കോഴിക്കോട്: എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരെ കേസ് എടുക്കണമെന്ന് ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് നേതാവിന്റെ പരാതി. യൂത്ത് കോൺഗ്രസ് കോഴിക്കോട് ജില്ലാ വൈസ് പ്രസിഡന്റ് എസ് സുനന്ദാണ് ഡിജിപിക്ക് പരാതി നൽകിയത്. മലബാറിലേയും മലപ്പുറത്തേയും മുസ്ലീം മത ന്യൂനപക്ഷങ്ങൾക്കെതിരെ നിരന്തരം വർഗീയ പരാമർശം നടത്തുന്ന വെള്ളാപ്പള്ളി നടേശനെതിരെ കേസ് എടുക്കണമെന്നാണ് പരാതി.

To advertise here,

ചോദ്യം ചോദിച്ച മാധ്യമപ്രവർത്തകനെ തീവ്രവാദി എന്ന് വിളിച്ച് വെള്ളാപ്പള്ളി അധിക്ഷേപിച്ചു. പേര് നോക്കി മതം കണ്ടെത്തി മതന്യൂനപക്ഷങ്ങളെ തീവ്രവാദിയാക്കി ചിത്രീകരിച്ച് പ്രസ്താവന ഇറക്കുന്ന സാമുദായിക നേതാക്കൾ കേരളീയ സമൂഹത്തിൽ വർഗീയമായി ചേരിതിരിവ് ഉണ്ടാക്കി കലാപത്തിന് ആഹ്വാനം ചെയ്യുകയാണ്. സാമുദായിക സ്പർദ്ദ വളർത്തുന്നതാണ് പ്രസ്താവന എന്നും വെള്ളാപ്പള്ളിക്കെതിരെ കേസ് എടുക്കണമെന്നുമാണ് ആവശ്യം.

ഇതിനിടെ വെള്ളാപ്പള്ളിയുടെ പരാമർശത്തിൽ മുഖ്യമന്ത്രിക്കെതിരെ സമസ്ത നേതാവ് രംഗത്തെത്തി. സർക്കാർ മനസ്സുവെച്ചാൽ വെള്ളാപ്പള്ളിയുടെ വിദ്വേഷപ്രചാരണം പെട്ടെന്ന് അവസാനിപ്പിക്കാമെന്ന് എസ്.കെ.എസ്.എസ്.എഫ് നേതാവ് സത്താർ പന്തല്ലൂർ പറഞ്ഞു.

വെള്ളാപ്പള്ളിയുടെ വർഗ്ഗീയ പ്രചാരണത്തെ നിശിതമായി വിമർശിച്ച ഒരു പിണറായി വിജയൻ ഉണ്ടായിരുന്നു.അതേ പിണറായി വിജയൻ ഇന്ന് വെള്ളാപ്പള്ളിയെ ഔദ്യോഗിക കാറിൽ ആനയിക്കുന്നു. ഈ വിഷനാവിനെ മുഖ്യമന്ത്രി തോളിലേറ്റുന്നതെന്തിനെന്നും സത്താർ പന്തല്ലൂർ ചോദിച്ചു.