കൊണ്ടോട്ടി: സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന ഹജ്ജിന് അപേക്ഷിച്ചവരില്‍ തീര്‍ഥാടകരെ തിരഞ്ഞെടുക്കുന്നതിനുള്ള നറുക്കെടുപ്പ് ബുധനാഴ്ച നടക്കും. മുംബൈയിലെ കേന്ദ്ര ഹജ്ജ് കമ്മിറ്റി ഓഫീസില്‍ രാവിലെയാണ് നറുക്കെടുപ്പ്. എല്ലാ സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണപ്രദേശങ്ങളിലെയും നറുക്കെടുപ്പ് ബുധനാഴ്ച നടക്കും.

To advertise here,

രാജ്യത്ത് മൊത്തം 1,94,616 അപേക്ഷകളാണുള്ളത്. ഓരോ സംസ്ഥാനത്തെയും മുസ്ലിം ജനസംഖ്യാനുപാതികമായാണ് ഹജ്ജ് ക്വാട്ട നിശ്ചയിച്ചത്. അപേക്ഷകര്‍ കുറവുള്ള സംസ്ഥാനങ്ങളിലെ സീറ്റുകള്‍ അപേക്ഷകര്‍ അധികമുള്ളയിടങ്ങളിലേക്ക് ക്രമീകരിക്കും. ഇതുപ്രകാരം കേരളത്തിന്റെ സീറ്റുകള്‍ ഗണ്യമായി കൂടാന്‍ സാധ്യതയുണ്ട്.

65 വയസ്സിനു മുകളിലുള്ളവര്‍ക്കാണ് ആദ്യപരിഗണന. മെഹ്റമില്ലാത്ത വനിതകള്‍, കഴിഞ്ഞ വര്‍ഷം അപേക്ഷിച്ച് അവസരം ലഭിക്കാത്തവര്‍ എന്നിവര്‍ക്കും നറുക്കെടുപ്പില്ലാതെ അവസരം ലഭിക്കും. 65 വയസ്സിനു മുകളിലുള്ളവരായി 4972 പേരും മെഹ്റമില്ലാത്ത വനിതകളുടെ വിഭാഗത്തില്‍ 3623 പേരുമുണ്ട്. ഇവരെ പരിഗണിച്ചശേഷമാകും കഴിഞ്ഞ വര്‍ഷത്തെ കാത്തിരിപ്പുപട്ടികയിലുള്ളവരെ പരിഗണിക്കുക. ഈ വിഭാഗത്തില്‍ 918 പേരാണുള്ളത്. പൊതുവിഭാഗത്തില്‍ 17610 അപേക്ഷകരാണുള്ളത്. സംസ്ഥാനത്താകെ 27,123 അപേക്ഷകളാണുള്ളത്. ഇതില്‍ 11,037 പുരുഷന്മാരും 16,086 സ്ത്രീകളുമാണ്.

ഇത്തവണ 20 ദിവസത്തെ (ഹ്രസ്വഹജ്ജ്) പാക്കേജിന് 2914 പേര്‍ കേരളത്തില്‍നിന്ന് അപേക്ഷ നല്‍കിയിട്ടുണ്ട്. ഇന്ത്യയില്‍ 18,659 പേരാണ് കുറഞ്ഞ ദിവസത്തെ പാക്കേജിന് അപേക്ഷ നല്‍കിയത്. നറുക്കെടുപ്പിലൂടെയാകും ഇവര്‍ക്ക് അവസരം നല്‍കുന്നത്. ഹജ്ജിന് തിരഞ്ഞെടുക്കപ്പെടുന്നവര്‍ ആദ്യഗഡുവായി 1,52,300 രൂപ ഓഗസ്റ്റ് 20-നകം അടയ്ക്കണം.

പണമടച്ച രശീതി, മെഡിക്കല്‍ ക്ഷമതാ സര്‍ട്ടിഫിക്കറ്റ് തുടങ്ങിയവയും അനുബന്ധരേഖകളും കേന്ദ്ര ഹജ്ജ് കമ്മിറ്റി നിര്‍ദേശിക്കുന്ന സമയത്തിനകം സംസ്ഥാന ഹജ്ജ് കമ്മിറ്റിക്ക് നല്‍കണം. നിശ്ചിതസമയത്തിനകം പണമടയ്ക്കാത്തവരുടെ തിരഞ്ഞെടുപ്പ് റദ്ദാകും. പകരം കാത്തിരിപ്പുപട്ടികയിലുള്ളവര്‍ക്ക് മുന്‍ഗണനാക്രമത്തില്‍ അവസരം നല്‍കും.തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് സഹായങ്ങള്‍ക്കായി സംസ്ഥാന ഹജ്ജ് കമ്മിറ്റിയുടെ ഹജ്ജ് ട്രെയിനര്‍മാരുടെ സേവനം 14 ജില്ലകളിലും ലഭ്യമാണ്. ഫോണ്‍: 0483- 2710717, 2717572, 8281211786.