താനൂർ: മലപ്പുറം താനൂരില്‍ കാണാതായ പെണ്‍കുട്ടികളെ സി.ഡബ്ല്യു.സി കെയര്‍ ഹോമിലേക്ക് മാറ്റി. വിശദമായ കൗണ്‍സിലിങ്ങിന് ശേഷമായിരിക്കും വീട്ടുകാര്‍ക്ക് വിട്ടുനല്‍കുക. ഇന്നലെ ഉച്ചയോടെ നാട്ടിലെത്തിച്ച കുട്ടികളുടെ മൊഴി പോലീസും cwc-യും രേഖപ്പെടുത്തിയിരുന്നു.

To advertise here,

താനൂർ എസ്.ഐ. സുജിത്തിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം ശനിയാഴ്ച ഉച്ചയ്ക്ക് പന്ത്രണ്ടോടെ ഗരീബ്‌രഥ് എക്സ്‌പ്രസ്‌ ട്രെയിനിലാണ് പെൺകുട്ടികളുമായി തിരൂരിലെത്തിയത്. തിരൂർ ജില്ലാ ആശുപത്രിയിൽ വൈദ്യപരിശോധനയ്ക്കുശേഷം വൈകീട്ട് തവനൂർ ചൈൽഡ് വെൽഫെയർ കമ്മിറ്റി മുൻപാകെ ഹാജരാക്കി.

കുട്ടികളെ ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട് കോഴിക്കോട്ടുനിന്ന് ട്രെയിനിൽ പൻവേലിൽ എത്തിച്ച എടവണ്ണ സ്വദേശിയായ ആലുങ്ങൽ അക്ബർ റഹീമിനെ (26) ശനിയാഴ്ച രാവിലെ തിരൂർ റെയിൽവേ സ്റ്റേഷനിൽനിന്ന് താനൂർ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു.

കുട്ടികളെ തിരിച്ചറിയാനുള്ള വിവരങ്ങള്‍ പങ്കുവെക്കരുത്-പോലീസ്‌

കാണാതായ സംഭവവുമായി ബന്ധപ്പെട്ട് കുട്ടികളുടെ ഫോട്ടോ, വീഡിയോദൃശ്യങ്ങൾ, തിരിച്ചറിയുന്ന വിധത്തിലുള്ള മറ്റു വിവരങ്ങൾ എന്നിവയും കുട്ടികൾക്ക് മാനസികപ്രയാസമുണ്ടാക്കുന്ന വിധത്തിലുള്ള പരാമർശങ്ങളും സാമൂഹികമാധ്യമങ്ങളിലൂടെയും അല്ലാതെയും പ്രചരിപ്പിക്കുന്നത് ജുവനൈൽ ജസ്റ്റിസ് ആക്ട് പ്രകാരം കുറ്റകരമാണെന്ന് താനൂർ ഡിവൈ.എസ്.പി. പി. പ്രമോദ് അറിയിച്ചു.