
കോഴിക്കോട്: സിനിമ നിര്‍മാതാവും വ്യവസായിയുമായ ഗോകുലം ഗോപാലന്റെ കോഴിക്കോട്ടെ കോര്‍പ്പറേറ്റ് ഓഫീസില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റി(ഇഡി)ന്റെ പരിശോധന അവസാനിച്ചു. മൂന്നരമണിക്കൂറോളം നീണ്ടുനിന്ന റെയ്ഡിന് ശേഷം ഇഡി ഉദ്യോഗസ്ഥര്‍ ഓഫീസില്‍നിന്ന് മടങ്ങി. പരിശോധനയുടെ ഭാഗമായി ഓഫീസിലുണ്ടായിരുന്ന ഗോകുലം ഗോപാലനെയും ഇഡി ഉദ്യോഗസ്ഥര്‍ ചോദ്യംചെയ്തതായാണ് സൂചന.
വെള്ളിയാഴ്ച രാവിലെ ഗോകുലം ഗ്രൂപ്പിന്റെ ചെന്നൈയിലെ ഓഫീസിലാണ് ഇഡി സംഘം ആദ്യംറെയ്ഡിനെത്തിയത്. ഇതിനുപിന്നാലെ കോഴിക്കോട്ടെ കോര്‍പ്പറേറ്റ് ഓഫീസിലും ഗോകുലം ഗ്രാന്‍ഡ് ഹോട്ടലിലും പരിശോധന ആരംഭിച്ചു. ഇഡിയുടെ കൊച്ചി യൂണിറ്റില്‍നിന്നുള്ള ഉദ്യോഗസ്ഥരാണ് കോഴിക്കോട്ട് റെയ്ഡിനെത്തിയത്. ഇഡി സംഘം എത്തുമ്പോള്‍ ഗോകുലം ഗോപാലന് ഡയറക്ടര്‍മാരുടെ യോഗത്തില്‍ പങ്കെടുക്കുകയായിരുന്നു. തുടര്‍ന്ന് യോഗം തീരാന്‍ ഉദ്യോഗസ്ഥര്‍ കാത്തിരിക്കുകയും ഇതിനുശേഷം പരിശോധന ആരംഭിക്കുകയുമായിരുന്നു.
വൈകീട്ട് മൂന്നുമണിയോടെയാണ് കോഴിക്കോട് ഓഫീസിലെ റെയ്ഡ് അവസാനിച്ചത്. ശേഷം ഉദ്യോഗസ്ഥര്‍ ഇവിടെനിന്ന് മടങ്ങി. കൊച്ചിയില്‍നിന്നെത്തിയ ഇഡി സംഘം അവിടേക്ക് തന്നെയാണ് മടങ്ങുന്നതെന്നാണ് വിവരം. അതേസമയം, ചെന്നൈയിലെ ഓഫീസില്‍ ആരംഭിച്ച റെയ്ഡ് ഉച്ചയ്ക്ക് ശേഷവും തുടരുകയാണ്.
വിദേശനാണയ വിനിമയച്ചട്ട ലംഘന(ഫെമ)വുമായി ബന്ധപ്പെട്ട് നേരത്തേയുണ്ടായിരുന്ന കേസുകളുടെ തുടര്‍നടപടികളുടെ ഭാഗമായാണ് വെള്ളിയാഴ്ച ഇഡി പരിശോധന നടത്തിയതെന്നാണ് വിവരം. എന്നാല്‍, ഇതുസംബന്ധിച്ച് കൂടുതല്‍ വിശദാംശങ്ങള്‍ ഇഡി പുറത്തുവിട്ടിട്ടില്ല. എമ്പുരാന് സിനിമയുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ തുടരുന്നതിനിടെയാണ് ഈ സിനിമയുടെ നിര്‍മാതാക്കളിലൊരാളായ ഗോകുലം ഗോപാലന്റെ ഓഫീസുകളില്‍ ഇഡി പരിശോധന നടന്നത്.
Content Highlights: Enforcement Directorate (ED) conducted raids at Gokulam Gopalan`s offices in Kozhikode and Chennai
Published: 04 Apr 2025, 04:00 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented