കൊട്ടാരക്കര: ചുരിദാർ ധരിച്ചെത്തിയതിന്റെ പേരിൽ പ്രധാനാധ്യാപികയെ സ്‌കൂളിൽ പ്രവേശിക്കുന്നതു തടഞ്ഞ സംഭവത്തിൽ പ്രതിഷേധങ്ങൾ ഒടുങ്ങുന്നില്ല. പ്രധാനാധ്യാപിക സിന്ധുവിനെ തടഞ്ഞ സ്‌കൂൾ കാവൽക്കാരനെ മാനേജ്‌മെന്റ് പുറത്താക്കി. നെടുവത്തൂർ ഇ.വി.എച്ച്.എസിലെ പ്രഥമാധ്യാപിക സിന്ധുവിനു മുന്നിൽ സ്‌കൂൾ ഗേറ്റടയ്ക്കുകയും പ്രധാനാധ്യാപികയെന്ന പരിഗണന നൽകാതെ അവഹേളിക്കുകയും ചെയ്ത സുരക്ഷാ ജീവനക്കാരൻ ശശാങ്കനെയാണ് സ്‌കൂൾ മാനേജർ കെ. സുരേഷ്‌കുമാർ പുറത്താക്കിയത്.

To advertise here,

ചുരിദാർ ധരിച്ചെത്തുന്നതിന്റെ പേരിൽ ആരെയും തടയാൻ നിർദേശിച്ചിരുന്നില്ലെന്നും കാവൽക്കാരൻ കാട്ടിയ അമിതാവേശം സ്‌കൂളിനെ അപകീർത്തിപ്പെടുത്തുന്നതും വിവാദങ്ങളിലേക്കു വലിച്ചിഴയ്ക്കുന്നതുമാണെന്ന് മാനേജർ പറയുന്നു. അധ്യാപികയെ തടഞ്ഞ സംഭവത്തിൽ സ്‌കൂൾ മാനേജർക്ക് ജില്ലാ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ കാരണംകാണിക്കൽ നോട്ടീസ് നൽകി. ഡി.ഇ.ഒ. നൽകിയ റിപ്പോർട്ടിനെ തുടർന്നാണ് നോട്ടീസ് നൽകിയത്. കെ.ഇ.ആറിനു വിരുദ്ധമായി അക്കാദമിക കാര്യങ്ങളിൽ ഇടപെട്ടതിനും അധ്യാപികയെ തടഞ്ഞ സംഭവത്തിലും മൂന്നുദിവസത്തിനകം വിശദീകരണം ആവശ്യപ്പെട്ടാണ് നോട്ടീസ് നൽകിയതെന്ന് ഡി.ഡി.ഇ. കെ.ഐ. ലാൽ പറഞ്ഞു.

സംഭവത്തിൽ വ്യാഴാഴ്ചയും പ്രതിഷേധങ്ങളുയർന്നു. ഡി.വൈ.എഫ്.ഐ.യുടെ നേതൃത്വത്തിൽ സ്‌കൂളിലേക്ക് മാർച്ച് നടത്തി. സംഭവത്തിൽ അധ്യാപികയുടെ പരാതിയിൽ കേസെടുത്ത കൊട്ടാരക്കര പോലീസ് സുരക്ഷാ ജീവനക്കാരനെ അറസ്റ്റ് ചെയ്ത് ജാമ്യത്തിൽവിട്ടു. പ്രധാനാധ്യാപികയെ തടഞ്ഞതിനും മോശമായി പെരുമാറിയതിനുമാണ് കേസ്.

ഡി.ഇ.ഒ. റിപ്പോർട്ട് നൽകി

ഈശ്വരവിലാസം സ്‌കൂളിൽ പ്രധാനാധ്യാപികയെ തടഞ്ഞ സംഭവത്തിൽ കൊട്ടാരക്കര ജില്ലാ വിദ്യാഭ്യാസ ഓഫീസർ അമൃത ജില്ലാ ഡെപ്യൂട്ടി ഡയറക്ടർക്ക് റിപ്പോർട്ട് നൽകി. സ്‌കൂൾ പ്രഥമാധ്യാപിക സിന്ധു എസ്. നായരുടെ പരാതിയും മൊഴിയും സ്വീകരിച്ചാണ് ഡി.ഇ.ഒ. റിപ്പോർട്ട് നൽകിയത്. സ്‌കൂളിൽ ഉച്ചഭക്ഷണത്തിനുള്ള സാധനങ്ങളുമായെത്തിയ തന്നെ സുരക്ഷാ ജീവനക്കാരൻ തടയുകയായിരുന്നെന്നും ചുരിദാർ ധരിക്കുന്നതിനെതിരേ മുൻപും പ്രശ്‌നങ്ങളുണ്ടായിട്ടുണ്ടെന്നും അധ്യാപിക മൊഴി നൽകിയിട്ടുണ്ട്.

രണ്ടുദിവസംമുൻപും ഇതുസംബന്ധിച്ച് മാനേജർ മുന്നറിയിപ്പ് നൽകിയിരുന്നെന്നും എന്നാൽ അധ്യാപികമാർക്ക് ചുരിദാർ ധരിക്കാമെന്ന് സർക്കാർ ഉത്തരവുള്ളതായി മാനേജരെ ബോധ്യപ്പെടുത്തിയിരുന്നെന്നും മൊഴിയിൽ പറയുന്നു.

വനിതാ കമ്മിഷൻ കേസെടുത്തു

തിരുവനന്തപുരം: ചുരിദാർ ധരിച്ചതിന് പ്രഥമാധ്യാപികയെ സ്‌കൂളിൽ പ്രവേശിപ്പിക്കാത്തതിന് വനിതാ കമ്മിഷൻ സ്വമേധയാ കേസെടുത്തു. കൊട്ടാരക്കര ജില്ലാ വിദ്യാഭ്യാസ ഓഫീസറോട് റിപ്പോർട്ട് സമർപ്പിക്കാൻ കമ്മിഷൻ അധ്യക്ഷ പി.സതീദേവി ആവശ്യപ്പെട്ടു.