കൊച്ചി: പാലാരിവട്ടം പാലം അഴിമതി കേസില്‍ ടി.ഒ. സൂരജിനെതിരേ സര്‍ക്കാരിന്റെ സത്യവാങ്മൂലം. ആര്‍ഡിഎസ് കമ്പനിക്ക് മൊബിലൈസേഷന്‍ അഡ്വാന്‍സ് നല്‍കിയ ശേഷം സൂരജിന്റെ മകന്‍ 17 സെന്റ് ഭൂമി വാങ്ങി. യഥാര്‍ഥ വിലയായ 3.30 കോടി മുടക്കി ഇടപ്പള്ളിയില്‍ വാങ്ങിയ ഭൂമിയുടെ രേഖകളില്‍ കാണിച്ചത് 1.04 കോടി രൂപ മാത്രമാണെന്നും സത്യവാങ്മൂലത്തില്‍ പറയുന്നു.

To advertise here,

പാലാരിവട്ടം അഴിമതി കേസില്‍ വിജിലന്‍സ് അന്വേഷണം നിയമവിരുദ്ധമാണെന്നും എഫ്‌ഐആര്‍ റദ്ദാക്കണമെന്നും ആവശ്യപ്പെട്ട് ടി.ഒ. സൂരജ് നല്‍കിയ ഹര്‍ജിയിലാണ് സര്‍ക്കാര്‍ എതിര്‍ സത്യവാങ്മൂലം സമര്‍പ്പിച്ചത്. ആര്‍ഡിഎസ് കമ്പനിക്ക് ചട്ടവിരുദ്ധമായി 8.25 കോടി രൂപ മൊബിലൈസേഷന്‍ അഡ്വാന്‍സ് നല്‍കിയതിനു പിന്നാലെയാണ് സൂരജിന്റെ മകന്‍ ഇടപ്പള്ളിയില്‍ ഭൂമി വാങ്ങിയത്. 2014ല്‍ സൂരജ് ദുരൂഹമായ നിരവധി സാമ്പത്തിക ഇടപാടുകള്‍ നടത്തിയെന്നും സര്‍ക്കാര്‍ ചൂണ്ടിക്കാട്ടുന്നു.

പ്രിന്‍സിപ്പല്‍ സെക്രട്ടറി എന്ന നിലയില്‍ നിയമപരമായി അഞ്ച് കോടിയിലധികം രൂപ അഡ്വാന്‍സ് അനുവദിക്കാന്‍ സൂരജിന് കഴിയില്ല. ധനകാര്യവകുപ്പിന്റെ അനുമതിയില്ലാതെയാണ് കമ്പനിക്ക് പണം കൈമാറിയത്. മേല്‍പാലം നിര്‍മാണത്തിന് കരാര്‍ കമ്പനി 14.75 ശതമാനം പലിശയ്ക്ക് ബാങ്ക് വായ്പ എടുത്തപ്പോഴാണ് സൂരജ് ഏഴ് ശതമാനം പലിശയ്ക്ക് കമ്പനിക്ക് മൊബിലൈസേഷന്‍ 
അഡ്വാന്‍സ് നല്‍കിയതെന്നും സത്യവാങ്മൂലത്തില്‍ പറയുന്നു. 

മേല്‍പാലം അഴിമതിയില്‍ സൂരജിന് വ്യക്തമായ പങ്കാളിത്തം ഉണ്ട്. ഇതിന് തെളിവ് ലഭിച്ചിട്ടുണ്ടെന്നും വിജിലന്‍സ് ഡിവൈഎസ്പി സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ വ്യക്തമാക്കുന്നു.

Content Highlights: Government affidavit against T.O. Sooraj on palarivattom case