തൃശ്ശൂർ: ഗുരുവായൂർ ദേവസ്വം ബോർഡിലെ 38 തസ്തികകളിലേക്ക് ദേവസ്വം റിക്രൂട്ട്‌മെന്റ് ബോർഡ് ഒരു വർഷം മുൻപ് നടത്തിയ പരീക്ഷയുടെ റാങ്ക് ലിസ്റ്റ് ഇതുവരെ പ്രസിദ്ധീകരിക്കാത്തത് ഉദ്യോഗാർഥികളെ കടുത്ത പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. പരീക്ഷ കഴിഞ്ഞ് ഒരു വർഷം പിന്നിട്ടിട്ടും ലിസ്റ്റ് പുറത്തുവിടാൻ അധികൃതർ തയ്യാറാകാത്തത് നിലവിലുള്ള കരാർ ജീവനക്കാരെയും താൽക്കാലിക ജീവനക്കാരെയും അതേ തസ്തികകളിൽ തുടരാൻ സഹായിക്കുന്നതിന് വേണ്ടിയാണെന്ന് ഉദ്യോഗാർഥികൾ ആരോപിക്കുന്നു.

To advertise here,

താൽക്കാലിക ജീവനക്കാർ സുപ്രീം കോടതിയെ സമീപിച്ചതോടെ ഈ നിയമന വിഷയം നിലവിൽ കോടതിയുടെ പരിഗണനയിലാണ്. മുൻപ് ഈ കേസിൽ ഉദ്യോഗാർഥികൾക്കൊപ്പം നിന്ന് സുപ്രീം കോടതിയിൽ സർക്കാർ കക്ഷി ചേർന്നിരുന്നു. ഇപ്പോൾ ആ അപേക്ഷ പുതിയ സർക്കാർ പിൻവലിച്ചതായും കേസിൽ നിന്ന് പിന്മാറിയതായും ഉദ്യോഗാർഥികൾ പരാതിപ്പെടുന്നു.

സർക്കാരിന്റെ പ്രഖ്യാപിത നിലപാടുകൾക്ക് വിരുദ്ധമായ നീക്കങ്ങളാണ് ഇപ്പോൾ നടക്കുന്നതെന്നാണ് ഉദ്യോഗാർഥികളുടെ പ്രധാന ആക്ഷേപം. താൽക്കാലിക നിയമനങ്ങൾ റദ്ദാക്കി പി.എസ്.സി വഴിയോ റിക്രൂട്ട്‌മെന്റ് ബോർഡ് വഴിയോ വ്യവസ്ഥാപിതമായ രീതിയിൽ മാത്രമേ നിയമനം നടത്തുകയുള്ളൂ എന്ന് സർക്കാർ നൽകിയ ഉറപ്പ് ലംഘിക്കപ്പെട്ടിരിക്കുകയാണെന്നും വി.ഡി സതീശൻ സർക്കാരിൽ വലിയ പ്രതീക്ഷ വെച്ചുപുലർത്തിയിരുന്ന തങ്ങൾക്ക് ഈ നടപടി വൻ തിരിച്ചടിയാണ്‌ സൃഷ്ടിച്ചിരിക്കുന്നതെന്നും ഉദ്യോഗാർഥികൾ പറയുന്നു. അടിയന്തരമായി ഈ വിഷയത്തിൽ സർക്കാർ ഇടപെട്ട് പരിഹാരം കാണണമെന്നാണ് ഉദ്യോഗാർഥികളുടെ ആവശ്യം.