
കൊച്ചി: വയനാട് മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടൽ ബാധിതരുടെ പുനരധിവാസത്തിന് മാതൃകാ ടൗൺഷിപ്പ് നിർമിക്കാൻ 17 കോടി രൂപകൂടി കെട്ടിവെച്ച് എൽസ്റ്റൺ ടീ എസ്റ്റേറ്റിലെ 78.73 ഹെക്ടർ ഭൂമി ഏറ്റെടുക്കാൻ ഹൈക്കോടതിയുടെ അനുമതി. കൂടുതൽ നഷ്ടപരിഹാരം ആവശ്യപ്പെട്ട് എൽസ്റ്റൺ ടീ എസ്റ്റേറ്റ് നൽകിയ അപ്പീലിലാണ് ചീഫ് ജസ്റ്റിസ് നിതിൻ ജാംദാർ ജസ്റ്റിസ് എസ്. മനു എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചിന്റെ ഇടക്കാല ഉത്തരവ്. നേരത്തേ 26.51 കോടി രൂപ സർക്കാർ ഹൈക്കോടതിയിൽ കെട്ടിവെച്ചിരുന്നു. കെട്ടിവെക്കുന്ന തുക നിബന്ധനകളോടെ എസ്റ്റേറ്റ് ഉടമകൾക്കു കൈമാറമെന്നും ഉത്തരവിൽ വ്യക്തമാക്കി.
2013-ലെ ഭൂമി ഏറ്റെടുക്കൽ നിയമപ്രകാരം ഉയർന്ന നഷ്ടപരിഹാരം വേണമെന്ന എസ്റ്റേറ്റ് ഉടമകളുടെ അപ്പീലിൽ പിന്നീട് വിശദവാദം കേൾക്കും. ദുരന്ത നിവാരണ നിയമപ്രകാരം ഭൂമി ഏറ്റെടുക്കാൻ സിംഗിൾ ബെഞ്ച് അനുമതി നൽകിയതിലെ നിയമപ്രശ്നവും ഇതോടൊപ്പം പരിഗണിക്കും.
78.73 ഹെക്ടർ ഭൂമിക്ക് 26.51 കോടി രൂപ നഷ്ടപരിഹാരം നിശ്ചയിച്ചത് ന്യായമല്ലെന്നും ഭൂമി 549 കോടി മൂല്യമുള്ളതാണെന്നുമാണ് ഹർജിക്കാരുടെ വാദം. എന്നാൽ, ഫെയർ വാല്യൂ കണക്കാക്കിയാൽ നഷ്ടപരിഹാരത്തുക 42 കോടിയാകുമെന്നും ഇത് പ്രത്യേക അക്കൗണ്ടിൽ നിക്ഷേപിക്കാമെന്നുമാണ് സർക്കാർ അറിയിച്ചത്.
ഹൈക്കോടതിവിധിക്ക് പിന്നാലെ മണിക്കൂറുകൾക്കകം രാത്രിയിൽ തന്നെ ജില്ലാ ഭരണകൂടം ഭൂമിയേറ്റെടുത്തു. വെള്ളിയാഴ്ച രാത്രി 10.30ഓടെ ട്രഷറിയിൽ 17.7 കോടി രൂപ അധികമായി കെട്ടിവെച്ചതിന് ശേഷമാണ് നടപടികൾ പൂർത്തിയാക്കി ഭൂമിയേറ്റെടുത്തതായി പ്രഖ്യാപിച്ചത്. ഇതോടെ ശനിയാഴ്ച തന്നെ എൽസ്റ്റണിൽ ടൗൺഷിപ്പിന്റെ നിർമ്മാണപ്രവൃത്തി തുടങ്ങും.
64.47 ഹെക്ടർ ഭൂമിയാണ് ജില്ലാ ദുരന്തനിവാരണ ഉത്തരവ് 2005 സെക്ഷൻ 34 (ജി)പ്രകാരം ഏറ്റെടുത്തത്. നേരത്തെ 26 കോടി രൂപ നൽകിയിരുന്നു. അതുകൂടാതെയാണ് കോടതി ഉത്തരവുപ്രകാരം അധികത്തുക അടച്ചത്. ഗുണഭോക്തൃപ്പട്ടികയിൽ ഉൾപ്പെട്ടതിൽ 290 വീടുകളാണ് ടൗൺഷിപ്പിൽ വീടിനായി സമ്മതപത്രം നൽകിയിരിക്കുന്നത്.
