ഗുരുവായൂർ: പുലർച്ചേ നാലുമണി സമയം. നേരം വെളുക്കുംമുമ്പേ കണ്ണന്റെ കതിർമണ്ഡപങ്ങൾ ഉയർന്നു. മംഗളവാദ്യവും താലികെട്ടും തുടങ്ങി. ആ നേരം അഞ്ചു മണ്ഡപങ്ങളിലും ഒരേസമയം താലികെട്ട് നടക്കുകയായിരുന്നു. പുലർച്ചേ നാലിന് എട്ടു കല്യാണങ്ങളാണ് നടന്നത്. ഗുരുവായൂരിൽ ഇത് രണ്ടാമത് തവണയാണ് വെളുപ്പിന് നാലിന് കല്യാണങ്ങൾ നടക്കുന്നത്. ഇതിനു മുൻപ് 2024 സപ്തംബർ എട്ടിന് 334 വിവാഹങ്ങൾ നടന്നപ്പോഴായിരുന്നു അത്.
ഞായറാഴ്ച മൊത്തം 265 വിവാഹങ്ങൾ നടന്നു. 269 എണ്ണം ശീട്ടാക്കിയിരുന്നു. എണ്ണം കൂടുതലുള്ളതിനാൽ അഞ്ച് മണ്ഡപങ്ങൾ സജ്ജീകരിച്ചു. രാവിലെ നാലിനും അഞ്ചിനുമിടയിൽ 22 കല്യാണങ്ങൾ നടന്നു. പത്തരയാകുമ്പോഴേയ്ക്കും 250 എണ്ണം പൂർത്തിയായി. പിന്നീട് കുറച്ചു കല്യാണങ്ങളേയുള്ളൂവെന്നതുകൊണ്ട് മൂന്നു മണ്ഡപങ്ങളാക്കി ചുരുക്കി.
ഇത്രയേറെ കല്യാണങ്ങളുണ്ടായിട്ടും വധൂവരൻമാർക്കും ബന്ധുക്കൾക്കും ഉന്തുംതള്ളുമില്ലാതെ മണ്ഡപങ്ങളിൽ കയറാനായി എന്നത് പ്രത്യേകതയായി. അതിനായി ദേവസ്വം മികച്ച ക്രമീകരണങ്ങളാണ് ഒരുക്കിയത്. മേൽപ്പുത്തൂർ ഓഡിറ്റോറിയത്തിനു തെക്കുഭാഗത്തുള്ള നടപ്പന്തലിൽ രേഖകൾ പരിശോധിച്ചശേഷം വധൂവരൻമാരേയും കൂടെ 24 പേരേയും ഓഡിറ്റോറിയത്തിനുള്ളിലൂടെ കല്യാണ മണ്ഡപങ്ങളിലേയ്ക്കു വിട്ടു.
ഇവർക്കൊപ്പമുണ്ടായിരുന്ന മറ്റു ബന്ധുക്കളെ നടപ്പുരയിലെ കിഴക്കേ ഗേറ്റിനു പുറത്തുനിർത്തി കല്യാണങ്ങൾ കാണാനുള്ള സൗകര്യമൊരുക്കി. അതാണ് മണ്ഡപങ്ങൾക്കു സമീപം തിരക്ക് പ്രകടമാകാതിരുന്നത്. നിയന്ത്രിക്കാൻ സുബ്രഹ്‌മണ്യത്തിന്റെ നേതൃത്വത്തിൽ 25 സെക്യൂരിറ്റി ഉദ്യോഗസ്ഥർ. താലിക്കെട്ട് നിർവ്വഹിക്കാൻ ഗിരീഷ് അയ്യരുടെ നേതൃത്വത്തിൽ അഞ്ചു കോയ്മമാരും. കിഴക്കേ കണ്ടിയൂർപട്ടത്ത് ശ്യാം നമ്പീശന്റെ നേതൃത്വത്തിലുള്ള കഴകക്കാരും സഹായികളും 550 തുളസിമാലകളാണ് വധൂവരൻമാർക്കായി തയ്യാറാക്കി കൊണ്ടുവന്നത്. ദേവസ്വം അഡ്മിനിസ്ട്രേറ്റർ ഒ.ബി. അരുൺകുമാർ,ഭരണസമിതിയംഗം സി.മനോജ്,ദേവസ്വം ഹെൽത്ത് സൂപ്പർവൈസർ എം.എൻ. രാജീവ് തുടങ്ങിയവർ മേൽനോട്ടത്തിനുണ്ടായിരുന്നു.
Content Highlights: Unique Early Morning Weddings at Guruvayur: A Seamless Celebration
Published: 25 Jan 2026, 02:57 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented