ഗുരുവായൂർ: കോവിഡ് കാലത്ത് നിർത്തിയ തൃശ്ശൂർ -ഗുരുവായൂർ പാസഞ്ചർ വെള്ളിയാഴ്ച ഓടിത്തുടങ്ങും. രാവിലെ തിരുവനന്തപുരത്ത് അഞ്ച് ട്രെയിനുകളുടെ ഉദ്ഘാടനം പ്രധാനമന്ത്രി നരേന്ദ്ര മോദി നിർവഹിക്കുന്നതിൽ പാസഞ്ചറുമുണ്ട്.

To advertise here,

ഉദ്ഘാടനച്ചടങ്ങ് കഴിഞ്ഞാൽ 10.45-ന് തൃശ്ശൂരിൽ കേന്ദ്ര റെയിൽവേ സഹമന്ത്രി വി. സോമണ്ണ പച്ചക്കൊടി വീശി പാസഞ്ചറിനെ ഗുരുവായൂരിലേക്ക് യാത്രയാക്കും.

10.50-ന് പൂങ്കുന്നം സ്റ്റേഷനിൽ വരവേൽപ്പിനുശേഷം 11.20-ന് ഗുരുവായൂരിലെത്തും. ഉദ്ഘാടന ദിവസത്തെ മാത്രം യാത്രയാണിത്.

രണ്ട് സർവീസാണ് ട്രെയിനിനുള്ളത്. ദിവസവും വൈകീട്ട് 6.10-നാണ് ഗുരുവായൂരിൽനിന്ന് തൃശ്ശൂരിലേക്ക് യാത്ര പുറപ്പെടുക. രാത്രി 8.10-ന് തൃശ്ശൂരിൽനിന്ന് മടക്കയാത്ര ആരംഭിക്കും. നേരത്തേ 5.10-നാണ് ഗുരുവായൂരിൽനിന്ന് പുറപ്പെട്ടിരുന്നത്. രാത്രി 7.10-ന് മടക്കവും.

 

ഒരു മണിക്കൂർ വൈകി സമയം പുനഃക്രമീകരിച്ചത് പുനഃപരിശോധിക്കണമെന്ന ആവശ്യം ഉയരുന്നുണ്ട്.

5.10 എന്നത് ഗുരുവായൂരിൽനിന്നുള്ള സർക്കാർ ജോലിക്കാരുൾപ്പെടെയുള്ളവർക്ക് വളരെ സൗകര്യമായിരുന്നുവെന്നാണ് പറയുന്നത്. 6.10 ആയപ്പോൾ ഒരു മണിക്കൂർ കാത്തിരിക്കണം. അതേസമയം ഗുരുവായൂരിന്റെ സമീപ പ്രദേശത്ത് ജോലി ചെയ്യുന്നവർക്കെല്ലാം പുതിയ സമയം സൗകര്യമാണെന്ന് പറയുന്നു.

 

തൃശ്ശൂരിൽനിന്ന് മടങ്ങുന്ന സമയം രാത്രി 8.10 എന്നത് കുറച്ചുകൂടി നേരത്തേ ആക്കാമായിരുന്നുവെന്ന അഭിപ്രായവും ഉണ്ട്.

സമയം പുനഃക്രമീകരിച്ചത് തങ്ങളുടെ ആവശ്യപ്രകാരമല്ലെന്നും റെയിൽവേ ബോർഡിന്റെ തീരുമാനമാണെന്നും ഗുരുവായൂർ റെയിൽവേ അധികൃതർ പറഞ്ഞു.

ഗുരുവായൂരിൽനിന്ന് തൃശ്ശൂരിലേക്ക് പാസഞ്ചറിൽ യാത്രാക്കൂലി 10 രൂപയേ ഉള്ളൂ. ബസിലാണെങ്കിൽ 35 രൂപ നൽകണം. ഒന്നേകാൽ മണിക്കൂറും വേണം. റോഡിൽ തിരക്കാണെങ്കിൽ കൂടുതൽ സമയമെടുക്കും.

പുലർച്ചെ ഗുരുവായൂരിലെത്തി രാത്രി 11.15-ന് പോകുന്ന തിരുവനന്തപുരം എഗ്‍മോർ എക്സ്പ്രസാണ് പാസഞ്ചറായി ഓടിക്കുന്നത്. പകൽ വെറുതെ കിടക്കുന്ന തീവണ്ടിയുടെ എസി കോച്ചുകൾ അടച്ചിട്ടാണ് ഓടിക്കുക.