
കണ്ണൂർ: തിരുവനന്തപുരം-ലോക്മാന്യതിലക് നേത്രാവതി എക്‌സ്‌പ്രസിൽ (16346) വൻതിരക്കും സംഘർഷവും.
ശനിയാഴ്ച വൈകിട്ടാണ് സംഭവം. ജനറൽ കോച്ചിൽ കയറിപ്പറ്റാനാകാത്ത യാത്രക്കാർ റിസർവേഷൻ കോച്ചിൽ കയറിയതാണ് പ്രശ്‌നത്തിന് കാരണം. റിസർവ് കോച്ചിലെ യാത്രക്കാർ റെയിൽ മദദ് ആപ്പിൽ 25 പരാതികളാണ് അയച്ചത്. വണ്ടി ഷൊർണൂർ എത്തിയപ്പോഴാണ് വൻതിരക്ക് അനുഭവപ്പെട്ടതും റിസർവ് യാത്രക്കാർ ഇത്രയും പരാതി അയച്ചതും. സാധാരണ ടിക്കറ്റെടുത്തവർ റിസർവേഷൻ കോച്ചിൽ കയറുന്നുവെന്നതാണ് പരാതി.
ഇതേ തുടർന്ന് ഇനിമുതൽ ഷൊർണൂരിൽ വണ്ടി പരിശോധിക്കാൻ ആർ.പി.എഫിന് നിർദേശം നൽകി. റിസർവ്ഡ് കോച്ചിൽനിന്ന് മുഴുവൻ ജനറൽ ടിക്കറ്റുകാരെയും പുറത്താക്കാനാണ് നിർദേശം. കോഴിക്കോട് ആർ.പി.എഫും യാത്രക്കാരും തമ്മിൽ ഉരസലുമുണ്ടായി.
അവസാന വണ്ടിയിലെ ഗുസ്തി
നേത്രാവതി എക്‌സ്‌പ്രസാണ് വൈകീട്ട് മംഗളൂരു ഭാഗത്തേക്കുള്ള അവസാന വണ്ടി. വൈകീട്ട് 5.15-ന് കോഴിക്കോട്ടുനിന്ന് പുറപ്പെടും. 6.40-ന് കണ്ണൂരിൽ എത്തും. ഇതുകഴിഞ്ഞാൽ കാസർകോട്ടേക്ക് പോകാൻ പുലർച്ചെ രണ്ടരയ്ക്ക് വരുന്ന ചെന്നൈ-മംഗളൂരു വെസ്റ്റ് കോസ്റ്റ് എക്‌സ്‌പ്രസിനായി എട്ടുമണിക്കൂർ കണ്ണൂർ സ്റ്റേഷനിൽ ഇരിക്കണം. നേത്രാവതി എക്‌സ്‌പ്രസിൽ രണ്ട് ജനറൽ കോച്ചാണുള്ളത്. അതിൽ പകുതി കോച്ച് തപാലിന് വിട്ടുകൊടുത്തു. ബാക്കി ഒന്നര കോച്ചിൽ കയറാൻ ഗുസ്തി അറിയണം. ഭൂരിഭാഗമാളുകളും പുറത്താകും.
കാസർകോട് ഭാഗത്തുനിന്ന് കോഴിക്കോട് ഉൾപ്പെടെ വരുന്ന നിത്യ ജോലിക്കാരുടെ മടക്കയാത്ര അതികഠിനമാണ്. ചുരുങ്ങിയത് രണ്ട് ജനറൽ കോച്ചുകളെങ്കിലും കൂട്ടണമെന്നും കാസർകോടുവരെ പകൽ സ്ലീപ്പർ ടിക്കറ്റ് നൽകണമെന്നും യാത്രക്കാരൻ സുരേഷ്‌കുമാർ കണ്ടങ്കാളി പറഞ്ഞു.
വേണ്ടത് മെമു
ഒന്നിച്ച് കുറെ തീവണ്ടികൾ. പിന്നെ മണിക്കൂറുകളോളം ഒരൊറ്റ വണ്ടിയുമില്ല. കേരളത്തിന്റെ തെക്കും വടക്കും ഒരു പോലെ നേരിടുന്ന പ്രശ്നമാണിത്. ഇതിന് പരിഹാരമായി ആവശ്യപ്പെടുന്നത് കൂടുതൽ മെമു സർവീസാണ്.
ചെറുദൂര യാത്രക്ക് മെമു ഇലക്‌ട്രിക് ട്രെയിനുകളാണ് ഏറ്റവും ഉചിതമെന്ന് മെട്രോമാൻ ഡോ. ഇ. ശ്രീധരൻ അടക്കം പറഞ്ഞിരുന്നു. എന്നാൽ കേരളത്തിൽ ആകെ 12 മെമു തീവണ്ടികൾ മാത്രമാണുള്ളത്. ഷൊർണൂരിൽനിന്ന് കണ്ണൂരേക്ക് ഒന്നു മാത്രം. കണ്ണൂർ-മംഗളൂരു (132 കിലോമീറ്റർ) സെക്ഷനിൽ ഒരു മെമു പോലും ഇല്ല.
Content Highlights: Heavy rush and conflict in Netravati Express
Published: 17 Jun 2024, 07:08 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented