കൊല്ലങ്കോട്: ''അവളിനി എങ്ങനെ തലമുടി കെട്ടും, എങ്ങനെ പേന പിടിച്ചെഴുതും...'' ഓമനിച്ച് വളര്‍ത്തിയ കുഞ്ഞുമകളുടെ വലതുകൈ മുറിച്ചുമാറ്റിയതിന്റെ ദുഃഖത്തില്‍ വിതുമ്പുകയാണ് ഒഴിവുപാറയിലെ ഒറ്റമുറിക്കൂരയില്‍ മുത്തച്ഛന്‍ വാസു. കൂലിപ്പണിക്കാരനായ മുത്തച്ഛന്‍ വാസുവിനും മുത്തശ്ശി ഓമനയ്ക്കുമൊപ്പമാണ് കുഞ്ഞുനാള്‍ മുതല്‍ വിനോദിനി താമസിക്കുന്നത്. കൊഴിഞ്ഞാമ്പാറയ്ക്കടുത്ത് ചോരപ്പാറയിലെ വാടകവീട്ടിലാണ് വിനോദിനിയുടെ അച്ഛന്‍ വിനോദും അമ്മ പ്രസീദയും താഴെയുള്ള രണ്ട് കുട്ടികള്‍ക്കൊപ്പം താമസിക്കുന്നത്. മൂന്നുപേരെയും നോക്കാനുള്ള പ്രയാസം കണക്കിലടുത്താണ് വിനോദിനിയെ മുത്തച്ഛന്റെ വീട്ടിലാക്കിയത്. ഒഴിവുപാറ എല്‍പി സ്‌കൂളിലാണ് വിനോദിനിയുടെ പഠനം.
കൊഴിഞ്ഞാമ്പാറയില്‍ വീടിനടുത്തുള്ള ഒരു ഉത്സവത്തിനായാണ് വിനോദിനി അച്ഛനമ്മമാരുടെ അടുത്തേക്ക് പോയത്. അവിടെ അനുജന്മാര്‍ക്കൊപ്പം കളിക്കുന്നതിനിടെയാണ് വീണ് കൈയൊടിഞ്ഞത്. ജില്ലാ ആശുപത്രിയില്‍ വേണ്ടത്ര ശ്രദ്ധയും ചികിത്സയും കിട്ടിയിരുന്നുവെങ്കില്‍ അവള്‍ക്ക് ഒരു കൈ നഷ്ടപ്പെടില്ലായിരുന്നുവെന്ന് വാസു പറയുന്നു. അന്വേഷണറിപ്പോര്‍ട്ടിന്റെ മറവില്‍ കുറ്റക്കാരെ രക്ഷിക്കാനാണ് ഭാവമെങ്കില്‍ അത് കുടുംബം സഹിക്കില്ലെന്നും വാസു പറയുന്നു.
കടുത്ത സാമ്പത്തികപരാധീനതകള്‍ക്കു നടുവിലാണ് വാസുവും കുടുംബവും ഉള്ളത്. ഇഴജന്തുക്കളുടെ ശല്യവും ചോര്‍ച്ചയും ഇല്ലാത്ത ഒരു ചെറിയ വീടെന്നത് ഇന്നും ഈ കുടുംബത്തിന്റെ സ്വപ്നമാണ്. പത്തുവര്‍ഷംമുന്‍പ് നാല് സെന്റ് സ്ഥലത്ത് ചെറിയൊരു വീടിനായി തറ കെട്ടിയിട്ടെങ്കിലും ഇതുവരെ പണിയാന്‍ കഴിഞ്ഞിട്ടില്ലെന്ന് വാസു പറയുന്നു. വല്ലപ്പോഴും തനിക്ക് കിട്ടുന്ന കൂലിപ്പണി മാത്രമാണ് ഏകവരുമാനം. വര്‍ഷങ്ങള്‍ക്കുമുന്‍പ് വീട്ടുമുറ്റത്ത് വീണ് ഭാര്യ ഓമനയുടെ തോളെല്ല് തകരാറിലായിരുന്നു. അതിനുശേഷം ഓമനയ്ക്ക് പണിക്കൊന്നും പോകാന്‍ കഴിയുന്നില്ല. മഴ പെയ്യുമ്പോള്‍ കുട്ടിയുടെ പുസ്തകസഞ്ചിവരെ നനഞ്ഞ ദിവസങ്ങളുണ്ട്. വിനോദിനിയുടെ തുടര്‍ചികിത്സ, പഠനം, ഭാവി എന്നിവയെക്കുറിച്ചെല്ലാമുള്ള ആശങ്കയിലാണ് കുടുംബം.
Content Highlights: A grandfather`s heartbreaking questions about his granddaughter`s future after her hand was amputated due to alleged medical negligence. Family faces hardship, dreams of a safe home.
Published: 06 Oct 2025, 10:47 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented