കൊച്ചി: ഓണ്‍ലൈന്‍ സ്ഥലംമാറ്റം നടപ്പാക്കണമെന്ന ട്രിബ്യൂണല്‍ വിധി നിലനില്‍ക്കേ ജിഎസ്ടി വകുപ്പില്‍ സ്വന്തമായി ട്രാന്‍സ്ഫര്‍ പോളിസി നടപ്പാക്കാന്‍ പോകുന്നത് വിവാദമാകുന്നു. വകുപ്പിലെ സ്ഥലംമാറ്റങ്ങള്‍ ഒരു പവര്‍ ഗ്രൂപ്പ് നിയന്ത്രിക്കുന്നുവെന്ന ആക്ഷേപം നില നില്‍ക്കുമ്പോഴാണ്, സര്‍ക്കാരിന്റെ പൊതുനയമായ ഓണ്‍ലൈന്‍ സ്ഥലംമാറ്റം അട്ടിമറിച്ച് സ്വന്തം നയം നടപ്പാക്കാന്‍ ജിഎസ്ടി വകുപ്പ് ഒരുങ്ങുന്നത്. ഇതിനായി നയത്തിന്റെ കരട് രേഖ ചര്‍ച്ചയ്ക്കായി യൂണിയനുകള്‍ക്ക് കൈമാറി.
ഇതിനുപിന്നില്‍ വകുപ്പ് കൈപ്പിടിയില്‍ ഒതുക്കാനുള്ള സിപിഎം യൂണിയനുകളുടെ നീക്കമാണെന്ന് ആക്ഷേപമുണ്ട്. രേഖ മുഖ്യമന്ത്രിയുടെ കീഴിലുള്ള പൊതുഭരണ വകുപ്പ് അംഗീകരിക്കുന്നതോടെ ജിഎസ്ടി വകുപ്പിനു മാത്രമായി ഒരു പ്രത്യേക സ്ഥലംമാറ്റ നയം നടപ്പില്‍വരും. ഇത് ജീവനക്കാരുടെ താത്പര്യങ്ങളെ ബലികൊടുക്കുന്നതാവുമെന്നു കാട്ടി സിപിഐ യൂണിയന്‍ തന്നെ പ്രതിഷേധവുമായി രംഗത്തുണ്ട്.
ജിഎസ്ടി വകുപ്പില്‍ സ്ഥലംമാറ്റത്തില്‍ സിപിഎം യൂണിയനുകളുടെ ഇടപെടല്‍മൂലം ജീവനക്കാര്‍ ദുരിതത്തിലായതിനെത്തുടര്‍ന്ന് സിപിഐ യൂണിയനായ ജിഎസ്ടി എംപ്ലോയീസ് കൗണ്‍സില്‍, ട്രിബ്യൂണലിനെ സമീപിക്കുകയായിരുന്നു.
മറ്റു വകുപ്പുകളെപ്പോലെ ജിഎസ്ടി വകുപ്പിലും ഓണ്‍ലൈന്‍ സ്ഥലംമാറ്റം നടപ്പാക്കണമെന്ന് ട്രിബ്യൂണല്‍ കഴിഞ്ഞ ഒക്ടോബറില്‍ ഉത്തരവിട്ടു. മാര്‍ച്ച് 31-നകം ഓണ്‍ലൈന്‍ സ്ഥലംമാറ്റം നടപ്പാക്കണമെന്നായിരുന്നു ഉത്തരവ്. എന്നാല്‍, വകുപ്പ് ഇതുവരെ അതിനുള്ള അപേക്ഷ സ്വീകരിച്ചിട്ടില്ല. പകരം സ്വന്തമായ ഒരു ട്രാന്‍സ്ഫര്‍ പോളിസി കൊണ്ടുവരാനാണ് ശ്രമം.
പുതിയ നയപ്രകാരം ജീവനക്കാരെ സെന്‍സിറ്റീവ്, നോണ്‍ സെന്‍സിറ്റീവ് എന്ന് രണ്ടായി തിരിച്ച് സെന്‍സിറ്റീവ് വിഭാഗത്തിന് പ്രത്യേക പരിഗണന നല്‍കുന്നുവെന്നാണ് ആക്ഷേപം.
എല്‍ഡി ക്ലാര്‍ക്ക് എന്‍ട്രി പോസ്റ്റായി വരുന്ന ഈ വിഭാഗത്തെ തിരഞ്ഞെടുക്കുന്നതിനായി കമ്മിഷണര്‍ നിയമിക്കുന്ന മൂന്നംഗ പ്ലേസ്മെന്റ് കമ്മിറ്റി ശുപാര്‍ശ ചെയ്യണം. ഇത് ജിഎസ്ടി വകുപ്പില്‍ കാര്യങ്ങള്‍ കൂടുതല്‍ വഷളാക്കുമെന്നാണ് മറ്റു യൂണിയനുകള്‍ പറയുന്നത്. സിപിഎം യൂണിയനുകളുടെ ഇടപെടല്‍ കൂടുതല്‍ ശക്തമാകുമെന്നും അവര്‍ ചൂണ്ടിക്കാട്ടുന്നു.
സെന്‍സിറ്റീവ് വിഭാഗത്തിന് പുതിയ നയപ്രകാരം സ്ഥലംമാറ്റത്തില്‍ പ്രത്യേക പരിഗണന ലഭിക്കും. ഇന്റലിജന്‍സ്, എന്‍ഫോഴ്സ്മെന്റ് വിഭാഗങ്ങളാണ് സെന്‍സിറ്റീവില്‍ ഉള്‍പ്പെടുന്നത്. അവര്‍ക്ക് അഞ്ചുവര്‍ഷം വരെ പരിഗണനകള്‍ കിട്ടും.
എന്നാല്‍, നോണ്‍ സെന്‍സിറ്റീവ് വിഭാഗത്തില്‍ പൊതുഭരണവകുപ്പിന്റെ മാര്‍ഗനിര്‍ദേശങ്ങള്‍ നടപ്പാക്കും. അപ്പോഴും ഏതെങ്കിലും വിധത്തിലുള്ള പ്രതിസന്ധികള്‍ രൂപപ്പെട്ടാല്‍, വകുപ്പിന്റെ സ്ഥലംമാറ്റ നയത്തിനായിരിക്കും മുന്‍ഗണന നല്‍കുക. എന്‍ജിഒ അസോസിയേഷനും തീരുമാനത്തിനെതിരേ രംഗത്തുണ്ട്.
Content Highlights: Kerala`s GST department faces criticism for overriding online transfers, favoring a new policy alleg
Published: 14 Mar 2025, 09:16 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented