തിരുവനന്തപുരം: സർക്കാർ മാറിയിട്ടും കോടതികളിലെ അഡീഷണൽ പബ്ലിക് പ്രോസിക്യൂട്ടർമാരെയും ഗവൺമെന്റ് പ്ലീഡർമാരെയും മാറ്റാനാകാത്തത് സർക്കാരിനു തിരിച്ചടിയാകുന്നു. തിരഞ്ഞെടുപ്പിനു മുന്നോടിയായി ജില്ല മാറ്റിയ പോലീസ് ഉദ്യോഗസ്ഥരുടെ സ്ഥലംമാറ്റവും നടപ്പാക്കിയിട്ടില്ല.

To advertise here,

പ്രതിപക്ഷനേതാവ് പിണറായി വിജയന്റെ വീട് റെയ്ഡ് ചെയ്ത ഇ.ഡി. ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിലെ സി.പി.എം. പ്രവർത്തകനായ പ്രതിക്കു ജാമ്യംലഭിച്ചത് പ്രോസിക്യൂട്ടർ അനുകൂലിച്ചത് കൊണ്ടാണെന്നാണ് വിധിയിൽ പറയുന്നത്. അന്വേഷണസംഘം ജാമ്യത്തെ എതിർത്തിരുന്നു. കഴിഞ്ഞ സർക്കാർ നിയോഗിച്ച അഡീഷണൽ പബ്ലിക് പ്രോസിക്യൂട്ടറാണ് പ്രോസിക്യൂഷനായി ഹാജരായത്.

ഇതേ കേസിൽ പ്രതികളെ അറസ്റ്റ് ചെയ്തപ്പോഴും അറസ്റ്റ് നടപടികളുടെ സാങ്കേതികത്വം ചൂണ്ടിക്കാട്ടി പ്രതിഭാഗം ജാമ്യംനൽകണമെന്നു വാദിച്ചിരുന്നു. അന്വേഷണസംഘത്തിലെ ചില ഉദ്യോഗസ്ഥർ മനപ്പൂർവം അറസ്റ്റ് നടപടികളിൽ അലംഭാവം കാട്ടിയതാണെന്ന ആരോപണവും ഉയർന്നിരുന്നു.

ആലപ്പുഴയിലെ രക്ഷാപ്രവർത്തനം എന്ന പേരിൽ യൂത്ത്‌ കോൺഗ്രസ് പ്രവർത്തകരെ തല്ലിച്ചതച്ച പ്രതികളുടെ ജാമ്യം പരിഗണിച്ചപ്പോഴും പ്രോസിക്യൂട്ടറുടെ ഭാഗത്തുനിന്ന് വേണ്ട ഇടപെടൽ ഉണ്ടായില്ലെന്നും ആരോപണമുണ്ട്.

ജില്ലാ പ്ലീഡറെയും അഡീഷണൽ പബ്ലിക് പ്രോസിക്യൂട്ടർമാരെയും ഒാരോ സർക്കാർ വരുമ്പോഴും മാറ്റി നിയമിക്കുകയാണ് പതിവ്. സർക്കാർ താത്‌പര്യങ്ങൾ സംരക്ഷിക്കുന്ന രാഷ്ട്രീയനിയമനങ്ങളാണ് ഇവ. സാധാരണ സർക്കാർ അധികാരമേറ്റ് ഒരു മാസത്തിനുള്ളിൽ പ്രോസിക്യൂട്ടർ നിയമനങ്ങൾ നടക്കാറുള്ളതാണ്.

ഈ നിയമനങ്ങൾ യു.ഡി.എഫിൽ ആലോചിച്ചാണു നടപ്പാക്കേണ്ടത്. ജില്ലാ പ്ലീഡർ തസ്തികകൾ അടക്കം ഘടകകക്ഷികൾക്കും നൽകും. എന്നാൽ ബജറ്റിെന്റയും പുതിയ പദ്ധതികൾ നടപ്പാക്കുന്നതിെന്റയും തിരക്കിൽ ഇക്കാര്യങ്ങളിൽ വിശദമായ ചർച്ചകൾ നടന്നില്ലെന്നാണു സൂചന.

മടങ്ങാനാകാതെ തിരഞ്ഞെടുപ്പിൽ മാറ്റിയ പോലീസുകാരും

നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ജില്ല മാറ്റി നിയോഗിച്ച ഡിവൈ.എസ്.പി., സി.ഐ. തലത്തിലുള്ള ഉദ്യോഗസ്ഥർക്കും തിരികെ മാറ്റം നൽകിയിട്ടില്ല. സാധാരണ തിരഞ്ഞെടുപ്പ് കഴിഞ്ഞയുടൻ ഇവരെ തിരിച്ചയക്കുന്നതാണ്. താത്‌കാലികമായി സ്ഥലംമാറി വന്നതിനാൽ ഇവർ ക്രമസമാധാനപാലനം ഒഴിച്ചുള്ള അന്വേഷണവിഷയങ്ങളിൽ കാര്യമായി ഇടപെടുന്നുമില്ല.

ഇന്റലിജൻസിലെയും സ്പെഷ്യൽ ബ്രാഞ്ചിലെയും തന്ത്രപ്രധാന തസ്തികകളിലടക്കം കഴിഞ്ഞ സർക്കാർ നിയോഗിച്ച ഉദ്യോഗസ്ഥരാണു തുടരുന്നത്. സാധാരണ സർക്കാരുകൾ ചുമതലയേറ്റെടുത്താൽ ആദ്യം മാറ്റങ്ങൾ വരുത്തുന്നത് രഹസ്യാന്വേഷണ വിഭാഗത്തിലാണ്. ഇപ്പോഴും ഇടതു സർക്കാരിന്റെ വേണ്ടപ്പെട്ടവരാണ് ഈ വിഭാഗത്തിൽ തുടരുന്നത്.