മുണ്ടക്കൈ-ചൂരൽമല ടൗൺഷിപ്പ് ആനുകൂല്യങ്ങളെക്കുറിച്ച് മൗനം
കല്പറ്റ : മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടൽ ദുരന്തബാധിതരുടെ പുനരധിവാസത്തിനുള്ള ടൗൺഷിപ്പ് നിർമാണവുമായി ബന്ധപ്പെട്ട കോടതിനടപടികൾ പുരോഗമിക്കുമ്പോഴും എൽസ്റ്റൺ എസ്റ്റേറ്റിലെ തൊഴിലാളികളുടെ ആശങ്കയൊഴിയുന്നില്ല. എസ്റ്റേറ്റ് സർക്കാർ ഏറ്റെടുക്കുന്നതിനായി തുക കെട്ടിവെക്കുന്നതുൾപ്പെടെയുള്ള കാര്യങ്ങളിൽ കോടതിവിധി വരുമ്പോഴും തങ്ങൾക്ക് എസ്റ്റേറ്റ് ഉടമയിൽനിന്ന് കിട്ടാനുള്ള, കുടിശ്ശികയായിക്കിടക്കുന്ന ആനുകൂല്യങ്ങളെക്കുറിച്ച് വ്യക്തതയില്ലാത്തതാണ് തൊഴിലാളികളെ ആശങ്കയിലാക്കുന്നത്.
തൊഴിലാളിപ്രശ്നങ്ങൾ കോടതിയിൽ ഉന്നയിക്കുമെന്നാണ് മാർച്ച് 25-ന് ട്രേഡ് യൂണിയൻ നേതാക്കൾ അഡീഷണൽ ലേബർ കമ്മിഷണറുമായി നടത്തിയ ചർച്ചയിൽ തീരുമാനിച്ചത്. ആനുകൂല്യങ്ങൾ ലഭ്യമാക്കുന്നതിനുള്ള നടപടികൾ എന്തായെന്നും, ആനുകൂല്യങ്ങൾ എപ്പോൾ കിട്ടുമെന്നുമാണ് തൊഴിലാളികളുടെ ചോദ്യങ്ങൾ. ഒരുപതിറ്റാണ്ടായി നിരന്തരം തൊഴിലാളിപ്രശ്നങ്ങൾ നടക്കുന്ന എസ്റ്റേറ്റാണ് എൽസ്റ്റൺ എസ്റ്റേറ്റ്. തൊഴിൽസമരങ്ങളും ഒത്തുതീർപ്പുചർച്ചകളും മാത്രമാണ് ഇക്കാലയളവിൽ നടന്നത്. തൊഴിൽചെയ്തിട്ടും വേതനംപോലും കിട്ടാതെ തൊഴിലാളികൾ ഇന്നും കഷ്ടപ്പെടുകയാണ്. 2014 മുതലുള്ള പിഎഫ് കുടിശ്ശിക ഏഴുവർഷമായുള്ള മെഡിക്കൽ ആനുകൂല്യങ്ങൾ, രണ്ടുവർഷത്തെ ലീവ് വിത്ത് വേജസ് എന്നിവ കുടിശ്ശികയാണ്. 2014 മുതൽ പ്രോവിഡന്റ് ഫണ്ടിലേക്ക് തൊഴിലാളികളിൽനിന്ന് പിടിച്ച വിഹിതവും മാനേജ്‌മെന്റ് അടയ്ക്കേണ്ട വിഹിതവും അടച്ചില്ല. ഇതുകാരണം സർവീസിൽനിന്ന് വിരമിച്ച തൊഴിലാളികൾക്ക് പെൻഷൻപോലും കിട്ടുന്നില്ല. ടൗൺഷിപ്പ് നിർമാണപ്രവൃത്തി തുടങ്ങുംമുൻപേ തൊഴിലാളികളുടെ മുഴുവൻ കുടിശ്ശികയും നൽകണമെന്നും അല്ലെങ്കിൽ തൊഴിലാളികളെ അണിനിരത്തി വീണ്ടും പ്രക്ഷോഭങ്ങൾ തുടങ്ങുമെന്നും ഐഎൻടിയുസി ജില്ലാപ്രസിഡന്റ് പി.പി. ആലി പറഞ്ഞു.
പുനരധിവാസത്തിനായി ഭൂമിയേറ്റെടുക്കേണ്ടത് അനിവാര്യമാണെന്നും എന്നാൽ, അതിന്റെപേരിൽ എസ്റ്റേറ്റിലെ തൊഴിലാളികളെ അനാഥരാക്കരുതെന്നും ഭൂമിയേറ്റെടുക്കുന്നതോടൊപ്പം തൊഴിലാളികൾക്ക് അർഹമായ ആനുകൂല്യങ്ങൾ ലഭ്യമാക്കാൻ ജില്ലാഭരണകൂടത്തിന് ഉത്തരവാദിത്വമുണ്ടെന്നും അത് പാലിക്കണമെന്നും വയനാട് എസ്റ്റേറ്റ് ലേബർ യൂണിയൻ (സിഐടിയു) ജില്ലാ ജനറൽസെക്രട്ടറി പി. ഗഗാറിൻ പറഞ്ഞു.
Content Highlights: high court order mundakkai chooralmala township
Published: 12 Apr 2025, 06:43 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented