കൊച്ചി: രണ്ടില ചിഹ്നം കേരള കോണ്‍ഗ്രസ് ജോസ് കെ. മാണി വിഭാഗത്തിനു തന്നെ അനുവദിച്ച് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച്. ജോസ് വിഭാഗത്തിന് അനുകൂലമായ തിരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനം സിംഗിള്‍ ബെഞ്ച് നേരത്തെ ശരിവെച്ചിരുന്നു. ഇതിനെതിരെ പി.ജെ. ജോസഫ് വിഭാഗത്തിന്റെ അപ്പീല്‍ തള്ളിക്കൊണ്ടാണ് ഡിവിഷന്‍ ബെഞ്ച് ഉത്തരവിട്ടിരിക്കുന്നത്.

തിരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനത്തില്‍ ഇടപെടാന്‍ സാധിക്കില്ലെന്ന് കോടതി പറഞ്ഞു. കേരള കോണ്‍ഗ്രസ് എം എന്ന പാര്‍ട്ടിയും രണ്ടില ചിഹ്നവും ജോസ് കെ. മാണിക്ക് അവകാശപ്പെട്ടതാണ് എന്ന തിരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനം കോടതി അംഗീകരിച്ചു. പാര്‍ട്ടിക്ക് വലിയ കരുത്ത് നല്‍കുന്നതാണ് കോടതി വിധിയെന്ന് ജോസ് കെ. മാണി പ്രതികരിച്ചു. 

തദ്ദേശ തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പാണ് സിംഗിള്‍ ബെഞ്ച് ജോസ് കെ. മാണിക്ക് അനുകൂലമായി ഉത്തരവിട്ടത്. ഇതിനെ തുടര്‍ന്ന് തദ്ദേശ തിരഞ്ഞെടുപ്പില്‍ ജോസ് കെ. മാണി വിഭാഗം രണ്ടില ചിഹ്നത്തിലാണ് മത്സരിച്ചത്. നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെയാണ് ഇപ്പോള്‍ ജോസ് കെ. മാണിക്ക് അനുകൂലമായ ഡിവിഷന്‍ ബെഞ്ച് വിധിയും ഉണ്ടായിരിക്കുന്നത്.

Content Highlights: High Court division bench allots two leaves to Jose K. Mani faction