയലുള്ള ഭാഗത്താണ് വിള്ളലുണ്ടായത്. 

കഴിഞ്ഞ നവംബറിൽ പന്തേപ്പാലത്തും വയലുള്ള ഭാഗത്താണ് വിണ്ടുകീറി റോഡുതകർന്നത്. പാതയുടെ അടിത്തറ കൂടുതൽ ശക്തമാക്കേണ്ടതിന്റെ ആവശ്യകത തന്നെയാണ് ഇതു സൂചിപ്പിക്കുന്നത്.

placeholder
• വിള്ളൽവീണ ഇന്റർലോക്കിങ് കട്ടകൾ. ഈ ഭാഗങ്ങളിൽ സിമന്റ് തേച്ച് അറ്റകുറ്റപ്പണി നടത്തുന്ന തൊഴിലാളി (ഫയൽ ചിത്രം)

ഇതിന് മുമ്പ് ദേശീയപാത നിർമാണം നടക്കുന്നിടങ്ങളിൽ വശം ഇടിഞ്ഞുവീഴുന്ന സാഹചര്യം ഉണ്ടായിരുന്നു. ഫെബ്രുവരിയിൽ കൊല്ലം കല്ലുംതാഴത്ത് റോഡ് വശം ഇടിഞ്ഞിരുന്നു. ദേശീയപാത നവീകരണം നടക്കുന്ന കല്ലുംതാഴം ബൈപാസിലാണ് റോഡ് ഒരുവശത്തേക്ക് ഇടിഞ്ഞുവീണത്.

നേരത്തെ കാസർകോട് ദേശീയപാത നിർമാണത്തിനിടെ കുന്ന് ഇടിഞ്ഞുവീണ് 18-കാരൻ മരിച്ചിരുന്നു. അന്യസംസ്ഥാന തൊഴിലാളിയായ മുൻതാജ് മിർ ആയിരുന്നു മരിച്ചത്. ദേശീയപാതയുടെ ഭാ​ഗമായ മട്ടലായി ഹനുമാരംമ്പലം ഭാഗത്ത് ജെസിബി ഉപയോഗിച്ച് മണ്ണ് നീക്കം ചെയ്യുന്നതിനിടെ കുന്ന് ഇടിഞ്ഞു വീഴുകയായിരുന്നു.

സംസ്ഥാനത്ത് കാലവർഷം ആരംഭിക്കാനിരിക്കെയാണ് പുതിയ സംഭവങ്ങളുണ്ടാകുന്നത്. ചിലയിടത്ത് നിർമാണം പൂർത്തിയായെങ്കിൽ മറ്റുപലയിടത്തും പണി പാതിവഴിയിലാണ്. വെള്ളക്കെട്ടുകളും മണ്ണിടിച്ചിലും വലിയ കുഴികളുമൊക്കെ ചേർന്ന് ആശങ്കയുടെ പാതയിലൂടെയാണ് ഇപ്പോൾ യാത്ര.